ന്യൂദല്‍ഹി - പാര്‍ട്ടിക്കുള്ളിലെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങില്‍ പ്രധാന കോണ്‍ഗ്രസ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്. ക്ഷണം കിട്ടിയ പ്രധാന നേതാക്കള്‍ പോകില്ലെന്നാണ് ലഭിക്കുന്ന വിവരം. ചടങ്ങിലേക്ക് പ്രതിനിധികളെ അയക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ല. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ഘടകങ്ങളോട് പരസ്യ പ്രസ്താവന വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സോണിയ ഗാന്ധിക്കും ഖര്‍ഗെയ്ക്കും പുറമെ കോണ്‍ഗ്രസ് വക്താവ് അധിര്‍ രഞ്ജന്‍ ചൗധരിക്കും പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ പങ്കെടുക്കുന്നതില്‍ വിയോജിപ്പുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കോണ്‍ഗ്രസ് ചടങ്ങില്‍ പങ്കെടുക്കുന്നതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ബി ജെ പിയുടെ ഒരു കെണിയിലും കോണ്‍ഗ്രസ് വീഴില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. പങ്കെടുക്കണോ വേണ്ടയോ എന്നതില്‍ കോണ്‍ഗ്രസിന് അഭിപ്രായമുണ്ട്. ഓരോ പാര്‍ട്ടികള്‍ക്കും അവരുടേതായ അഭിപ്രായമുണ്ട്. കോണ്‍ഗ്രസിന് മേല്‍ ഒരു സമ്മര്‍ദ്ദവുമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു.