ന്യൂദൽഹി- ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ ബി.ജെ.പിക്ക് പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടപ്പെടുമെന്ന് സർവേ. ഇന്ത്യാ ടുഡേയും കാർവി ഇൻസൈറ്റസ് മൂഡ് ഓഫ് ദ നേഷൻ(എം.ഒ.ടി.എൻ)സംയുക്ത സർവേയാണ് പാർലമെന്റിൽ മോഡി നേതൃത്വം നൽകുന്ന ബി.ജെ.പി സർക്കാറിന് ഭൂരിപക്ഷം നഷ്ടമാകുമെന്ന് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ആളുകൾ പിന്തുണച്ചിരിക്കുന്നത് മോഡിയെ തന്നെയാണ്. സർവേയിൽ പങ്കെടുത്ത 49 ശതമാനം ആളുകളും മോഡിയെ പിന്തുണക്കുന്നു. രാഹുൽ ഗാന്ധിക്ക് 27 ശമാനം ആളുകളുടെ പിന്തുണയുണ്ട്. അതേസമയം, പ്രതിപക്ഷ നേതാക്കൾക്കിടയിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പിന്തുണ രാഹുൽ ഗാന്ധിക്കാണ്. 46 ശതമാനം പേർ രാഹുലിന്റെ പിന്തുണച്ചു. എട്ട് ശതമാനം പേർ മമത ബാനർജിയെ പിന്തുണക്കുന്നു. ആറ് ശതമാനം പേർ വീതം പി ചിദംബരത്തേയും പ്രിയങ്ക ഗാന്ധിയേയും പിന്തുണക്കുന്നു. അഖിലേഷ് യാദവ്, അരവിന്ദ് കെജ്‌രിവാൾ എന്നിവർക്ക് നാലുശതമാനം പേരുടെ പിന്തുണയുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിന് ഏഴ് മാസം മാത്ര ശേഷിക്കെയാണ് സർവേ പുറത്തുവന്നിരിക്കുന്നത്.
മൂന്ന് സാധ്യതകളാണ് സർവേ പുറത്തുകൊണ്ടുവരുന്നത്.
ഒന്നാമത്തേത്
2014 ലോക്‌സഭ തെരഞ്ഞെടുപ്പിലെ പോലെയുള്ള സഖ്യമാണ് ഇരു മുന്നണികളും ഈ തെരഞ്ഞെടുപ്പിലും മുന്നോട്ടുവെക്കുന്നതെങ്കിൽ ബി എസ് പിക്കും എസ് പിക്കും തൃണമൂൽ കോൺഗ്രസിനും കൂടി 122 സീറ്റ്. എൻ.ഡി.എക്ക് മൊത്തത്തിൽ 281 സീറ്റ്. മറ്റുള്ളവർക്ക് 140 സീറ്റ്. യുപിഎയ്ക്ക് 31 ശതമാനം വോട്ട്, എൻഡിഎയ്ക്ക് 36 ശതമാനം. മറ്റുള്ളവർക്ക് 33 ശതമാനം. ഈ സാധ്യത പ്രകാരമാണെങ്കിൽ എൻ.ഡി.എക്ക് ഭരണത്തുടർച്ച ലഭിക്കും.
രണ്ടാമത്തേത്
ബി എസ് പി, എസ് പി, തൃണമൂൽ കോൺഗ്രസ് എന്നിവ യുപിഎയുടെ ഭാഗമായാൽ യുപിഎയ്ക്ക് 224 സീറ്റുകൾ വരെ കിട്ടാം. എൻഡിഎയ്ക്ക് 228 സീറ്റുകൾ. മറ്റുള്ളവർക്ക് 91. മറ്റുള്ളവരുടെ പിന്തുണയുണ്ടെങ്കിൽ യുപിഎ അധികാരം പിടിക്കുമെന്ന് വ്യക്തം. അതേസമയം ഇവിടെ വോട്ടിംഗ് ശതമാനത്തിൽ യുപിഎ വലിയ മുന്നേറ്റമുണ്ടാക്കുന്നു. 41 ശതമാനം വോട്ട് യുപിഎയ്ക്ക്. 36 ശതമാനം വോട്ട് എൻഡിഎയ്ക്ക്. മറ്റുള്ളവർക്ക് 23 ശതമാനം. ബിജെപിയുടെ വോട്ട്് കൂടുതലും കേന്ദ്രീകരിച്ചിരിക്കുന്നത് ഉത്തരേന്ത്യയിലും പശ്ചിമേന്ത്യയിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലുമായതിനാലാണ് കൂടുതൽ സീറ്റുകൾ അവർ നേടാനാണ് സാധ്യത എന്ന് പറയുന്നത്.
മൂന്നാമത്തെ സാധ്യത ഇങ്ങിനെ:
ദക്ഷിണേന്ത്യയിൽ ബിജെപിക്ക് രണ്ട് സഖ്യകക്ഷികൾ ഏതാണ്ട് ഉറപ്പായിട്ടുണ്ട്. തമിഴ്‌നാട്ടിൽ എഐഎഡിഎംകെയും ആന്ധ്രപ്രദേശിൽ വൈ എസ് ആർ കോൺഗ്രസും. എൻഡിഎയ്ക്ക് 255ഉം യുപിഎയ്ക്ക് 242 സീറ്റുകളും കിട്ടാം. ഇങ്ങനെ വന്നാലും സർക്കാർ രൂപീകരണത്തിൽ നിർണായകമാവുക ഇതര കക്ഷികളുടെ നിലപാട്. ടിആർഎസും (തെലങ്കാന രാഷ്ട്ര സമിതി) ബിജെഡിയും (ബിജു ജനതാദൾ) എൻഡിഎയെ പിന്തുണച്ചാൽ അവർക്ക് 282 സീറ്റ് ആകും.