വാഷിംഗ്ടണ്‍- തന്റെ യൗവന തീഷ്ണതയില്‍ വാരാന്ത്യങ്ങളിലോ അവധിയിലോ കാര്യമായി ചിന്തയെ തളച്ചിട്ടിരുന്നില്ലെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റസ്. 2.78 ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള കമ്പനിയുടെ സ്ഥാപകനാണ് ഇങ്ങനെ പറഞ്ഞത്. എന്നാല്‍ പിന്നീട് തന്റെ മനസ്സു മാറിയെന്നും അദ്ദേഹം വിശദമാക്കുന്നു.
ഇന്ത്യന്‍ യുവാക്കള്‍ ആഴചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തി പറഞ്ഞതിന് പിന്നാലെയായിരുന്നു ബില്‍ ഗേറ്റ്‌സിന്റേയും പ്രസ്താവന. തന്റെ സമീപകാല ബ്ലോഗ് പോസ്റ്റിലാണ് മൈക്രോസോഫ്റ്റ് സ്ഥാപകന്റെ വെളിപ്പെടുത്തലുണ്ടായത്.
തന്റെ ബാല്യകാല സുഹൃത്ത് പോള്‍ അലനുമായി മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച് അതിനെ പുതിയ ഉയരത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു ആദ്യകാല ലക്ഷ്യം. അതുകൊണ്ടാണ് വാരാന്ത്യങ്ങള്‍ക്കും അവധിക്കാലങ്ങള്‍ക്കും പ്രാധാന്യം കൊടുക്കാതിരുന്നതെന്ന് അദ്ദേഹം പറയുന്നു.
എന്നാല്‍ ഒരു പിതാവായതിന് ശേഷം ജീവിതത്തില്‍ ജോലിയേക്കാള്‍ കൂടുതല്‍ മറ്റു ചില കാര്യങ്ങളുണ്ടെന്ന് താന്‍ മനസ്സിലാക്കിയതായി അദ്ദേഹം പറയുന്നു.
ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഇന്‍ഫോസിസിന്റെ സ്ഥാപകനായ നാരായണ മൂര്‍ത്തി ഇന്ത്യയിലെ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് പറഞ്ഞത് യുവാക്കളുടെ ഉചിതമായ ജോലി സമയത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായി.
തന്റെ യുവത്വത്തില്‍ ആഴ്ചയില്‍ 80- 90 മണിക്കൂര്‍ ജോലി ചെയ്തിരുന്നതായി നാരായണ മൂര്‍ത്തി വ്യക്തമാക്കുന്നു. ദിവസവും രാവിലെ ആറരയ്ക്ക് തന്റെ ജോലി സ്ഥലത്ത് എത്തുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വലിയ വിമര്‍ശനമാണ് നാരായണ മൂര്‍ത്തിയുടെ പ്രസ്താവന വിളിച്ചു വരുത്തിയത്. പലരും പല ഓഫീസുകളിലെയും ജീവിത നിലവാരം, തൊഴിലാളികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം, കുറഞ്ഞ വേതനം തുടങ്ങിയവ ചൂണ്ടിക്കാട്ടി.