Sorry, you need to enable JavaScript to visit this website.

ശ്രീരാമൻ വിളിച്ചവർ മാത്രമേ രാമക്ഷേത്ര പതിഷ്ഠയിൽ പങ്കെടുക്കൂവെന്ന് കേന്ദ്രമന്ത്രി, ഒരിക്കലും വരില്ലെന്ന് വൃന്ദാ കാരാട്ട്

ന്യൂദൽഹി-  അടുത്ത മാസം നടക്കാനിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ എല്ലാവർക്കും ക്ഷണക്കത്ത് അയച്ചിട്ടുണ്ടെന്നും എന്നാൽ ശ്രീരാമൻ വിളിച്ചവർ മാത്രമേ ചടങ്ങിനെത്തൂവെന്നും കേന്ദ്ര മന്ത്രി മീനാക്ഷി ലേഖി. ഒരു മതപരിപാടിയുടെ രാഷ്ട്രീയവത്കരണമാണ് അയോധ്യയിൽ നടക്കുന്നതെന്നും അതിനാൽ പരിപാടിയിൽ പങ്കെടുക്കില്ലെന്നും സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് പറഞ്ഞു. ഇല്ല, ഞങ്ങൾ പങ്കെടുക്കില്ല. ഞങ്ങൾ മതവിശ്വാസങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ അവർ(ബി.ജെ.പി) ഒരു മതപരമായ പരിപാടിയെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുകയാണ്. മതത്തെ രാഷ്ട്രീയ ആയുധമാക്കുകയോ രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യുന്നത് ശരിയല്ല- വൃന്ദാ കാരാട്ട് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു. 
അതേസമയം, സി.പി.എമ്മിന് പുറമെ മുൻ കോൺഗ്രസ് നേതാവ് കപിൽ സിബലും ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി. എന്റെ ഹൃദയത്തിൽ ശ്രീരാമൻ ഉണ്ടെന്നും അതിനാൽ, ചടങ്ങിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നും കപിൽ സിബൽ പറഞ്ഞു. ഞാൻ നിങ്ങളോട് സംസാരിക്കുന്നത് എന്റെ ഹൃദയത്തിൽ നിന്നാണ്. ഞാൻ ഇക്കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നില്ല. രാമൻ എന്റെ ഹൃദയത്തിലുണ്ടെങ്കിൽ, രാമനാണ് എന്റെ യാത്രയിൽ എന്നെ നയിച്ചതെങ്കിൽ, അതിനർത്ഥം ഞാൻ എന്തെങ്കിലും ശരിയായി ചെയ്തു എന്നാണ്- കപിൽ സിബൽ പറഞ്ഞു. അവർ ശ്രീരാമനെക്കുറിച്ച് സംസാരിക്കുന്നു. പക്ഷേ അവരുടെ സ്വഭാവം ശ്രീരാമന്റേതല്ല. സത്യം, സഹിഷ്ണുത, ത്യാഗം, മറ്റുള്ളവരോടുള്ള ബഹുമാനം എന്നിവയാണ് രാമന്റെ ചില സ്വഭാവസവിശേഷതകൾ. പക്ഷെ അത് ബി.ജെ.പിക്കില്ല. നിങ്ങളുടെ ഹൃദയത്തിൽ രാമന്റെ തത്വങ്ങൾ ഉണ്ടായിരിക്കണം-സിബൽ പറഞ്ഞു. പരിപാടി ബഹിഷ്‌കരിക്കുമെന്ന് സി.പി.ഐയും വ്യക്തമാക്കി. 
അതേസമയം, കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെക്കും സോണിയ ഗാന്ധിക്കും ഇതോടകം ക്ഷണം അയച്ചിട്ടുണ്ട്. ലോക്‌സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. അതേസമയം, കോൺഗ്രസ് നിലപാട് ജനുവരി 20ന് പറയുമെന്നാണ് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്. പരിപാടിയിലേക്ക് ക്ഷണിച്ചതിന് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

Latest News