Sorry, you need to enable JavaScript to visit this website.

ഉൾഫ ആയുധം താഴെവെക്കുന്നു; സംഘടന പിരിച്ചുവിടും, സമാധാന കരാറിൽ കേന്ദ്രവുമായി ഒപ്പിട്ടു

ന്യൂദൽഹി- അസമിൽ പ്രവർത്തിക്കുന്ന സായുധ വിഘടനവാദ സംഘടനയായ യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) ആയുധം താഴെ വെക്കുന്നു. കേന്ദ്രവും അസം സർക്കാരും ഉൾഫയുമായി ത്രികക്ഷി സമാധാനകരാറിൽ ഒപ്പിട്ടു. 12 വർഷത്തിലേറെയായി അരബിന്ദ രാജ്‌ഖോവയുടെ നേതൃത്വത്തിലുള്ള സംഘവുമായി കേന്ദ്രസർക്കാർ നിരുപാധിക ചർച്ചകൾ നടത്തിവരികയായിരുന്നു. അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (സ്വതന്ത്ര) വിഭാഗം ചർച്ചകളോട് പുറംതിരിഞ്ഞു നിൽക്കുകയാണ്. സമാധാന പ്രക്രിയയുടെ വിജയം ഉറപ്പാക്കാൻ കേന്ദ്രത്തിലുള്ള അവരുടെ വിശ്വാസം മാനിക്കപ്പെടുമെന്ന് ഉൾഫ നേതൃത്വത്തിന് ഉറപ്പ് നൽകുകയാണെന്നും അമിത് ഷാ പറഞ്ഞു. വടക്കുകിഴക്കൻ മേഖലയിൽ സമാധാനവും സുസ്ഥിരതയും കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ശ്രമങ്ങൾക്കുള്ള വിജയമാണിതെന്ന് കരാർ ഒപ്പിടൽ ചടങ്ങിൽ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

പാവങ്ങളെ സഹായിക്കുന്ന ഒരു ഗ്രൂപ്പായി തുടങ്ങിയ ശേഷം ഉൾഫയുടെ പ്രവർത്തനം ഇന്ത്യൻ സർക്കാരുകൾക്കെതിരായ സായുധ പോരാട്ടത്തിലേക്ക് വഴിമാറുകയായിരുന്നു. 1979 ഏപ്രിൽ 7 ന് അസമിലെ ശിവസാഗറിൽ സ്ഥാപിതമായ ഉൾഫ, തദ്ദേശീയരായ അസമീസ് ജനതയ്ക്ക് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. പരേഷ് ബറുവ, അരബിന്ദ രാജ്‌ഖോവ, അനുപ് ചേതിയ തുടങ്ങിയ വ്യക്തികളുടെ നേതൃത്വത്തിൽ 1980കളുടെ അവസാനത്തിൽ സംഘം സായുധ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രമുഖ തേയിലത്തോട്ടക്കാരനും സ്വരാജ് പോളിന്റെ സഹോദരനുമായ സുരേന്ദ്ര പോളിനെ കൊലപ്പെടുത്തിയതും പിന്നീട് തേയിലത്തോട്ട ഉടമകൾക്ക് നേരെയുള്ള ഭീഷണിയും ചൂഷണവുമാണ് ഉൾഫയെ നിരോധിത ഭീകരസംഘടനയായി മുദ്രകുത്താൻ കാരണമായത്.
 

Latest News