ന്യൂദല്‍ഹി-ലോകത്തെവിടെയും പ്രശ്‌നങ്ങള്‍ നേരിടുമ്പോഴും ഇന്ത്യ മുസ്‌ലീങ്ങള്‍ക്ക് സമാധാനത്തിന്റെ സ്വര്‍ഗ്ഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. ഏതെങ്കിലും മതന്യൂനപക്ഷങ്ങളോട് ഇന്ത്യന്‍ സമൂഹം ഒരു തരത്തിലുമുള്ള വിവേചനം കാണിക്കുന്നില്ലെന്ന് മോഡി പറഞ്ഞു. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 'ബിജെപി ഭരണത്തിന് കീഴില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ വര്‍ദ്ധിച്ചുവെന്ന് യുകെ ആസ്ഥാനമായുള്ള പത്രം ആരോപിച്ചിരുന്നു. എന്നാല്‍ വിമര്‍ശകര്‍ അവരുടെ അഭിപ്രായം വ്യക്തമാക്കുമെന്നും അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു ഇതിന് പ്രധാനമന്ത്രി നല്‍കിയ മറുപടി. ഇത്തരം ആരോപണങ്ങള്‍ ഇന്ത്യന്‍ ജനതയുടെ അറിവിനേയും ജ്ഞാനത്തേയും അപമാനിക്കലാണെന്നും ജനാധിപത്യത്തിലും അതിന്റെ വൈവിദ്ധ്യത്തിലുള്ള ഇന്ത്യന്‍ ജനതയുടെ ആഴത്തില്‍ പതിഞ്ഞിട്ടുള്ള പ്രതിബദ്ധതയെ വില കുറച്ച് കാണലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജനതയെ പുറത്തുള്ളവര്‍ വിലകുറച്ച് കാണുന്നതിന്റെ ഒരു ദീര്‍ഘകാല ചരിത്രം ഇന്ത്യയ്ക്ക് മുന്നിലുണ്ട്. 1947 ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയ കാലത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യ വീട്ടുപോയപ്പോള്‍ ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഉണ്ടായ മോശം പ്രവചനങ്ങള്‍ ഇതിന് ഉദാഹരണമാണ്. എന്നാല്‍ അവരുടെ പ്രവചനങ്ങളും വിലയിരുത്തലുകളും തെറ്റാണെന്ന് ഇന്ത്യ തെളിയിക്കുകയായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. സമാന രീതിയിലുള്ള സംശയമാണ് തന്റെ സര്‍ക്കാരിനെക്കുറിച്ചും ഉള്ളതെന്നും അത് തെറ്റാണെന്ന് തെളിയിക്കപ്പെടുമെന്നും മോഡി അവകാശപ്പെട്ടു. ഇസ്രായില്‍ -ഹമാസ് സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടു. ഗാസയ്ക്ക് മാനുഷിക സഹായം എത്തിക്കുന്നതിനെ ഇന്ത്യ പിന്തുണച്ചിട്ടുണ്ടെന്നും ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പിന്തുണ ആവര്‍ത്തിച്ച് പറയുന്നുണ്ടെന്നും പ്രധാനമന്ത്രി മോഡി എടുത്തുപറഞ്ഞു.