ന്യൂദല്‍ഹി- അടുത്ത വര്‍ഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ. പിയെ എതിരിടാന്‍ ആര്‍. ജെ. ഡി, ജെ. ഡി. യു പാര്‍ട്ടികള്‍ ഒരേ മനസ്സോടെ കളത്തിലിറങ്ങി. ഇരുപാര്‍ട്ടികളും സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തി.
ബീഹാറില്‍ രണ്ടു പാര്‍ട്ടികളും 17 സീറ്റുകളില്‍ വീതമാണ് മത്സരിക്കുക. ആര്‍. ജെ. ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ചേര്‍ന്നാണ് സീറ്റ് വിഭജനത്തില്‍ തീരുമാനത്തിലെത്തിയത്.
കോണ്‍ഗ്രസിന് നാല് സീറ്റ് നല്‍കാന്‍ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സമ്മതം നല്‍കിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. തീരുമാനം ഇരുവരും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇടതുപക്ഷം രണ്ട് സീറ്റില്‍ മാത്രമായിരിക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ദല്‍ഹിയില്‍ ബീഹാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആര്‍. ജെ. ഡി- ജെ. ഡി. യു- കോണ്‍ഗ്രസ്- ഇടതുപക്ഷ സഖ്യം ഒരുമിച്ച് പോരാടുമെന്നും സീറ്റ് വിഭജനം സംബന്ധിച്ച് സഖ്യത്തിന്റെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ബീഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി.