ന്യൂഡൽഹി - അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് സി.പി.എം ദേശീയ ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി. മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പാർട്ടി നയം. എന്നാൽ, രാഷ്ട്രീയ നേട്ടത്തിന് മതത്തെ ഉപയോഗിക്കരുതെന്നും രാമക്ഷേത്രം ഉദ്ഘാടനത്തിൽ പങ്കെടുക്കണോ വേണ്ടയോ എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
മതപരമായ ചടങ്ങിനെ സർക്കാർ സ്‌പോൺസേഡ് പരിപാടി ആക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല. ഭരണകൂടത്തിന് മതപരമായ ബന്ധം പാടില്ലെന്നാണ് ഭരണഘടന വ്യക്തമാക്കുന്നത്. സുപ്രിംകോടതി ഇക്കാര്യം ആവർത്തിച്ചു വ്യക്തമാക്കിയതാണെന്നും രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാത്തതിനെ വിമർശിച്ച വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബൻസലിന് മറുപടിയായി യെച്ചൂരി വ്യക്തമാക്കി. രാമവിരുദ്ധമാണ് യെച്ചൂരിയുടെ ഡി.എൻ.എ എന്ന് വി.എച്ച്.പി വക്താവ് ആരോപിച്ചിരുന്നു.