ക്രിസ്മസ്- പുതുവൽസര സീസണിൽ നെല്ലിയാമ്പതിക്ക് ഉണ്ടായ കിതപ്പ് പ്രതികരിക്കാനറിയാത്ത ഒരു കൂട്ടം മനുഷ്യരുടെ പരാജയമായും കാണാം. സംസ്ഥാനത്ത് മറ്റേതെങ്കിലും വിനോദസഞ്ചാര കേന്ദ്രത്തിനാണ് ഈ വിധി ഉണ്ടായിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. മലയാളിയോ തമിഴനോ എന്ന് സ്വയം പറയാനറിയാത്ത ഒരു കൂട്ടം സാധു മനുഷ്യരാണ് നെല്ലിയാമ്പതിയിൽ അവശേഷിക്കുന്നതിലധികവും. അവർക്കു വേണ്ടി സംസാരിക്കാൻ ആർക്കാണ് സമയം?
ഈ വിനോദ സഞ്ചാര സീസൺ നെല്ലിയാമ്പതിക്ക് കണ്ണീരിന്റേതായിരുന്നു. കഷ്ടമാണ് കാര്യം. ഏറെക്കുറെ പൂർണമായും വിനോദ സഞ്ചാരികളെ ആശ്രയിച്ച് മുന്നോട്ടു പോകുന്ന ഒരു നാടിന് ഒരു ക്രിസ്മസ് - പുതുവൽസര സീസൺ നഷ്ടപ്പെടുക. സംസ്ഥാനത്തെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ഈ കാലത്താണ്. ഈ സീസണിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടാണ് പല കുടുംബങ്ങളും വരാനിരിക്കുന്ന വറുതിയുടെ നാളുകൾ തള്ളിനീക്കുന്നത്. അത്തരമൊരു സീസണാണ് നെല്ലിയാമ്പതിയിലെ ജനങ്ങൾക്ക് ഈ വർഷം നഷ്ടപ്പെട്ടത്. പ്രതിക്കൂട്ടിൽ ഭരണകൂടമാണ്. കാരണം ലളിതം. നെല്ലിയാമ്പതിയിലേക്ക് എത്തുന്ന വാഹനങ്ങൾ പോത്തുണ്ടി ഡാമിനു മുന്നിലൂടെ ചുരം കയറി വേണം മുകളിലെത്താൻ. ആ റോഡ് തകർന്നു കിടക്കുകയാണ്. ഇക്കഴിഞ്ഞ നവംബർ 22 ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് നെല്ലിയാമ്പതിയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക റോഡ് തകർന്നത്. ചുരം റോഡിൽ ഇരുമ്പു പാലത്തിനും പതിനാലാം മൈലിനുമിടയിൽ വലിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായി.
സംരക്ഷണ ഭിത്തി തകർന്ന് റോഡിന്റെ ഒരു ഭാഗം ഒലിച്ചു പോവുകയായിരുന്നു. അടിവശം പൊള്ളയായ റോഡിലൂടെ വാഹന ഗതാഗതം തുടരുന്നത് അപകടകരമായതിനാൽ അത് നിരോധിക്കുകയെന്ന സ്വാഭാവിക നടപടി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായി. രണ്ട് ആഴ്ചക്കകം അറ്റകുറ്റപ്പണി നടത്തി റോഡ് പഴയ പടിയിലാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഒന്നും നടന്നില്ല. ആർക്കോ വേണ്ടി എന്ന മട്ടിൽ പുനർനിർമാണ പ്രവർത്തനം നടക്കുന്നുണ്ട്. ചെറുവാഹനങ്ങളെ ഇടിഞ്ഞ റോഡിന്റെ ഒരു വശത്തു കൂടി ഒറ്റവരിയായി കടത്തി വിടുന്നുണ്ട്. വലിയ വാഹനങ്ങൾക്ക് പ്രവേശനമില്ല. നെല്ലിയാമ്പതിയിലെ സാധാരണക്കാരുടെ ഏക ആശ്രയമായ കെ.എസ്.ആർ.ടി.സി ബസ് ഒരു വശത്ത് ആളെ ഇറക്കിയാണ് ഒരു തരത്തിൽ മറുവശത്തേക്ക് കടക്കുന്നത്. ക്രിസ്മസ്- പുതുവൽസര സീസണിനു മുമ്പ് ചുരം റോഡിന്റെ പുനർനിർമാണം പൂർത്തിയാവുമെന്ന് പൊതുമരാമത്ത് മന്ത്രിയുൾപ്പെടെയുള്ളവർ നെല്ലിയാമ്പതിക്കാർക്ക് ഉറപ്പ് നൽകിയിരുന്നതാണ്. സ്ഥലം എം.എൽ.എ ആയ ഭരണകക്ഷി നേതാവ് പല തവണ സ്ഥലം സന്ദർശിച്ച് അറ്റകുറ്റപ്പണിയുടെ പുരോഗതി വിലയിരുത്തുകയും ചെയ്തു. ഒന്നും നടന്നില്ലെന്ന് മാത്രം.
തോട്ടങ്ങളുടെ പ്രതാപകാലത്ത് നെല്ലിയാമ്പതിയിലേക്ക് സന്ദർശകർ വന്നാലും ഇല്ലെങ്കിലും നാട്ടുകാർക്ക് ഒരു ചുക്കുമില്ലായിരുന്നു. ഇന്ന് അതല്ല അവസ്ഥ. ആയിരക്കണക്കിന് തൊഴിലാളികളുണ്ടായിരുന്ന തോട്ടങ്ങൾ ഓരോന്നായി അടച്ചുപൂട്ടി. പല തോട്ടങ്ങളും പാട്ടക്കാരിൽ നിന്ന് സർക്കാർ തിരിച്ചുപിടിച്ചു. നാമമാത്ര തൊഴിലാളികളും കൃഷിയുമായി മറ്റു പലതും മുന്നോട്ടു പോകുന്നു. തൊഴിലില്ലാതെ പല കുടുംബങ്ങളും കൂലിപ്പണിക്കും മറ്റുമായി ചുരമിറങ്ങി. നല്ല കാലം വരുമെന്ന പ്രതീക്ഷയിൽ പലരും അവിടെത്തന്നെ പിടിച്ചു നിൽക്കുന്നു. വിനോദ സഞ്ചാര രംഗത്തെ വികസനം തന്നെയാണ് എല്ലാവരുടേയും പ്രതീക്ഷ. അതിന് ചിറക് പകരുന്ന രീതിയിലുള്ള ചില നീക്കങ്ങൾ അടുത്ത കാലത്ത് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.
പാട്ടക്കാലാവധി കഴിഞ്ഞ് സർക്കാർ ഏറ്റെടുത്ത എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് വിനോദസഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്ന സർക്കാർ പ്രഖ്യാപനം പ്രദേശവാസികൾക്ക് നൽകിയ പ്രതീക്ഷ ചെറുതല്ല. തൂത്തമ്പാറ, ബിയാട്രീസ്, റോസറി, മീരഫ്‌ളോർ, പകുതിപ്പാലം, പോത്തുമല എസ്റ്റേറ്റുകളിൽ സഞ്ചാരികൾക്ക് താമസ സൗകര്യം ഒരുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു. താമസ സൗകര്യത്തിന്റെ അഭാവമാണ് നെല്ലിയാമ്പതിയിലെ വിനോദ സഞ്ചാരമേഖല നേരിടുന്ന പ്രധാന വെല്ലുവിളി. താമസിക്കാൻ സൗകര്യമുണ്ടെങ്കിലേ ഹൈറേഞ്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ കുത്തൊഴുക്ക് ഉണ്ടാവൂ. നെല്ലിയാമ്പതിയിൽ സ്വകാര്യ ഭൂമി നന്നേ കുറവാണ്. പാട്ടത്തിനെടുത്ത തോട്ടങ്ങളിൽ ടൂറിസം ചട്ടവിരുദ്ധമാണ്. ഏറ്റെടുത്ത തോട്ടങ്ങളിൽ സർക്കാർ തന്നെ വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കിയാൽ താമസ പ്രശ്‌നം പരിഹരിക്കപ്പെടും. വിനോദ സഞ്ചാര രംഗത്ത് വലിയ കുതിച്ചുചാട്ടത്തിനാണ് അത് വഴിയൊരുക്കുക. പറമ്പിക്കുളം കടുവ സംരക്ഷണ ഫണ്ടിൽ നിന്ന് രണ്ടു കോടി രൂപ ചെലവഴിച്ച് നെല്ലിയാമ്പതിയിൽ വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനുള്ള രൂപരേഖ വനംവകുപ്പ് നേരത്തേ സർക്കാരിന് സമർപ്പിച്ചിരുന്നു. അതിന് അംഗീകാരം ലഭിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിലാണ് നെല്ലിയാമ്പതിയിലെ തോട്ടങ്ങളിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാരം എന്ന ആശയം കടന്നു വരുന്നത്. പകുതിപ്പാലം എസ്റ്റേറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയകരമാണ് എന്നാണ് വിലയിരുത്തൽ.
എന്നാൽ ആറു തോട്ടങ്ങളിൽ വിപുലമായ ഒരുക്കങ്ങളോടെ പദ്ധതി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് ചുവടു വെച്ച് ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
അടച്ചുപൂട്ടിയ തോട്ടങ്ങളിലെ തൊഴിലാളികളിൽ കുറച്ചു പേരെങ്കിലും നെല്ലിയാമ്പതിയിൽ തന്നെ കടിച്ചു തൂങ്ങിക്കിടക്കുന്നത് എന്നെങ്കിലും നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ്. അല്ലെങ്കിൽ അവർക്ക് മറ്റൊരിടത്ത് പോകാനുള്ള ധൈര്യമില്ലാത്തതിനാലാണ്. ഒരു കാലത്ത് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ ഇരുപത്തയ്യായിരത്തിന് മുകളിലായിരുന്നു. അറുന്നൂറോളം ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ ഗ്രാമപഞ്ചായത്ത് സംസ്ഥാനത്തെ വലിയ പഞ്ചായത്തുകളിലൊന്നാണ്. ഔദ്യോഗിക കണക്കനുസരിച്ച് ഇപ്പോൾ പതിനായിരത്തിൽ താഴെ ആളുകളേ പഞ്ചായത്തിൽ താമസിക്കുന്നുള്ളൂ. അത് അയ്യായിരത്തിലും കുറവാണെന്നാണ് ഈ മേഖലയിൽ ഉള്ള പൊതുപ്രവർത്തകർ പറയുന്നത്. അങ്ങനെ ജനസംഖ്യ അനുദിനം കുറയുന്ന അപൂർവം പ്രദേശങ്ങളുടെ പട്ടികയിൽ നെല്ലിയാമ്പതി ഇടംപിടിക്കുന്നു. തോട്ടങ്ങൾ അടച്ചു പൂട്ടിയതോടെ പട്ടിണിയിലായ തൊഴിലാളി കുടുംബങ്ങൾ ചുരമിറങ്ങി എങ്ങോട്ടാണ് പോയത് എന്നതിന്റെ കണക്കുകളൊന്നും ഒരു സർക്കാർ വകുപ്പിന്റേയും പക്കലില്ല. മുഖമില്ലാതെ ആൾക്കൂട്ടത്തിൽ അലിഞ്ഞ് ഇല്ലാതായി എന്ന് സാഹിത്യ ഭാഷയിൽ പറയാം. മികച്ച തൊഴിൽ സംസ്‌കാരത്തിന്റെ പേരിൽ അഭിമാനിക്കുന്ന കേരളം എന്ന സംസ്ഥാനത്തിന് ഇതെല്ലാം എത്ര കണ്ട് ഭൂഷണമാണ് എന്നത് അധികാരികൾ വിലയിരുത്തട്ടെ.
ക്രിസ്മസ് - പുതുവൽസര സീസണിൽ നെല്ലിയാമ്പതിക്ക് ഉണ്ടായ കിതപ്പ് പ്രതികരിക്കാനറിയാത്ത ഒരു കൂട്ടം മനുഷ്യരുടെ പരാജയമായും കാണാം. സംസ്ഥാനത്ത് മറ്റേതെങ്കിലും വിനോദ സഞ്ചാര കേന്ദ്രത്തിനാണ് ഈ വിധി ഉണ്ടായിരുന്നതെങ്കിൽ എന്താകുമായിരുന്നു അവസ്ഥ. മലയാളിയോ തമിഴനോ എന്ന് സ്വയം പറയാനറിയാത്ത ഒരു കൂട്ടം സാധു മനുഷ്യരാണ് നെല്ലിയാമ്പതിയിൽ അവശേഷിക്കുന്നതിലധികവും. അവർക്കു വേണ്ടി സംസാരിക്കാൻ ആർക്കാണ് സമയം? ഭരണപക്ഷത്തിന്റെ പരാജയമായി പ്രശ്‌നത്തെ കാണണമെങ്കിൽ പ്രതിപക്ഷത്തിന്റെ ബഹളം കേൾക്കണം. ചുരം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെയോ ബി.ജെ.പിയുടെയോ ഒരു നേതാവും തെരുവിലിറങ്ങിയത് കണ്ടില്ല. നെല്ലിയാമ്പതിയിലെ മഞ്ഞും തണുപ്പും പ്രതീക്ഷിച്ച് പോത്തുണ്ടി ഡാമിനു മുന്നിലെത്തുന്ന വിനോദ സഞ്ചാര സംഘങ്ങൾ അവിടെ യാത്ര അവസാനിപ്പിച്ച് മടങ്ങുന്നു. ആർക്കും പരാതിയില്ല.