Sorry, you need to enable JavaScript to visit this website.

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ്; ബഹിഷ്‌കരണത്തിന് കൂടുതൽ 'ഇന്ത്യ' പാർട്ടികൾ; ഉത്തരം കൃത്യസമയത്ത് ഉണ്ടാകുമെന്ന് കോൺഗ്രസ്

ന്യൂഡൽഹി - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുന്നത് സംബന്ധിച്ച ഉത്തരം കൃത്യസമയത്ത് തന്നെ കിട്ടുമെന്ന് എ.ഐ.സി.സിയുടെ സംഘടനാ ചുമതലയുള്ള ജനറൽസെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസിന് മേൽ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടികളിലെയും കോൺഗ്രസിന്റെ ചില സംസ്ഥാന ഘടകങ്ങളിലെയും സമ്മർദ്ദങ്ങൾ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് കെ.സി വേണുഗോപാൽ ഇപ്രകാരം പ്രതികരിച്ചത്.
 ബാബരി മസ്ജിദ് തകർത്ത് അവിടെ ക്ഷേത്രം പണിത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന സംഘപരിവാർ സംഘടനകളുടെ കുരുക്കിൽ കോൺഗ്രസ് വീണ്ടും വീഴരുതെന്നും പ്രതിഷ്ഠാചടങ്ങിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കരുതെന്നുമാണ് ഇന്ത്യ സഖ്യത്തിലെ ഭൂരിഭാഗം പാർട്ടികളുടെയും ആവശ്യം. മുസ്‌ലിംകൾക്ക് നീതി ലഭിച്ചില്ലെങ്കിലും കോടതിവിധിക്ക് എന്തൊക്കെ ന്യൂനതകളുണ്ടായാലും തുടർ പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഒരു സമവായം എന്ന നിലയിൽ പ്രതിഷ്ഠാ ചടങ്ങിനെ പാടെ ബഹിഷ്‌കരിച്ചാൽ മോഡി സർക്കാർ അതും രാഷ്ട്രീയ തുരുപ്പ്ശീട്ടാക്കുമെന്നാണ് കോൺഗ്രസിലെ ചിലർ ഭയപ്പെടുന്നത്. കോൺഗ്രസിന്റെ ഈ നിലപാടിനോട് ചില സംസ്ഥാന ഘടകങ്ങൾക്കും കടുത്ത വിയോജിപ്പുണ്ടെന്നാണ് വിവരം. 
  അതിനിടെ, തൃണമൂൽ കോൺഗ്രസ്, ആർ.ജെ.ഡി, ജെ.ഡി.യു തുടങ്ങിയ പാർട്ടികൾ പ്രതിഷ്ഠാദിന ചടങ്ങ് ബഹിഷ്‌ക്കരിക്കാനാണ് തീരുമാനിച്ചത്. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും സി.പി.ഐ ജനറൽസെക്രട്ടറി ഡി രാജയും ആർജവത്തോടെ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. തകർക്കപ്പെട്ട മതേതര മനസ്സുകൾക്ക് മുകളിലാണ് രാമക്ഷേത്രത്തിന്റെ നിർമാണം. രാജ്യത്തെ മതവൽക്കരിക്കാനുള്ള ബി.ജെ.പി ശ്രമത്തിൽ വീഴാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസ് കാട്ടണമെന്നും വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. 
 എന്നാൽ, മുതിർന്ന കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ളവർ രാമക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ക്ഷണം പൂർണമായും നിരാകരിക്കാവുന്ന സ്ഥിതിയിലല്ല താനും. എന്തായാലും രാമക്ഷേത്ര ഉദ്ഘാടന ചടങ്ങും രാഷ്ട്രീയ ആയുധമാക്കി മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അണിയറിയിൽ വേവിക്കുന്നത്. ഇതിനെ ഏതുവിധം മറികടന്ന് ഹിന്ദുത്വവിരുദ്ധ ശക്തികളുടെ കുതന്ത്രം പൊളിക്കാമെന്നും മതനിരപേക്ഷ, മതന്യൂനപക്ഷങ്ങളുടെ വിശ്വാസം വീണ്ടെടുക്കാമെന്നുമുള്ള തന്ത്രപരമായ ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം.
 

Latest News