ന്യൂദല്‍ഹി- 2008ലെ മുംബൈ ഭീകരാക്രണത്തിന്റെ മുഖ്യാസൂത്രകന്‍ ഹാഫിസ് സയീദിനെ കൈമാറണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ട് ഇന്ത്യ. ഇതു സംബന്ധിച്ച അപേക്ഷ സമര്‍പ്പിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് അരിന്ദം ബഗ്ചി അറിയിച്ചു.
തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിച്ച കേസില്‍ ജയില്‍വാസം അനുഭവിക്കുകയാണ് ഹാഫിസ് സയീദ്. പാകിസ്ഥാന്‍ തീവ്രവാദ വിരുദ്ധ വകുപ്പാണ് ഹാഫിസിനെതിരെ കേസ് ഫയല്‍ ചെയ്തത്. ഇതിനും മുമ്പും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വിവിധ ശിക്ഷാ കാലയളവില്‍ അകത്തും പുറത്തുമായി ചെലവഴിച്ച ഹാഫിസ് പാകിസ്ഥാനില്‍ സ്വതന്ത്രനായി സഞ്ചരിക്കുകയും ഇന്ത്യാ വിരുദ്ധ പ്രകേപനപരവുമായ പരാമര്‍ശങ്ങളും നടത്തിക്കൊണ്ടിരുന്നു.
ഹാഫിസ് സയീദിന്റെ മകനും ലഷ്‌കറെ ത്വയ്ബ നേതാവുമായ ഹാഫിസ് തല്‍ഹ സയീദ് പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഇന്ത്യ അപേക്ഷ നല്‍കിയത്. ഹാഫിസ് സെയ്ദ് കഴിഞ്ഞാല്‍ ലഷ്‌കറെ ത്വയ്ബയിലെ രണ്ടാമന്‍ മകനായ തല്‍ഹയാണ്. കഴിഞ്ഞ വര്‍ഷം ഇയാളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യു. എ. പി. എ ചുമത്തി തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.