കൊൽക്കത്ത- ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അടുത്ത കേന്ദ്രങ്ങൾ വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി മാത്രമല്ല, പാർട്ടി നേതാക്കളും പങ്കെടുക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന പ്രശ്‌നമില്ലെന്നും എന്തെങ്കിലും ക്ഷണം വന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ലെന്നും കുനാൽ ഘോഷ് പറഞ്ഞു. രാമനെ ഞങ്ങൾ വളരെ ഭക്തിയോടെ ആരാധിക്കുന്നുണ്ടെങ്കിലും, സ്വന്തം രാഷ്ട്രീയ അജണ്ട നിറവേറ്റുന്നതിനായി രാമനെക്കുറിച്ചുള്ള ജനങ്ങളുടെ വികാരം മുതലെടുക്കാനുള്ള ബി.ജെ.പിയുടെ തന്ത്രം പാർട്ടി അംഗീകരിക്കുന്നില്ലെന്നും ഘോഷ് പറഞ്ഞു. ജനവികാരം മുതലെടുത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അവരുടെ നിലപാടിനെ അംഗീകരിക്കുന്നില്ല- ഘോഷ് പറഞ്ഞു. അതേസമയം, ഇതുസംബന്ധിച്ച് മമത ബാനർജി ഇതേവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സി.പി.എം പൊളിറ്റ്ബ്യൂറോ പ്രസ്താവനയിറക്കിയിരുന്നു.
അതേസമയം, ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ കോൺഗ്രസ് പങ്കെടുക്കുന്നതിനിതിരെ വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയരുന്നു. പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും കോൺഗ്രസ് പങ്കെടുക്കുമെന്ന് പറയുന്നതിനെതിരെയാണ് വിമർശനം ഉയരുന്നത്. ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളും പ്രതിപക്ഷം ഒന്നടങ്കം ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സി.പി.എം, ആർ.ജെ.ഡി, ജെ.ഡി.യു, തൃണമൂൽ കക്ഷികൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സമനാമായ നിലപാട് കോൺഗ്രസും സ്വീകരിക്കണമെന്നാണ് മുന്നണിക്കുള്ളിലെ വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. ചടങ്ങ് ബഹിഷ്‌കരിക്കണമെന്ന് കോൺഗ്രസ്സിന്റെ ചില സംസ്ഥാന ഘടകങ്ങളും എ.ഐ.സി.സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പ്രതിനിധിയായി സോണിയാ ഗാന്ധിയെയാണ് രാമക്ഷേത്ര ട്രസ്റ്റ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സോണിയ ഗാന്ധി അല്ലെങ്കിൽ കോൺഗ്രസ്സിനെ പ്രതിനിധികരിച്ച് മറ്റാരെങ്കിലും പങ്കെടുക്കുമെന്നാണ് വിവരം.
രാമക്ഷേത്രം മുഖ്യ തിരഞ്ഞെടുപ്പ് അജൻഡയായി ഉയർത്തികൊണ്ടുവരാനാണ് ബി.ജെ.പി ആലോചിക്കുന്നത്. ഇത് തിരിച്ചറിഞ്ഞാണ് തൃണമൂൽ കോൺഗ്രസ്സ്, ആർ.ജെ.ഡി, ജെ.ഡി.യു, സി.പി.എം കക്ഷികൾ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയും ബി.ജെ.പിയും ചടങ്ങ് രാഷ്ട്രീയ വത്കരിക്കുന്നുവെന്നാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ച പാർട്ടി വിട്ടുനിൽക്കലിന് കാരണമായി ചൂണ്ടികാണിക്കുന്നത്.