റിയാദ് - യുവതിയെ ലൈംഗികമായി ഉപദ്രവിച്ച ഈജിപ്തുകാരനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ യുവതിയെ പ്രതി ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ചോദ്യം ചെയ്യല്‍ അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി യുവാവിനെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
ഈജിപ്തുകാരന് രണ്ടു വര്‍ഷം വരെ തടവും ഒരു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് നിയമ വിദഗ്ധന്‍ മുഹമ്മദ് അല്‍വുഹൈബി പറഞ്ഞു. ലൈംഗിക അര്‍ഥങ്ങളോടെയുള്ള ഏതൊരു ആംഗ്യവും ലൈംഗിക പീഡനമായി പീഡന വിരുദ്ധ നിയമം നിര്‍വചിക്കുന്നു. ലൈംഗിക ഉപദ്രവത്തിന് വിധേയായ യുവതിക്ക് 18 വയസ് തികഞ്ഞിട്ടില്ലെങ്കില്‍ പ്രതിക്ക് അഞ്ചു വര്‍ഷം വരെ തടവും മൂന്നു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. തൊഴില്‍ സ്ഥലം, വിദ്യാഭ്യാസ സ്ഥാപനം, അഭയകേന്ദ്രം, പരിചരണ കേന്ദ്രം എന്നിവിടങ്ങളില്‍ വെച്ചുള്ള പീഡനം, കുട്ടികള്‍ക്കെതിരായ പീഡനം, വികലാംഗര്‍ക്കെതിരായ പീഡനം, അബോധാവസ്ഥയിലുള്ള പീഡനം, ഉറങ്ങിക്കിടക്കുമ്പോഴുള്ള പീഡനം, പ്രതിസന്ധികള്‍ക്കോ പ്രകൃതി ദുരന്തങ്ങള്‍ക്കോ അപകടങ്ങള്‍ക്കോ ഇടയിലുള്ള പീഡനം, കുറ്റകൃത്യം ആവര്‍ത്തിക്കല്‍, തങ്ങളുടെ അധികാരത്തിനു കീഴിലുള്ളവര്‍ക്കെതിരായ പീഡനം എന്നീ സാഹചര്യങ്ങളില്‍ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും മൂന്നു ലക്ഷം റിയാല്‍ വരെ പിഴയുമാണ് പീഡന വിരുദ്ധ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന ശിക്ഷ.