Sorry, you need to enable JavaScript to visit this website.

അയോധ്യയിലെ പ്രാണ പ്രതിഷ്ഠ രാഷ്ട്രീയവത്കരിക്കുന്നത് അപലപനീയം-ബി.ജെ.പി

കണ്ണൂർ-അയോധ്യയിലെ പ്രാണ പ്രതിഷ്ഠയെ രാഷ്ട്രീയവൽക്കരിക്കാനുളള കോൺഗ്രസ് ശ്രമം അപലപനീയമാണെന്നും ഇത് സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടണ്ടാക്കുമെന്നും ബി.ജെ.പി ദേശീയ നിർവ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കേണ്ടണ്ടതില്ലെന്ന് കോൺഗ്രസിന്റെ കേരള നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിരിക്കുകയാണ്. ഇതിലൂടെ അത്യന്തം ആപൽക്കരമായ നീക്കമാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം നടത്തുന്നത്. പ്രാണപ്രതിഷ്ഠയിൽ കോൺഗ്രസിന് വിശ്വാസമില്ലെങ്കിൽ, വിയോജിപ്പുണ്ടെങ്കിൽ അതിൽ പങ്കെടുക്കാതിരിക്കാം, വിയോജിക്കാം. അതിൽ തെറ്റില്ല. എന്നാൽ കോൺഗ്രസ് ശ്രീരാമ ചന്ദ്രനേയും പ്രാണപ്രതിഷ്ഠയേയും വർഗീയവൽക്കരിക്കാൻ ശ്രമിക്കുന്നത് സമസ്തയുടെ സമ്മർദ്ദത്തിന് വഴങ്ങിയും ജമാഅത്തെ ഇസ്്‌ലാമി, പോപ്പുലർ ഫ്രണ്ട്, മുസ്്‌ലിം ലീഗ് എന്നീ സംഘടനകളുടെ മുന്നിൽ മുട്ടുമടക്കിയിട്ടുമാണെങ്കിൽ അക്കാര്യം തുറന്നു പറയാൻ തയ്യാറാവണം. തങ്ങൾ ഇത്തരം സംഘടനകളോടൊപ്പമാണെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കണം. ശ്രീരാമനോടും പ്രാണപ്രതിഷ്ഠയ്ക്കും എതിരാണെന്ന് പറയണം. അല്ലാതെ ബി.ജെ.പിയുടേയും സംഘപരിവാർ സംഘടനകളുടേയും നരേന്ദ്രമോഡിയുടേയും തലയിൽ കെട്ടിവെക്കുന്നത് അപലപനീയമാണ്. കൃഷ്ണദാസ് പറഞ്ഞു.
സമസ്തയുടെ നിലപാടാണോ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാടെന്ന് വ്യക്തമാക്കണം. കേരളത്തിലെ കോൺഗ്രസും സി.പി.എമ്മും നേരത്തെ തന്നെ അയോധ്യയിൽ ശ്രീരാമ സ്മാരകമല്ല ബാബറി സ്മാരകമാണ് പണിയേണ്ടതെന്ന് സംയുക്തമായി നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ദേശീയ നേതൃത്വം നയം വ്യക്തമാക്കണം. സംഘടനകളുടെ സമ്മർദ്ദത്തിന് കോൺഗ്രസ് ദേശീയ നേതൃത്വം വഴങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. അങ്ങനെയാണെങ്കിൽ സോമനാഥ ക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് മന്ത്രിമാരടക്കം നേതൃത്വം നൽകിയത് തെറ്റാണെന്ന് പറയണം. മാത്രമല്ല മഹാത്മാ ഗാന്ധിയുടെ സ്വപ്‌നമായിരുന്ന രാമരാജസങ്കൽപ്പം തെറ്റാണെന്നു പറയാനും  ഗാന്ധിജിയെ തളളിപ്പറയാനും തയ്യാറാവണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. 
സി.പി.എം ജിഹാദി സംഘങ്ങളോടൊപ്പമാണ് എല്ലാം കാലത്തും നിലകൊണ്ടത്. അതിനാൽതന്നെ 2024ലെ തെരഞ്ഞെടുപ്പിൽ ഒരു പ്രത്യേക വിഭാഗത്തിന്റെ വോട്ട്ബാങ്ക് ലക്ഷ്യമിട്ടാണ് സി.പി.എം നിലപാടെടുത്തിരിക്കുന്നത്. സി.പി.എം എന്നും ദേശവിരുദ്ധരോടൊപ്പമാണ്. എന്നാൽ കോൺഗ്രസിന് ഇതേ നിലപാടാണോയെന്ന് വ്യക്തമാക്കണം. ക്ഷേത്രത്തിലെ ആചാര വിശ്വാസങ്ങളിൽ വിലക്കേർപ്പെടുത്താൻ സമസ്തയ്‌ക്കെന്തധികാരമാണുളളത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ഷേത്രം നിർമ്മിച്ചത്. എല്ലാവരുടേയും ആഗ്രഹത്തിന്റെ ഫലമാണ് ക്ഷേത്രം. വോട്ടുബാങ്ക് മാത്രം ലക്ഷ്യവെച്ചാണ് ഇടതും വലതും നിലപാടെടുത്തിരിക്കുന്നത്. നിലപാട് മഹാഭൂരിപക്ഷത്തിന്റെ വികാരത്തിനെതിരാണെന്ന് ഇരുവരും മനസ്സിലാക്കണം. ഇത് കേരളത്തിൽ നിലനിൽക്കുന്ന സാമുദായിക സമരസതയ്ക്കും സാമുദായിക സൗഹൃദത്തിനും വലിയ വിഘാതം സൃഷ്ടിക്കും. ഇത്തരം നിലപാടിൽ നിന്ന് സംഘടനകൾ പിന്മാറണമെന്നാണ് ബിജെപിയ്ക്ക് പറയാനുളളതെന്നും അദ്ദേഹം പറഞ്ഞു.  


 

Latest News