ശ്രീനഗര്‍- ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഗാസക്കും പലസ്തീനിനും സംഭവിച്ച അതേ ഗതിയാണ് കശ്മീരിനേയും കാത്തിരിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് മേധാവിയും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള. പൂഞ്ചില്‍ തീവ്രവാദി ആക്രമണത്തില്‍ 5 സൈനികര്‍ കൊല്ലപ്പെടുകയും അടുത്ത ദിവസം മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഫാറൂഖ് അബ്ദുള്ളയുടെ ഞെട്ടിക്കുന്ന പ്രസ്താവന.
ചര്‍ച്ചയിലൂടെ പരിഹാരം കണ്ടില്ലെങ്കില്‍, ഇസ്രായില്‍ ബോംബിട്ട് നശിപ്പക്കുന്ന ഗാസക്കും ഫലസ്തീനിനും സംഭവിച്ച അതേ ഗതിയാണ് നമുക്കും നേരിടേണ്ടിവരുകയെന്ന് മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
അന്തരിച്ച പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ കശ്മീരിലെ നിലപാട് ഉദ്ധരിച്ച് ഫാറൂഖ് അബ്ദുള്ള പറഞ്ഞു, 'നമുക്ക് സുഹൃത്തുക്കളെ മാറ്റാന്‍ കഴിയും, എന്നാല്‍ നമ്മുടെ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന് അടല്‍ ബിഹാരി വാജ്പേയി പറഞ്ഞിരുന്നു. അയല്‍ക്കാരുമായി സൗഹൃദം പുലര്‍ത്തിയാല്‍ രണ്ടുപേരും പുരോഗമിക്കും. യുദ്ധം ഇപ്പോള്‍ ഒരു ഓപ്ഷനല്ലെന്നും കാര്യങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും അന്ന് പ്രധാനമന്ത്രി പറഞ്ഞു.
എവിടെയാണ് സംഭാഷണം, നവാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകാന്‍ പോകുകയാണ്, ഇന്ത്യയുമായി ചര്‍ച്ചക്ക് തയാറാണെന്ന് അവര്‍ പറയുന്നു, പക്ഷേ എന്തുകൊണ്ടാണ് നാം സംസാരിക്കാന്‍ തയാറാകാത്തത്? പരിഹാരം കണ്ടില്ലെങ്കില്‍, സംഭാഷണത്തിലൂടെ, ഇസ്രായില്‍ ബോംബിട്ട് നശിപ്പിക്കുന്ന ഗാസയുടെയും ഫലസ്തീനിന്റെയും അതേ വിധി നമ്മളും നേരിടും.