അതിക്രമങ്ങൾ തുടർക്കഥയായതോടെ അതിനെ ന്യായീകരിക്കാനുള്ള വേദി മാത്രമായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ മാറി. പരിപാടി ഗംഭീരമായിരുന്നെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തന്നെ ആവർത്തിച്ചു പറഞ്ഞാലും പ്രതീക്ഷയോടെ കാത്തിരുന്ന സാധാരണ ജനങ്ങൾക്ക് ആശ്വാസം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചരിത്രം നവകേരള സദസ്സിനെ പരാജയം എന്നാകും വിലയിരുത്തുക. അതുണ്ടാകാതിരിക്കാൻ ജനങ്ങളുടെ പരാതികൾക്ക് ഉടൻ പരിഹാരവും ഭാവി കേരളത്തിനായി യാഥാർഥ്യ ബോധത്തോടെയുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കാനും കഴിയണം.
നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ചു ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും ലക്ഷ്യമിട്ടായിരുന്നു നവകേരള സദസ്സ് സംഘടിപ്പിക്കപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാർ ഉൾപ്പെടെ കേരളത്തിലുടനീളം നടത്തിയ മന്ത്രിസഭായാത്ര 36 ദിവസം നീണ്ടുനിന്നു. നവകേരള സദസ്സ് നാടിനു വേണ്ടി എന്ന പ്രഖ്യാപനം എത്രമാത്രം അർത്ഥവത്തായി എന്നുള്ള ചോദ്യം അവശേഷിക്കുന്നു. നേട്ടങ്ങളുടെ നീണ്ട പട്ടിക തന്നെ നിരത്താൻ സർക്കാരിനു കഴിഞ്ഞേക്കും. എന്നാൽ പരിപാടി വിജയമോ പരാജയമോ എന്ന് ആത്യന്തികമായി ഉറപ്പിച്ചു പറയാൻ കഴിയുക ജനങ്ങൾക്കായിരിക്കും.
ജനാധിപത്യ ഭരണ നിർവഹണ ചരിത്രത്തിലെ അത്യപൂർവ അധ്യായമായി നവകേരള സദസ്സ് മാറിയെന്ന അവകാശവാദമാണ് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത്. ജനങ്ങളെ കാണുന്നതിനോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ പൂർത്തിയാക്കിയ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ കഴിഞ്ഞെന്നും നവകേരള സദസ്സിന്റെ സമാപനത്തോട് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നവംബർ 18 നു മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര തലസ്ഥാനത്ത് എത്തിയപ്പോഴേക്കും വർധിതമായ ജനാരവം കാണാനായെന്നും അതു സർക്കാർ പരിപാടിയുടെ വിജയമായും മുഖ്യമന്ത്രി കാണുന്നു.
കേന്ദ്രം നടത്തുന്ന കടുത്ത അവഗണനയും അതിന് കൂട്ടുനിന്ന് കേരള വിരുദ്ധ നീക്കങ്ങൾ നടത്തുന്ന യു.ഡി.എഫിന്റെ മുഖവും തുറന്നു കാട്ടാനായത് നവകേരള സദസ്സിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നായി മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിനിടെ ലഭിച്ച ആറു ലക്ഷത്തിലധികമുള്ള നിവേദനങ്ങളും അപേക്ഷകളും പൊതുവായ ആവശ്യങ്ങൾ അടക്കമുള്ളവയും പരിശോധിച്ചു ഉദ്യോഗസ്ഥ തലത്തിൽ തരംതിരിച്ച് ഭാവി കേരളത്തിന്റെ വികസന വഴികൾക്കു പ്രയോജനപ്പെടുത്തുമെന്ന ശുഭപ്രതീക്ഷ മുഖ്യമന്ത്രി പങ്കുവെക്കുന്നു. അടിയന്തര പ്രാധാന്യമുള്ളവക്ക് പരിഹാര നടപടികൾ ഉണ്ടായിക്കഴിഞ്ഞതായി മുഖ്യമന്ത്രി കരുതുന്നു.
വലിയ സംഘർഷങ്ങൾക്കും വിവാദങ്ങൾക്കും ഇടയിലൂടെ ആയിരുന്നു മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയത്രയും.എന്നാൽ കണ്ണൂർ മുതൽ വട്ടിയൂർക്കാവ് വരെയുള്ള സ്വീകരണ കേന്ദ്രങ്ങളെ സംഘർഷ ഭരിതമാക്കാനുള്ള കോൺഗ്രസ്, ബി.ജെ.പി ശ്രമങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ബഹിഷ്കരണ നീക്കങ്ങളെയും അക്രമ സമരങ്ങളെയും ജനം ഒന്നുപോലെ തള്ളിക്കളഞ്ഞുവെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്.
നവകേരള സദസ്സിന്റെ സമാപന ദിവസം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും അടക്കം ആറ് എം.പി മാരും ഏഴ് എം.എൽ.എമാരും ഉള്ള വേദിയിലേക്ക് പോലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗം നവകേരള സദസ്സിനോട് അനുബന്ധിച്ച് ഇതുവരെക്കണ്ട അക്രമ പരമ്പരകളുടെ തുടർച്ചയായി. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ് കേരളത്തിലെ പോലീസുകാർക്ക് എന്നുള്ള വിമർശനം ഇതോടെ കൂടുതൽ ശക്തമായി. ജനങ്ങൾ നൽകിയ പിന്തുണയെക്കുറിച്ച് പറഞ്ഞ മുഖ്യമന്ത്രിക്ക്, മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് - കെ.എസ്.യു നേതാക്കളെ മർദിച്ച ഗൺമാനും സുരക്ഷ സംഘത്തിലുമുള്ളവർക്കെതിരേ കേസെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ എന്തു പ്രതികരണമാണുള്ളത്? കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രിയെയും പ്രതി ചേർത്ത് അന്വേഷിക്കണമെന്നു പരാതിയിൽ പ്രത്യേകം പറയുന്നുണ്ട്.
ഇതിനിടെ നവകേരള സദസ്സുമായി ഇറങ്ങിയ മുഖ്യമന്ത്രിയെയും സംഘത്തെയും വെല്ലുവിളിക്കുന്ന രീതിയിൽ ഗവർണറുടെ നീക്കങ്ങൾ പലതുമുണ്ടായി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ സംഘടിപ്പിക്കപ്പെട്ട നവകേരള സദസ്സിനെതിരേ തുടക്കം മുതൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. യാത്രയുടെ ലക്ഷ്യം എന്തെന്നു ജനങ്ങളെ കൃത്യമായി ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞില്ല. ഓരോ മണ്ഡലത്തിലും ആയിരക്കണക്കിന് പരാതികൾ ലഭിച്ചെങ്കിലും അതിൽ പത്ത് ശതമാനത്തിനു പോലും പരിഹാരം കണ്ടെത്താൻ കഴിയാതെ പോയി. പരാതി സ്വീകരിക്കാൻ വേണ്ടി മാത്രമായി ഇങ്ങനെയൊരു യാത്ര വേണമായിരുന്നോ എന്നുള്ള ചോദ്യത്തിന് അവകാശവാദങ്ങൾ ഒരിക്കലും കൃത്യമായ മറുപടിയാകുന്നില്ല. പരിപാടിക്ക് ആളെക്കൂട്ടാൻ കൊച്ചുകുട്ടികളെയടക്കം നിരത്തിലിറക്കിയ നടപടിയെ കോടതിയടക്കം വിമർശിച്ചിരുന്നു. സർക്കാർ സംവിധാനങ്ങൾ പൂർണമായും ഉപയോഗിച്ചു സംഘടിപ്പിക്കപ്പെട്ട പരിപാടി പലപ്പോഴും ജനങ്ങളോടുള്ള വെല്ലുവിളിയായി മാറുന്നതാണ് കണ്ടത്.
അതിക്രമങ്ങൾ തുടർക്കഥയായതോടെ അതിനെ ന്യായീകരിക്കാനുള്ള വേദി മാത്രമായി മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങൾ മാറി. പരിപാടി ഗംഭീരമായിരുന്നെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തന്നെ ആവർത്തിച്ചു പറഞ്ഞാലും പ്രതീക്ഷയോടെ കാത്തിരുന്ന സാധാരണ ജനങ്ങൾക്ക് ആശ്വാസം എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ ചരിത്രം നവകേരള സദസ്സിനെ പരാജയം എന്നാകും വിലയിരുത്തുക. അതുണ്ടാകാതിരിക്കാൻ ജനങ്ങളുടെ പരാതികൾക്ക് ഉടൻ പരിഹാരവും ഭാവി കേരളത്തിനായി യാഥാർഥ്യ ബോധത്തോടെയുള്ള വികസന പദ്ധതികൾ ആവിഷ്കരിക്കാനും കഴിയണം.