ചെങ്ങന്നൂര്‍- ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വെട്ടിക്കാട്ട് ചന്ദ്രശേഖരന് എന്ന ആന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം അവശനായി വീണ ആനയ്ക്ക് ചികിത്സ നല്‍കിയെങ്കിലും എഴുന്നേല്പ്പിക്കാനായിരുന്നില്ല.
പ്രായാധിക്യം മൂലമുള്ള അവശതയാണ് ആനയ്ക്കുണ്ടായിരുന്നതെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. എന്നാല്‍, ആരോഗ്യ പ്രശ്നങ്ങളുള്ള ചന്ദ്രശേഖരനെ വിശ്രമം നല്‍കാതെ ഉത്സവത്തിന് കൊണ്ടു വരികയായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ കൊല്ലം മൈനാഗപ്പള്ളി വെട്ടിക്കാട്ട് മഹാദേവര്‍ ക്ഷേത്രത്തിലെ ആനയാണു ചന്ദ്രശേഖരന്. ദേവസ്വം ബോര്‍ഡിന്റെ കണക്കുപ്രകാരം 57 വയസാണു പ്രായം. 1988ലാണ് ആനയെ മൈനാഗപ്പള്ളിയിലെ നാട്ടുകാര്‍ വെട്ടിക്കാട്ട് ക്ഷേത്രത്തില്‍ നടക്കിരുത്തിയത്.
ചന്ദ്രശേഖരനെയും ഓമല്ലൂര്‍ ക്ഷേത്രത്തിലെ മണികണ്ഠന് എന്ന കൊമ്പനെയുമാണു ദേവസ്വം ബോര്‍ഡ് ചെങ്ങന്നൂര്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനു നിയോഗിച്ചിരുന്നത്.