യു.എസില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട്  കൊലപ്പെടുത്തിയ ഇന്ത്യക്കാരി അറസ്റ്റില്‍

ന്യൂയോര്‍ക്ക്- അമേരിക്കയില്‍ 10 വയസുള്ള മകനെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ ഇന്ത്യക്കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. കണ്‍ട്രോള്‍ റൂമിലേക്കെത്തിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ ഇന്ത്യക്കാരിയായ പ്രിയങ്ക തിവാരി (33)യെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പ്രിയങ്ക തന്നെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് തന്റെ മകന്‍ അബോധാവസ്ഥയിലായെന്നും പ്രതികരിക്കുന്നില്ലെന്നും അറിയിക്കുന്നത്. ഉടനെ പൊലീസും വൈദ്യസംഘവും സ്ഥലത്തെത്തി സിപിആര്‍ അടക്കമുള്ള ചികിത്സ നല്‍കിയെങ്കിലും കുട്ടി മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മകന്‍ ഏറെ നാളുകളായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നത്. കുട്ടിയുടെ ശരീരം ഭാരം കുറഞ്ഞ് എല്ലും തോലുമായ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന് പിന്നാലെ വ്യാഴാഴ്ചയാണ് കുട്ടിയുടെ അമ്മ പ്രിയങ്കയ്ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്ത്. ജനുവരി 11ന് പ്രിയങ്ക തിവാരിയെ കോടതിയില്‍ ഹാജരാക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ കുട്ടിയുടെ മരണം സംഭവിച്ച് വിശദവിവരങ്ങള്‍ പുറത്തുവരൂ. കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരന്‍ ആരോഗ്യവകുപ്പ് അധികൃതരുടെ സംരക്ഷണയിലാണ്. 10 വയസുകാരന്റെ മരണം ഞെട്ടിപ്പിക്കുന്നതാണെന്നാണ് അയല്‍വാസികള്‍ പ്രതികരിച്ചത്. പ്രിയങ്കയും ഭര്‍ത്താവും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നുവെന്നും മരണപ്പെട്ട കുട്ടിയെ ഏറെ നാളായി വീടിന് പുറത്ത് കാണാറില്ലായിരുന്നുവെന്നുമാണ് അയല്‍വാസികള്‍ പോലീസിന് നല്‍കിയ മൊഴി. പ്രിയങ്കയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതാവിനെക്കുറിച്ചും പോലീസ് അന്വേഷണം തുടങ്ങി.

Latest News