Sorry, you need to enable JavaScript to visit this website.

കാട് കടന്നെത്തുന്ന ഭീഷണികൾ

പതിറ്റാണ്ടുകളായി ചർച്ച ചെയ്യപ്പെടുന്നതും എന്നാൽ പരിഹാരം കണ്ടെത്താൻ കഴിയാത്തതുമായ ഒട്ടേറെ പ്രശ്്‌നങ്ങൾക്ക് നടുവിലൂടെയാണ് മനുഷ്യ ജീവിതം മുന്നോട്ട് പോകുന്നത്.അതിലൊന്നാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘർഷം.കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ മനുഷ്യ ജീവിതത്തിന് ഭീഷണികളുയർത്താൻ തുടങ്ങിയിട്ട് കാലങ്ങളായി.ഈ സംഘർഷത്തിന് പ്രധാന കാരണക്കാരൻ മനുഷ്യൻ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടും മാറ്റങ്ങൾക്ക് തയാറാകാൻ സമൂഹം തയാറാകുന്നുമില്ല.പ്രകൃതിയുമായുള്ള മനുഷ്യന്റെ ഇടപെടൽ നാൾക്കുനാൾ സങ്കീർണവും സംഘർഷ ഭരിതവുമായി തുടരുന്നു.
പ്രകൃതിക്ഷോഭങ്ങൾക്ക് മൂലകാരണം മനുഷ്യന്റെ അശാസ്ത്രീയവും യുക്തിരഹിതവുമായ ഇടപെടലുകളാണെന്ന് ഏറെക്കുറെ തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്.അതോടൊപ്പം, മനുഷ്യനും വന്യജീവികളും തമ്മിൽ വർധിച്ചു വരുന്ന സംഘർഷവും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.വനാന്തരങ്ങളിൽ സൈ്വര വിഹാരം നടത്തിയിരുന്ന പുള്ളിപ്പുലികൾ ഇന്ന് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നു.കാട്ടാനകളുടെ ശല്യം വനമേഖലകളിലെ നിവാസികളുടെ ഉറക്കം കെടുത്തുന്നു.വയനാട്ടിൽ അടുത്തിടെ പുലിയുടെ ആക്രമണത്തിൽ ഒരാൾ മരിക്കുകയും ഒരു നാട് മുഴുവൻ ആശങ്കയുടെ മുൾമുനയിൽ നിൽക്കുകയും ചെയ്തു.വനം വകുപ്പ് ഏറെ സന്നാഹങ്ങളോടെയാണ് പുലിയെ കൂട്ടിലാക്കിയത്.വയനാടിന് പിന്നാലെ കണ്ണൂർ, മലപ്പുറം ജില്ലയുടെ ചില പ്രദേശങ്ങളിലും പുലിയുടെ ഭീഷണി നിലനിൽക്കുന്നുണ്ട്.
വന്യജീവികൾ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നതിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.വനത്തിനുള്ളിൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാത്തത് അവയെ കാടിന് പുറത്തേക്ക് വരാൻ പ്രേരിപ്പിക്കാറുണ്ട്.അതൊടൊപ്പം,മനുഷ്യൻ വ്യാപകമായി വനങ്ങൾ കൈയേറുന്നതും വന്യമൃഗങ്ങളുടെ പരമ്പരാഗതമായ ആവാസ വ്യവസ്ഥകളിൽ ഇടപെടുന്നതും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം വർധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
മലബാറിലെ വനമേഖലകളിൽ കാർഷികാവശ്യങ്ങൾക്കായി മനുഷ്യർ കുടിയേറിയിട്ട് അര നൂറ്റാണ്ടിലേറെയായി.ഒരു കാലത്ത് കാട്ടാനകളുടെയും മറ്റു വന്യജീവികകളുടെയും ആവാസ കേന്ദ്രമായിരുന്ന ഇവിടങ്ങളിൽ നിന്ന് അവയെ ഭയപ്പെടുത്തി ആട്ടിയോടിച്ചാണ് അവർ കൃഷിയിറക്കിത്തുടങ്ങിയത്.പിന്നീട് ആ വെട്ടിപ്പിടിക്കൽ കൂടുതൽ വനാന്തരങ്ങളിലേക്ക് നീങ്ങി.വന്യമൃഗങ്ങൾ സഞ്ചരിച്ചിരുന്ന പരമ്പരാഗത വഴികളിൽ പലതും കൊട്ടിയടക്കപ്പെട്ടു.മുമ്പ് വിശാലമായിരുന്ന വനത്തിന്റെ അതിരുകൾ ചുരങ്ങുകയും മൃഗങ്ങൾക്ക് അവരുടെ സൗകര്യപ്രദമായ ഇടങ്ങൾ വിട്ടൊഴിയേണ്ടി വരികയും ചെയ്തു.പഴയ ഇടങ്ങളും വഴികളും നഷ്ടപ്പെട്ട മൃഗങ്ങൾ ഇന്ന് പുതിയ ഇടങ്ങൾ തേടി പോകുമ്പോഴാണ് ജനവാസ മേഖലയിലേക്കെത്തുന്നതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.മുമ്പ് കാടിനുള്ളിലുണ്ടായിരുന്നതും എന്നാൽ ഇപ്പോൾ മനുഷ്യർ കൈയടക്കിയതുമായ ചോലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് മൃഗങ്ങൾ ഇന്ന് എത്തുന്നത് ജനവാസ കേന്ദ്രങ്ങളിലൂടെയാണ്.പണ്ട് അത് വനമായിരുന്നു.ഇന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങളായി മാറിയെന്ന് മാത്രം.

വനാതിർത്തികളിലെ നിർമാണ പ്രവർത്തനവും ജനവാസവുമെല്ലാം വന്യമൃഗങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയാണെന്ന തിരിച്ചറിവുണ്ടാവേണ്ടതുണ്ട്.മനുഷ്യൻ വനത്തിനുള്ളിൽ നടത്തിയ കൈയേറ്റത്തെ മറന്നുകൊണ്ടാണ്, മൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നുവെന്ന് നാം വിലപിക്കുന്നത്.പരമ്പരാഗതമായ മേച്ചിൽപുറങ്ങൾ നഷ്ടപ്പെടുമ്പോൾ മൃഗങ്ങൾ മറ്റിടങ്ങളിലേക്ക് എത്തുന്നത് സ്വാഭാവികമാണ്.ഈ ഭീഷണി മുന്നിൽ കണ്ടുകൊണ്ടു വേണം വരുംനാളുകളുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.

വനാതിർത്തികളിലെ കൃഷി ശാസ്ത്രീയമല്ലെന്നറിഞ്ഞിട്ടും വാഴയടക്കമുള്ള കാർഷിക വിളകൾ ഈ മേഖലയിൽ കൃഷി ചെയ്യുന്നുണ്ട്.എല്ലാ സ്ഥലവും എല്ലാകാലത്തും കൃഷിയോഗ്യമാകില്ലെന്നത് കൃഷിയുമായി ബന്ധപ്പെട്ട പാഠമാണ്.ഈ പാഠമുൾക്കൊള്ളാതെ വന്യമൃഗങ്ങൾ എത്തുന്ന സ്ഥലങ്ങളിൽ കൃഷിയിറക്കാൻ ശ്രമിക്കുന്നവരാണ് മനുഷ്യർ.അവിടെയെത്തുന്ന മൃഗങ്ങളെ പടക്കം പൊട്ടിച്ചും ഷോക്കടിപ്പിച്ചും തിരിച്ചോടിക്കുന്ന രീതി ഏറെക്കാലമായി തുടർന്നു വരുന്നുമുണ്ട്.
പുലികളെ പോലുള്ള ആക്രമണകാരികളായ മൃഗങ്ങൾ നാട്ടിലേക്കെത്തുന്നത് പലപ്പോഴും വാഹനങ്ങളിലൂടെയാണ്.വനാന്തരങ്ങളിലൂടെ നിർമിച്ച റോഡുകളിലൂടെ പോകുന്ന ലോറികളിൽ കയറിക്കൂടുന്ന പുലികൾ പിന്നീട് എത്തുന്നത് അവയ്ക്ക് അന്യമായ പുതിയ ഇടങ്ങളിലാണ്.സ്വന്തം ആവാസ വ്യവസ്ഥയെ നഷ്ടപ്പെടുന്ന ഈ ജീവികൾ നിസ്സഹായരും ഭയചകിതരും ആക്രമണകാരികളുമാകുന്നത് സ്വാഭാവികമാണ്.കാടിനുള്ളിൽ നിന്ന് ഇത്തരത്തിൽ മൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലേക്ക് എത്താനുള്ള സാധ്യകളെ കുറിച്ചൊന്നും വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ നമ്മൾ ആലോചിക്കാറില്ല.മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിൽ കടന്നുകയറി അവയുടെ സൈ്വര ജീവിതം നശിപ്പിക്കുന്ന മനുഷ്യർ, അവയെ നാട്ടിലെത്തുമ്പോൾ അവയുടെ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യുകയാണ് പതിവ്.
ഒരോ ജീവജാലങ്ങൾക്കും അവയുടെ തനതായ ജീവിത സാഹചര്യങ്ങളുണ്ട്.മൽസ്യങ്ങൾക്ക് കടലും പുഴയുമെന്നതു പോലെ മൃഗങ്ങൾക്ക് കാട് ഒഴിച്ചുകൂടാനാകാത്തതാണ്.ഈ സാഹചര്യങ്ങളെ നശിപ്പിക്കുന്ന മനുഷ്യൻ പ്രകൃതിയിൽ നിലനിൽക്കുന്ന സന്തുലിതാവസ്ഥയാണ് ഇല്ലാതാക്കുന്നത്.വികസനത്തിന്റെ പേരിലും ലാഭക്കൊതിയുടെ പേരിലും വനം കൈയേറി നടപ്പാക്കുന്ന പദ്ധതികൾ ഈ സന്തുലിതാവസ്ഥയുടെ കടയ്ക്കലാണ് കത്തിവെക്കുന്നത്.
വനാതിർത്തികളിലെ നിർമാണ പ്രവർത്തനവും ജനവാസവുമെല്ലാം വന്യമൃഗങ്ങളുടെ സൈ്വര ജീവിതത്തിന് ഭീഷണിയാണെന്ന തിരിച്ചറിവുണ്ടാവേണ്ടതുണ്ട്.മനുഷ്യൻ വനത്തിനുള്ളിൽ നടത്തിയ കൈയേറ്റത്തെ മറന്നുകൊണ്ടാണ്, മൃഗങ്ങൾ ജനവാസ മേഖലയിലേക്കെത്തുന്നുവെന്ന് നാം വിലപിക്കുന്നത്.പരമ്പരാഗതമായ മേച്ചിൽപുറങ്ങൾ നഷ്ടപ്പെടുമ്പോൾ മൃഗങ്ങൾ മറ്റിടങ്ങളിലേക്ക് എത്തുന്നത് സ്വാഭാവികമാണ്.ഈ ഭീഷണി മുന്നിൽ കണ്ടുകൊണ്ടു വേണം വരുംനാളുകളുടെ വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ.വനം സുന്ദരമായ ഇടമാണ് എന്നതുകൊണ്ട് അത് കൈയേറി, അതിനുള്ളിലെ ആവാസ വ്യവസ്ഥയെ നശിപ്പിക്കണമെന്ന് അർഥമില്ല.വനാതിർത്തികളിൽ വന്യജീവികളുടെ സൈ്വര ജീവിതത്തിന് വിഘാതമുണ്ടാക്കുന്ന പ്രവർത്തനങ്ങളെ കർശനമായി തടയേണ്ടതുണ്ട്.എന്നാൽ മാത്രമേ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷത്തിന് അറുതിയാകൂ.

Latest News