മക്ക - ഭക്തിനിര്‍ഭരമായ ചടങ്ങില്‍ വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിച്ചു. ഹറംകാര്യ വകുപ്പ് ജീവനക്കാരും കിസ്‌വ ഫാക്ടറി ജീവനക്കാരും അടക്കമുള്ള 160 പേര്‍ തിങ്കളാഴ്ച പ്രഭാത നമസ്‌കാരത്തിനുശേഷമാണ് ഇതിനുള്ള ജോലികള്‍ ആരംഭിച്ചത്.
കഅ്ബാലയത്തിന്റെ നാലു ഭാഗത്തും പുതിയ കിസ്‌വയുടെ കഷ്ണങ്ങള്‍ തൂക്കി ഇവയെ പരസ്പരം തുന്നിച്ചേര്‍ക്കുകയായിരുന്നു. ഇതിനു ശേഷം കിസ്‌വയില്‍ മുകള്‍ ഭാഗത്തുള്ള ബെല്‍റ്റ് തുന്നിച്ചേര്‍ത്തു. തുടര്‍ന്നാണ് കഅ്ബാലയത്തിന്റെ കവാടത്തിലുള്ള കര്‍ട്ടണ്‍ തൂക്കിയത്. ലോകത്തിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ തീര്‍ഥാടക ലക്ഷങ്ങള്‍ അറഫയില്‍ സംഗമിക്കുകയും വിശുദ്ധ ഹറമില്‍ തിരക്കൊഴിയുകയും ചെയ്യുന്ന ദുല്‍ഹജ് ഒമ്പതിനാണ് കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്നത്.
ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്‌വ ഫാക്ടറി കോംപ്ലക്‌സില്‍ മാസങ്ങളെടുത്താണ് കിസ്‌വ നിര്‍മിച്ചത്.
പഴയ കിസ്‌വക്കു മുകളിലായി പുതിയ കിസ്‌വ തൂക്കിയ ശേഷമാണ് പഴയ കിസ്‌വ അഴിച്ചുമാറ്റിയതെന്ന് കിസ്‌വ ഫാക്ടറി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍മന്‍സൂരി പറഞ്ഞു. 670 കിലോ അസംസ്‌കൃത പട്ടും 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. ഇരുനൂറോളം പേര്‍ കിസ്‌വ ഫാക്ടറിയില്‍ ജോലി ചെയ്യുന്നു. ഇവരെല്ലാവും സൗദികളാണെന്നും അഹ്മദ് അല്‍മന്‍സൂരി പറഞ്ഞു.
പ്രകൃതിദത്തമായ പട്ട് ഉപയോഗിച്ചാണ് കിസ്‌വ നിര്‍മിക്കുന്നത്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളില്‍നിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. ചതുരാകൃതിയിലുള്ള പതിനാറു കഷ്ണങ്ങള്‍ അടങ്ങിയ ബെല്‍റ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉള്‍വശത്ത് വെളുത്ത കട്ടി കൂടിയ കോട്ടന്‍ തുണിയുണ്ടാകും. ആകെ അഞ്ചു കഷ്ണങ്ങള്‍ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങള്‍ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നില്‍ തൂക്കുന്ന കര്‍ട്ടണാണ്. കര്‍ട്ടണ് 6.32 മീറ്റര്‍ നീളവും 3.30 മീറ്റര്‍ വീതിയുമുണ്ട്. ഇവ പിന്നീട് പരസ്പരം തുന്നിച്ചേര്‍ക്കുയാണ് ചെയ്യുക. ഒരു കിസ്‌വ നിര്‍മിക്കുന്നതിന് എട്ടു മുതല്‍ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ നിര്‍മാണത്തിന് രണ്ടേകാല്‍ കോടിയിലേറെ റിയാല്‍ ചെലവു വരുന്നുണ്ടെന്നാണ് കണക്ക്.