ന്യൂദല്‍ഹി - രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് നടത്തുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ഭാരത് ന്യായ് യാത്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും. 14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകും. മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബീഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഭാരത് ന്യായ് യാത്ര കടന്നുപോകുന്നത്. ഭാരത് ജോഡോ യാത്ര പൂര്‍ണ്ണമായും പദയാത്രയായിരുന്നെങ്കില്‍ ഭാരത് ന്യായ് യാത്ര ബസിലായിരിക്കുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മണിപ്പൂരില്‍ യാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. മണിപ്പൂരിന്റെ മുറിവുണക്കുന്നതിന്റെ ഭാഗമാണ് യാത്ര അവിടെ നിന്ന് തുടങ്ങുന്നതെന്നും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ഇത് ബാധിക്കില്ലെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.