Sorry, you need to enable JavaScript to visit this website.

ഹിന്ദുത്വ തീവ്രവാദികളുടെ ഭീകരാക്രമണ പദ്ധതി: ശിവ സേനാ നേതാവും പിടിയില്‍

മുംബൈ- മഹാരാഷ്ട്രയിലെ അഞ്ചു നഗരങ്ങളില്‍ സ്‌ഫോടനം നടത്താനുള്ള ഹിന്ദുത്വ തീവ്രവാദികളുടെ പദ്ധതി പുറത്തു കൊണ്ടു വന്ന പോലീസ് അന്വേഷണ സംഘം കേസുമായി ബന്ധപ്പെട്ട് ശിവ സേനാ നേതാവിനെ അറസ്റ്റ് ചെയ്തു. മുന്‍ കോര്‍പറേഷന്‍ അംഗമായ ശ്രീകാന്ത് പംഗര്‍ക്കറാണ് അറസ്റ്റിലായത്. കേസില്‍ സംഘപരിവാര്‍ ബന്ധമുള്ള തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്ഥയുമായി ബന്ധമുള്ള മൂന്ന് പേരെ സ്‌ഫോടക വസ്തു ശേഖരവുമായി മഹാരാഷ്ട്ര ഭീകരവിരുദ്ധ സംഘം (എ.ടി.എസ്) നേരത്തെ അറസ്റ്റിലായിരുന്നു. പൊളിഞ്ഞ സ്‌ഫോടന പദ്ധതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് ശ്രീകാന്ത് പംഗര്‍ക്കര്‍. 

സ്‌ഫോടക വസ്തുക്കള്‍ ഒരുമിച്ചു കൂട്ടാനും ശേഖരിച്ചു വയ്ക്കാനും ഇയാള്‍ സൗകര്യം ചെയതു നല്‍കിയതായി നേരത്തെ അറസ്റ്റിലായ പ്രതികള്‍ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീകാന്തിനെ പിടികൂടിയത്. അതേസമയം ഇദ്ദേഹവുമായി ശിവ സേനയ്ക്ക് ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി അറിയിച്ചു. എന്നാല്‍ ശ്രീകാന്ത് നേരത്തെ സ്‌ഫോന പദ്ധതിയെ കുറിച്ചും സനാതന്‍ സംസ്ഥയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചു തന്നോട് സംസാരിച്ചിരുന്നതായി മഹരാഷ്ട്ര മന്ത്രിയും ശിവ സേനാ നേതാവുമായ അര്‍ജിന്‍ ഖോട്കര്‍ തുറന്നു സമ്മതിച്ചു. മുതിര്‍ന്ന പല ശിവ സേനാ നേതാക്കളും ശ്രീകാന്തുമായി ബന്ധം പുലര്‍ത്തിയിരുന്നെന്നും അദ്ദേഹം പറയുന്നു.

മുംബൈ, സോളാപൂര്‍, സതാറ, പൂനെ, നലസോപാറ എന്നീ നഗരങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്താനായിരുന്നു ഹിന്ദുത്വ തീവ്രവാദ സംഘടനയായ സനാതന്‍ സംന്‍സ്ഥയുടെ പദ്ധതിയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റ് ചെയ്തവരില്‍ നിന്നായി 20 ക്രൂഡ് ബോംബുകളും 21 നാടന്‍ ആയുധങ്ങളും എ.ടി.എസ് പിടികൂടിയിട്ടുണ്ട്.

ഞായറാഴ്ച അറസ്റ്റിലായ ശ്രീകാന്ത് പംഗര്‍ക്കര്‍ 2001 മുതല്‍ 2011 വരെ ജല്‍ന മുനിസിപ്പല്‍ കോര്‍പറേഷന്‍ അംഗമായിരുന്നു. വര്‍ഷങ്ങളായി ഇദ്ദേഹത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഭാരവാഹിയല്ലെന്നും ശിവസേന പറയുന്നു. എട്ടു വര്‍ഷത്തോളമായി അദ്ദേഹത്തിന് പാര്‍ട്ടിയുമായി ഒരുബന്ധവുമില്ലെന്നാണ് മന്ത്രി അജിത് ഖൊട്കര്‍ പറയുന്നത്.
 

Latest News