തിരുവനന്തപുരം - ഭരണഘടനാ തലവനും ഭരണത്തലവനും തമ്മിലുള്ള പോരിന്റെ മറ്റൊരു മുഖമായി രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടു മന്ത്രിമാരുടെ രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങ്.
രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി ഗണേഷ്കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ നേരത്തെയുള്ള പോരിന്റെ തുടർച്ചയെന്നോണം മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പരസ്പരം മിണ്ടിയില്ല. ഒന്ന് മുഖത്തോട് മുഖം നോക്കാൻ പോലും ഇരുവരും തയ്യാറായതുമില്ല. ഇരുവരുടെയും കട്ടക്കലിപ്പ് കണ്ടുനിന്നവരിലെല്ലാം ആകാംക്ഷയുണർത്തി.
ആറ് മിനിട്ട് നീണ്ട ചടങ്ങിനുശേഷം ഗവർണർ മുഖ്യമന്ത്രിക്ക് മുഖം കൊടുക്കാതെ ആദ്യം വേദി വിട്ടെങ്കിൽ ചായ സൽക്കാരത്തിനു നിൽക്കാതെ മുഖ്യമന്ത്രിയും മടങ്ങുകയായിരുന്നു. മുഖ്യമന്ത്രിക്കു പിന്നാലെ മന്ത്രി എ.കെ ശശീന്ദ്രനും പുതുതായി സത്യപ്രതിജ്ഞ ചെയ്ത രണ്ടുമന്ത്രിമാരും ഒഴികെയുള്ള എല്ലാ മന്ത്രിമാരും ചായസൽക്കാരം ബഹിഷ്കരിക്കുകയായിരുന്നു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരു മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തെങ്കിലും മുഖ്യമന്ത്രിയും ഗവർണറും പരസ്പരം മിണ്ടാതെയും ഹസ്തദാനം നടത്താതെയും കുശലാന്വേഷണം നടത്താതെയുമുള്ള ഇത്തരമൊരു ചടങ്ങ് രാജ്ഭവനിൽ ചരിത്രത്തിലാദ്യമാണ്.