ടൊറന്റോ- ഗിന്നസ് റെക്കോര്‍ഡ് നേടാന്‍ പൂര്‍ണ ഗര്‍ഭിണിയായ യുവതി എന്തുചെയ്യും? ആഴക്കടലിന്റെ അടിത്തട്ടില്‍ ഫോട്ടോ ഷൂട്ട് ചെയ്യും.
മോണ്‍ട്രിയല്‍ മോഡല്‍ കിം ബ്രൂണോയാണ് പൂര്‍ണഗര്‍ഭിണിയായിരിക്കെ ആഴക്കടലില്‍ ഫോട്ടോ ഷൂട്ട് നടത്തി ഗിന്നസ് റെക്കോര്‍ഡ് നേടിയത്. ബ്രൂണോയും ഫോട്ടോഗ്രാഫര്‍ പിയ ഒയാര്‍സുനും സഹായികളും അടങ്ങുന്ന സംഘം കടലില്‍ 130 അടി താഴേക്ക് നീന്തിയെത്തിയാണ് ഫോട്ടോ ഷൂട്ട് നടത്തിയത്. കടലിനടിയില്‍ എത്തി ഷൂട്ട് തുടങ്ങുന്നതിനു തൊട്ടുമുമ്പ് ബ്രൂണോ എയര്‍ ടാങ്കും മാസ്‌കും നീക്കം ചെയ്തു.
130 അടി താഴ്ച്ചയില്‍ ഒന്‍പത് മിനിറ്റോളം നേരമാണ് ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്. തുടര്‍ന്ന് വിവിധ ഇടങ്ങളിലായി ആകെ 37 മിനിറ്റാണ് സംഘം ചിത്രീകരിച്ചത്.
ശ്വാസം അടക്കിപ്പിടിച്ചു ക്യാമറയില്‍ നോക്കി പോസ് ചെയ്യുന്ന ബ്രൂണോയുടെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെത്തിയപ്പോള്‍ ലൈക്കടിക്കാനും പങ്കുവെക്കാനും ആയിരങ്ങള്‍ തയ്യാറായി.
വര്‍ഷങ്ങളായി വന്ധ്യതാ ചികിത്സ നടത്തുകയായിരുന്ന ബ്രൂണോ ആറ്റുനോറ്റുണ്ടായ ഗര്‍ഭമാണ് കടലില്‍ ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ചത്. വന്ധ്യതാ ചികിത്സയ്ക്ക് വിധേയയാകുന്ന സമയത്തു തന്നെയാണ് അവര്‍ ഫ്രീ ഡൈവിംഗും സ്‌കൂബ ഡൈവിംഗും പഠിച്ചത്.
ലക്ഷ്യബോധത്തോടെ നിങ്ങള്‍ ഏതെങ്കിലും കാര്യത്തിനായി പരിശ്രമിച്ചാല്‍ വിജയം സുനിശ്ചിതമാണെന്ന് ഫോട്ടോ ഷൂട്ടിന് ശേഷം ബ്രൂണോ പറഞ്ഞു. ആകാശമാണ് അതിരെന്നും അവര്‍ വ്യക്തമാക്കി.