ന്യൂദല്‍ഹി-യു.കെയിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ഒരു യാത്രക്കാരനും മനുഷ്യക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാല് എയര്‍ ഇന്ത്യ സാറ്റ്‌സ് (എഐഎസ്എടിഎസ്) ജീവനക്കാരും ദല്‍ഹിയില്‍ പിടിയിലായി.
സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥരാണ് സംശയാസ്പദമായ പ്രവര്‍ത്തനം കണ്ടെത്തി ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഐജിഐ) ഇവരെ അറസ്റ്റ് ചെയ്തത്.
യു.കെയിലേക്കുള്ള വിമാനത്തില്‍ പോകാനെത്തിയ ദില്‍ജോത് സിംഗ് എന്ന യാത്രക്കാരന്റെ യാത്രാ രേഖകളില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നുകയായിരുന്നു. ബോര്‍ഡിംഗ് നിരസിച്ച അവര്‍ എയര്‍ലൈന്‍ ഉദ്യോഗസ്ഥരോട് വ്യക്തത വരുത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
യാത്രക്കാരനായ ദില്‍ജോത് സിംഗ് എയര്‍ലൈന്‍ സ്റ്റാഫിനെ സമീപിക്കുന്നതിനുപകരം, ഒരു എയര്‍ ഇന്ത്യ സാറ്റ്‌സ് സ്റ്റാഫില്‍ നിന്ന് സഹായം തേടി. ഇതാണ് സൂക്ഷ്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട സിഐഎസ്എഫ് ദല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ സഹകരണത്തോടെയാണ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ക്രൂ ചെക്ക്ഇന്‍ കൗണ്ടറിലെ എയര്‍ഇന്ത്യ സാറ്റ്‌സ് ജീവനക്കാര്‍ രേഖകള്‍ കൃത്യമല്ലാതിരുന്നിട്ടും സിംഗിന്റെയും മറ്റ് രണ്ട് പേരുടെയും ബോര്‍ഡിംഗ് പ്രക്രിയ സുഗമമാക്കുന്നത് കാണിച്ചു.
ഇതോടൊപ്പം സിംഗിനോടൊപ്പം രോഹന്‍ വര്‍മ, മുഹമ്മദ് ജഹാംഗീര്‍, യാഷ്, അക്ഷയ് നാരംഗ് എന്നീ ഉദ്യോഗസ്ഥരെ ദല്‍ഹി പോലീസിന് കൈമാറി. ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
അതിനിടെ, ദല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റിയുടെയും സിഐഎസ്എഫിന്റെയും സഹകരണത്തോടെ മനുഷ്യക്കടത്ത് ശ്രമം തടയുന്നതില്‍ കമ്പനിയും പങ്കുവഹിച്ചതായി എയര്‍ഇന്ത്യ സാറ്റ്‌സ് സിഇഒ സഞ്ജയ് ഗുപ്ത പറഞ്ഞു.
മൂന്ന് പേര്‍ അനധികൃതമായി കുടിയേറാന്‍ ശ്രമിച്ചുവെന്നും ഒരാളെ പിടികൂടിയെന്നും തുടര്‍ന്ന് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച ജീവനക്കാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തുവെന്നും ഗുപ്ത പറഞ്ഞു. കൂടുതല്‍ നിയമ നടപടികള്‍ക്കായി ഉടന്‍ തന്നെ പ്രതികളെ ദല്‍ഹി പോലീസിന് കൈമാറിയതായും പ്രസ്താവനയില്‍ പറഞ്ഞു.
സുരക്ഷയും നിയമസാധുതയം ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിക്കുന്നതിന് സ്ഥാപനം പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലഗേജ് കൈകാര്യം ചെയ്യലും വിമാന പരിപാലനവും ഉള്‍പ്പെടെ വിവിധ വിമാനത്താവള സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനമാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും സാറ്റ്‌സ് ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭമായ എയര്‍ഇന്ത്യസാറ്റ്‌സ്.
ഇന്ത്യക്കാരുമായി ദുബായില്‍നിന്ന് നിക്കരാഗ്വയിലേക്ക് പോയ മനുഷ്യക്കടത്ത് വിമാനം ഈയാഴ്ച ആദ്യം ഫ്രാന്‍സില്‍ പിടിയിലായിരുന്നു. 276 യാത്രക്കാരുമായി നിക്കരാഗ്വയിലേക്ക് പോയ ചാര്‍ട്ടര്‍ ജെറ്റാണ് നാല് ദിവസത്തേക്ക് ഫ്രാന്‍സില്‍ തടഞ്ഞുവെച്ചത്. വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തപ്പോള്‍ 25 യാത്രക്കാര്‍ ഫ്രാന്‍സില്‍ അഭയം തേടി അപേക്ഷ നല്‍കി. ബാക്കിയുള്ളവര്‍ ചൊവ്വാഴ്ച മുംബൈയില്‍ തിരിച്ചെത്തി.