Sorry, you need to enable JavaScript to visit this website.

ബോർഡുകൾ കന്നഡയിൽ വേണം; കർണാടകയിൽ കെ.ആർ.വി ഗുണ്ടകളുടെ അഴിഞ്ഞാട്ടം

സർക്കാർ അനുവദിച്ച സമയപരിധിക്ക് മുമ്പേ ആക്രമണം

ബംഗളൂരു- വ്യാപാര സ്ഥാപനങ്ങളുടെ ബോർഡുകളിൽ കന്നഡ നിർബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനയായ കർണാടക സംരക്ഷണ വേദികെ (കെ.ആർ.വി) കർണാടക തലസ്ഥാനമായ ബെംഗളൂരുവിൽ കലാപം അഴിച്ചുവിട്ടു. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം പ്രതിഷേധക്കാർ അഴിഞ്ഞാടി. എം.ജി റോഡ്, ബ്രിഗേഡ് റോഡ്, ലാവെല്ലെ റോഡ്, സെന്റ് മാർക്ക്‌സ് റോഡ് തുടങ്ങിയ നഗരത്തിലെ നിരവധി ഷോപ്പിംഗ് സെന്ററുകളിൽ കെ.ആർ.വി ഗുണ്ടാ സംഘം ആക്രമണം നടത്തി. കടകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും ഇംഗ്ലീഷ് ഭാഷയിലുള്ള സൈൻ ബോർഡുകൾ കെ.ആർ.വി ഗുണ്ടകൾ കേടുവരുത്തി. മറ്റു ഭാഷകളിലുള്ള അടയാളങ്ങൾ കർണ്ണാടകയുടെ ഔദ്യോഗിക ഭാഷയായ കന്നഡയെ തുരങ്കം വെക്കുന്നുവെന്ന് കെ.ആർ.വി കൺവീനർ ടി.എ നാരായണ ഗൗഡ ആരോപിച്ചു. ഇദ്ദേഹം ഉൾപ്പെടെ നിരവധി സമരക്കാരെ പോലീസ് കരുതൽ തടങ്കലിലാക്കി. അറുപത് ശതമാനം സൈൻബോർഡുകളും നെയിംപ്ലേറ്റുകളും കന്നഡയിലായിരിക്കണമെന്നാണ് കർണാടകയിലെ ചട്ടം. ഞങ്ങൾ ബിസിനസുകൾക്ക് എതിരല്ല, എന്നാൽ കർണാടകയിൽ ബിസിനസ്സ് നടത്തുകയാണെങ്കിൽ നിങ്ങൾ ഞങ്ങളുടെ ഭാഷയെ ബഹുമാനിക്കണം. നിങ്ങൾ കന്നഡ അവഗണിക്കുകയോ അല്ലെങ്കിൽ കന്നഡ അക്ഷരങ്ങൾ ചെറുതാക്കുകയോ ചെയ്താൽ നിങ്ങളെ ഞങ്ങൾ ഇവിടെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് നാരായണ ഗൗഡ മുന്നറിയിപ്പ് നൽകി. 
കെ.ആർ.വി ഗുണ്ടകൾ ആക്രമണം നടത്തുന്നതിന്റെ നിരവധി വീഡിയോകൾ ഓൺലൈനിൽ വൈറലായി. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള സംഘങ്ങൾ ബോർഡിലെ ഇംഗ്ലീഷ് അടയാളങ്ങൾ വലിച്ചുകീറുന്നതും വീഡിയോയിലുണ്ട്. സലൂൺ, സ്പാ തുടങ്ങിയ സ്ഥാപനങ്ങളുടെ ബോർഡുകളെല്ലാം അക്രമികൾ വലിച്ചുകീറി. എയർടെൽ സ്‌റ്റോറിന് പുറത്തും പ്രതിഷേധക്കാർ ഒത്തുകൂടി ബോർഡുകൾ വലിച്ചുകീറുകയും പെയിന്റ് അടിക്കുകയും ചെയ്തു. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെയും ബോർഡുകളിലെ അറുപത് ശതമാനം ഭാഗവും കന്നഡിയിൽ വേണമെന്ന് നിർദ്ദേശിക്കുന്ന നഗരസഭയുടെ ഉത്തരവ് ഉടൻ നടപ്പിലാക്കണമെന്ന് കെ.ആർ.വി ആവശ്യപ്പെട്ടു. സിവിൽ ബോർഡിന്റെ അധികാര പരിധിയിലുള്ള വാണിജ്യ സ്റ്റോറുകൾ ഫെബ്രുവരി 28-നകം ബോർഡുകൾ മാറ്റണമെന്നാണ് നിർദ്ദേശം. ഇല്ലെങ്കിൽ വാണിജ്യ ലൈസൻസ് സസ്‌പെന്റ് ചെയ്യുമെന്ന് ബി.ബി.എം.പി മേധാവി തുഷാർ ഗിരി നാഥ് പറഞ്ഞു.
ഈ സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാൻ പഠിക്കണമെന്ന് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞതിനെ തുടർന്നാണ് ഭാഷാ സമരം വീണ്ടും സജീവമായത്. 'നമ്മളെല്ലാം കന്നഡക്കാരാണ്. വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഇവിടെ സ്ഥിരതാമസമാക്കിയിട്ടുണ്ട്. അതന് പുറമെ ഈ സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാൻ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മുഖ്യമന്ത്രിയായിരുന്ന സമയത്തും പ്രാദേശിക ഭാഷയുടെ വ്യാപകമായ ഉപയോഗത്തിനായി സിദ്ധരാമയ്യ ശ്രമിച്ചിരുന്നു.
 

Latest News