ന്യൂഡൽഹി - ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തു. ലാലൻ സിങ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് ചേർന്ന ദേശീയ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഐക്യകണ്‌ഠേനയുള്ള തീരുമാനം.
അധ്യക്ഷനെ ചൊല്ലി പാർട്ടിയിൽ ഭിന്നതയുണ്ടെന്ന റിപോർട്ടുകളെ യോഗശേഷം ലാലൻ സിങ് നിഷേധിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്റെ മണ്ഡലമായ മുൻഗറിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തനിക്ക് കൂടുതൽ സമയം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ സ്ഥാനം രാജിവെച്ചതെന്ന് ലാലൻ സിങ് പറഞ്ഞു.
അതിനിടെ, പാർട്ടിയിൽ കൂടുതൽ പിടിമുറുക്കി ഇന്ത്യ മുന്നണിയിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിത്വത്തിലേക്കുള്ള ചുവടുവെപ്പായും നിതീഷ് കുമാറിന്റെ വരവിനെക്കുറിച്ച് വ്യാഖ്യാനങ്ങളുണ്ട്.
ലാലൻ സിങ് ജെ.ഡി.യു അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് സ്വന്തം താത്പര്യപ്രകാരമാണെന്നും പ്രസിഡന്റായി നിതീഷ് കുമാറിനെ നിർദേശിച്ചത് ലാലൻ സിങാണെന്നും ജെ.ഡി.യു ദേശീയ ജനറൽ സെക്രട്ടറി ധനഞ്ജയ് സിങ് പ്രതികരിച്ചു. നിതീഷ് കുമാർ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും ധനഞ്ജയ് സിങ് പറഞ്ഞു. പാർല്ലമെന്റിലെ വൻ സുരക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ചതിന് പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തതിനെ അപലിച്ച എക്‌സിക്യൂട്ടീവ് യോഗം ജാതി സെൻസസ് രാജ്യവ്യാപകമായി നടത്തണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തണമെന്നും പ്രമേയത്തിൽ വ്യക്തമാക്കി.