ന്യൂദൽഹി- ശ്രീ രാമനോടുള്ള ആരാധന മൂത്ത് മുംബൈയിൽനിന്നുള്ള മുസ്ലിം യുവതി അയോധ്യയിലേക്ക് നടക്കുന്നു. മുംബൈയിൽ നിന്നുള്ള ശബ്‌നം എന്ന മുസ്ലീം യുവതിയാണ് കൂട്ടാളികളായ രമൺ രാജ് ശർമ്മ, വിനീത് പാണ്ഡെ എന്നിവർക്കൊപ്പം അയോധ്യയിലേക്ക് നടക്കുന്നത്. ഷബ്‌നം 1,425 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് അയോധ്യയിലെത്തും. രാമനെ ആരാധിക്കാൻ ഒരാൾ ഹിന്ദുവായിരിക്കേണ്ട ആവശ്യമില്ലെന്ന് ശബ്‌നം പറയുന്നു. ഒരു നല്ല മനുഷ്യനായിരിക്കുക എന്നതാണ് പ്രധാനം. നിലവിൽ, ദിവസേന 25-30 കിലോമീറ്റർ സഞ്ചരിക്കുന്ന ശബ്‌നം മധ്യപ്രദേശിലെ സിന്ധവയിൽ എത്തി.
കാൽനട യാത്രയുടെ ക്ഷീണമുണ്ടെങ്കിലും രാമനോടുള്ള ഭക്തിയാണ് തങ്ങളെ മുന്നോട്ട് നയിക്കുന്നതെന്ന് ശബ്‌നവും യുവാക്കളും പറയുന്നു.
രാമന്റെ പ്രാധാന്യം ഏതെങ്കിലും പ്രത്യേക മതത്തിലോ പ്രദേശത്തിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും അതിരുകൾക്കപ്പുറം ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്നുവെന്നും ശബ്‌നം ഉറച്ചു വിശ്വസിക്കുന്നു. ഭഗവാൻ രാമൻ ജാതിയോ മതമോ നോക്കാതെ എല്ലാവരുടേതുമാണെന്നും ഷബ്‌നം പറഞ്ഞു.
ആൺകുട്ടികൾക്ക് മാത്രമേ ഇത്തരം ദുഷ്‌കരമായ യാത്രകൾ നടത്താൻ കഴിയൂ എന്ന തെറ്റിദ്ധാരണയെ വെല്ലുവിളിക്കാനും ലക്ഷ്യമിടുന്നതായി ശബ്‌നം വ്യക്തമാക്കി.
ശബ്‌നത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാത്രമല്ല, ഭക്ഷണവും താമസവും ഒരുക്കുന്നതിലും പോലീസ് ബദ്ധശ്രദ്ധരാണ്. കാവി പതാകയും പിടിച്ച് മുന്നോട്ട് നീങ്ങുമ്പോൾ, മുസ്ലീങ്ങൾ ഉൾപ്പെടെ നിരവധി ആളുകൾ തനിക്ക് 'ജയ് ശ്രീറാം' ആശംസകൾ നേർന്നതായും ശബ്‌നം അവകാശപ്പെട്ടു.