കോട്ടയത്ത് എത്തിച്ചേർന്നാൽ നിർബന്ധമായും കാണേണ്ട സ്ഥലമാണ് കുമരകം. കേരളത്തിന്റെ ടൂറിസം വകുപ്പ് മുമ്പൊക്കെ കോവളവും കൊച്ചിയും പോലെ പ്രൊമോട്ട് ചെയ്തിരുന്ന സ്ഥലമാണ് കുമരകവും. കേരളത്തിന് ദൈവത്തിന്റെ സ്വന്തം നാടെന്ന പേര് എങ്ങനെ ലഭിച്ചുവെന്നതിന് ഉത്തരമാണ് കുമരകവും പാതിരാമണൽ ദ്വീപുമെല്ലാം. റോഡ് മാർഗം ചുരുങ്ങിയ സമയം കൊണ്ട് കോട്ടയത്ത് നിന്ന് ഇവിടെയെത്താം. രണ്ടോ, മൂന്നോ മണിക്കൂർ ചെലവഴിച്ച് ഇവിടെ നിന്ന് പുത്തൻ ഉന്മേഷത്തോടെ തിരിച്ചു പോകാം. അടുത്തുളള റെയിൽവേ സ്റ്റേഷൻ - കോട്ടയം-13 കി. മീ. ദൂരം, വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം- 94 കി.മീ.കോട്ടയം - ചേർത്തല വഴി റോഡ് മാർഗം ഇവിടേക്കെത്താം. ആലപ്പുഴ വഴിയും വരാം.
കുമരകത്തെത്തിയാൽ അധികം പണച്ചെലവില്ലാതെ ബോട്ട് യാത്ര ചെയ്യാം. പാതിരാമണൽ വഴി മുഹമ്മ ജെട്ടിയിലിറങ്ങി തൊട്ടടുത്ത ബസ് സ്റ്റാൻഡിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിലേറി ആലപ്പുഴയിലെത്താം.
കുമരകത്തുനിന്ന് മുഹമ്മയിലേക്കുള്ള ഹ്രസ്വ ബോട്ട് യാത്രയ്ക്ക് 16 രൂപയ്ക്ക് യാത്ര ചെയ്യാം. രാവിലെയും വൈകുന്നരവും സ്കൂൾ-ഓഫീസ് സമയത്തൊഴിച്ചാൽ ബോട്ടിൽ കാര്യമായ തിരക്കില്ല.
സ്വകാര്യ ബോട്ടുകൾ ഒരു യാത്ര 750 രൂപ വരെയാണ് ഈടാക്കുക. കേരളത്തിലെ ഏറ്റവും വലിയ തടാകമായ വേമ്പനാട് വഴി 45 മിനിറ്റ് ദൈർഘ്യമുള്ളതാണ് ഈ യാത്ര. ആലപ്പുഴയിൽ നിന്ന് ബസിലോ, ട്രെയിനിലോ കേരളത്തിന്റെ ഏത് ഭാഗത്തുമെത്താം.
ലോക പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം. കോട്ടയം ജില്ലയിൽ വേമ്പനാട്ട് കായലിനോടു ചേർന്നു കിടക്കുന്ന ഒരു കൂട്ടം ദ്വീപുകളാണ് കുമരകം ഗ്രാമം. ഭൂമധ്യ രേഖക്ക് 9.35 ഡിഗ്രി വടക്കും 76.26 ഡിഗ്രി കിഴക്കുമായി ആണ് കുമരകം സ്ഥിതിചെയ്യുന്നത്. 17,000 ത്തിലധികം വിദേശ സഞ്ചാരികളും 30,000 ലധികം സ്വദേശി സഞ്ചാരികളും പ്രതിവർഷം ഇവിടെ എത്തുന്നു. ദേശാടന പക്ഷികളുടെ പറുദീസയായ ഇവിടം പക്ഷി നിരീക്ഷകരുടെ സ്വർഗമാണ്. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, തണ്ണീർ പക്ഷികൾ, കുയിൽ, കാട്ടുതാറാവ് തുടങ്ങി ഇവിടെ വസിക്കുന്നതും ദേശാടനത്തിനിടയിൽ എത്തുന്നതുമായ നിരവധി പക്ഷികളെ കൂട്ടത്തോടെ കാണാം. കണ്ടൽക്കാടുകൾ നിറയെ ഉള്ള സ്ഥലങ്ങളിലൊന്നാണ് കുമരകം. കായൽ നികത്തി ഉണ്ടാക്കിയ കേരളത്തിലെ ആദ്യത്തെ പാടശേഖരങ്ങളും കുമരകത്താണ്. സമുദ്ര നിരപ്പിനു താഴെ സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് കുമരകത്തെ കേരളത്തിന്റെ നെതർലാൻഡ്സ് എന്നു വിളിക്കുന്നത്.
സമ്പന്നർക്കും പ്രമുഖ വ്യക്തികൾക്കും അത്യാനുധിക സൗകര്യങ്ങളോടെ കഴിയാൻ റിസോർട്ടുകളുണ്ട്.
കായൽതീര സഞ്ചാര കേന്ദ്രം എന്നതിലുപരി സന്ദർശകർക്ക് ഒട്ടേറെ അവിസ്മരണീയ അനുഭവങ്ങൾ സമ്മാനിക്കുന്ന ഇടമാണിത്. വിശാലമായ ഒരു പഴയ ബംഗ്ലാവ് റിസോർട്ടാക്കി മാറ്റിയ താജ് ഗാർഡൻ റിട്രീറ്റിൽ ബോട്ടിംഗിനും ചൂണ്ടയിടലിനും മറ്റും സൗകര്യങ്ങളുണ്ട്. കെ.ടി.ഡി.സിയുടെ വാട്ടർസ്കേപ്സ് ഊന്നു തൂണുകളിൽ ഉയർത്തിയ കോട്ടേജുകളാണ്. തെങ്ങിൻ തോപ്പുകളിൽ കായലിന് അഭിമുഖമായാണ് കോട്ടേജുകൾ നിരന്നിട്ടുളളത്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയി മുതൽ രാഹുൽ ഗാന്ധി വരെ കുമരകത്തിന്റെ ആതിഥേയത്വം സീകരിച്ചവരാണ്. ഏതാനും മാസങ്ങൾക്കപ്പുറം (2023 ഏപ്രിലിൽ) ജി 20 ഷെർപ്പമാരുടെ യോഗം ഇവിടെ ചേർന്നിരുന്നു. ഇന്ത്യക്കായിരുന്നുവല്ലോ ജി20 അധ്യക്ഷ പദവി. ജി20 അംഗങ്ങൾ, ക്ഷണിക്കപ്പെട്ട 9 രാഷ്ട്രങ്ങൾ, വിവിധ അന്താരാഷ്ട്ര - പ്രാദേശിക സംഘടനകൾ എന്നിവയിൽ നിന്നുള്ള 120 ലധികം പ്രതിനിധികൾ കുമരകത്ത് സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്തു.
കുമരകം ഗ്രാമത്തിന് 51.67 ചതുരശ്ര കി.മീ. വീസ്തീർണമുണ്ട്. ഇതിലെ 24.13 ച.കീ.മീ. വേമ്പനാട് കായലിനടിയിലാണ്. 15.75 ച.കി.മീറ്ററോളം പാടശേഖരങ്ങളാണ്. ഇത്തരം 45 പാടശേഖരങ്ങൾ ഉണ്ട്. ഇതിൽ ഏക്കർ മുതൽ 400 ഏക്കർ വരെയുള്ളവ ഉൾപ്പെടുന്നു. ഇവയെല്ലാം സമുദ്ര നിരപ്പിൽ നിന്ന് അരയടിയോളം താഴയാണെന്നതാണ് വലിയ പ്രത്യേകത. സമുദ്ര ജലം കയറാതിരിക്കാൻ ബണ്ടുകളും ചിറകളും കെട്ടിയിരിക്കുന്നു. തണ്ണീർമുക്കം ബണ്ട് അതിലൊന്നാണ്. നിരവധി ഇനം സസ്യങ്ങൾക്കും ജീവജാലങ്ങൾക്കും വാസഗൃഹമാണ് ഈ പ്രദേശം. ദേശാടന പക്ഷികൾ എത്താറുള്ള ഒരു പ്രശസ്തമായ പക്ഷിസങ്കേതമാണ് കുമരകം പക്ഷിസങ്കേതം. കുമരകത്തിന് അടുത്തുള്ള പാതിരാമണൽ ദ്വീപിലും ധാരാളം പക്ഷികൾ എത്താറുണ്ട്. വേമ്പനാട്ട് കായൽ പലയിനം മത്സ്യങ്ങളുടെ വാസസ്ഥലമാണ്. കരിമീൻ, ചെമ്മീൻ, കരിക്കാടി, കക്ക എന്നിവ വേമ്പനാട് കായലിൽ സുലഭമാണ്. കുമരകം പക്ഷിസങ്കേതം 14 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്നു.
പക്ഷിസങ്കേതം, ശാന്തമായ അന്തരീക്ഷം എന്നിവക്കൊപ്പം ബോട്ട് സവാരിക്കും പേരുകേട്ടതാണ് കുമരകം. ബോട്ട് സവാരിക്ക് മുമ്പ് കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ ഒത്തുള്ള രസകരമായൊരു അനുഭവത്തിനായി കുമരകം നടപ്പാതയിലൂടെ നടക്കാം. ബോട്ട് യാത്രക്കിടെ ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായ പതിരാമണൽ ദ്വീപ് കാണാം. വൈകുന്നേരമാണ് ബോട്ട് എടുക്കുന്നതെങ്കിൽ സവാരി സമയത്ത് സൂര്യാസ്തമയവും കാണാനാകും. ഗ്രാമവാസികളുടെ പ്രവർത്തനഫലമായി കുമരകം ഇപ്പോൾ ഒരു പ്ലാസ്റ്റിക് നിരോധിത മേഖലയാണ്. എന്നിരുന്നാലും ടൂറിസത്തിന്റെ അതിദ്രുതമായ വളർച്ചയുടെ ഫലമായി പാരിസ്ഥിതികാഘാതം ഇന്ന് കുമരകത്ത് അനുഭവപ്പെടുന്നുണ്ട്.
കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ കേരളത്തിൽ നിന്നു കുമരകവും ബേപ്പൂരും അടുത്തിടെ ഉൾപ്പെടുത്തി. 19 സംസ്ഥാനങ്ങളിലെ 36 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലാണ് കേരളത്തിൽ നിന്നും കുമരകവും ബേപ്പൂരും ഇടം നേടിയിരിക്കുന്നത്. കർണാടകയിലെ ഹംപി, മൈസൂരു നഗരങ്ങളും പദ്ധതിയിലുണ്ട്. കുമരകത്തിന് ഇതിന്റെയൊന്നും പ്രയോജനം ലഭിക്കുന്നതായി കാണാനില്ല. 1990 ൽ കോട്ടയത്ത് ജോലി ചെയ്യുന്ന കാലത്താണ് ആദ്യമായി കുമരകം സന്ദർശിക്കുന്നത്. വാരാന്ത്യത്തിലെ നാട്ടിലേക്കുള്ള മടക്കയാത്ര കുമരകം, ബോട്ട്, മുഹമ്മ വഴി ആലപ്പുഴ.
ആലപ്പുഴയിൽ നിന്ന് കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വടകരയിലേക്ക്. കുമരകം കടവിലെ കുടുംബം നടത്തുന്ന നാടൻ കടയിൽ നിന്ന് കോട്ടയത്തിന്റെ പരമ്പരാഗത രുചിയുള്ള മീൻ കറിയും കൂട്ടി ഊണും കഴിച്ചു. എല്ലാം പോക്കറ്റ് ഫ്രണ്ട്ലി. ഇപ്പോൾ മൂന്ന് ദശകങ്ങൾക്കിപ്പുറം വീണ്ടുമെത്തിയപ്പോൾ കുമരകത്തിന് ഒരു മാറ്റവുമില്ലെന്നതാണ് ഫസ്റ്റ് ഇംപ്രഷൻ. അന്നൊക്കെ കോട്ടയം നഗരമധ്യത്തിൽ നിന്ന് ചുകപ്പ് സിറ്റി ബസിൽ കയറി കുമരകത്തെത്താമായിരുന്നു. ഇപ്പോഴാകെ കൺഫ്യൂഷനാണ്. നാഗമ്പടം സ്റ്റാൻഡിൽ നിന്നുള്ള ചേർത്തല പ്രൈവറ്റ് ബസുകളാണ് പ്രധാന ആശ്രയം. കെ.എസ്.ആർ.ടി.സി എപ്പോൾ വരുമെന്ന് ആർക്കുമറിയില്ല. കുമരകത്ത് ആഭ്യന്തര ടൂറിസ്റ്റുകൾക്ക് വിവരം നൽകാനൊരു സംവിധാനവുമില്ല.