Sorry, you need to enable JavaScript to visit this website.

മലബാറിന്റെ രുചിയും മണവും ലോകത്തോളം പരത്തി കോഴിക്കോട് പാരഗൺ; ക്യൂ നിന്ന് ഉപഭോക്താക്കൾ

കോഴിക്കോട് - പാരഗൺ ഹോട്ടലിലെ ചിക്കൻ ബിരിയാണി, റഹ്മത്തിലെ ബീഫ് ബിരിയാണി, അളകാപുരിയിലെ സദ്യ, കോഫി ഹൗസിലെ നെയ്‌റോസ്റ്റ്, ടോപ്‌ഫോമിലെ ജിഞ്ചർ ചിക്കൻ, സാഗറിലെ നെയ്‌ച്ചോറും ചിക്കനും, സൈനുത്തായുടെ ഇറച്ചിപ്പത്തിരിയും ഉന്നക്കായും അങ്ങനെ കോഴിക്കോട് എന്ന് കേൾക്കുമ്പോഴേക്ക് പലരുടെയും നാവിൻ തുമ്പിലെത്തുന്ന ഭക്ഷണ വിഭവങ്ങളിൽ ചിലതാണിത്.

 ബിരിയാണി കാണത്തവരും കഴിക്കാത്തവരും ഉണ്ടാകില്ല. പക്ഷേ, കോഴിക്കോട്ടെ പാരഗൺ ഹോട്ടലിലെ ചിക്കൻ ബിരിയാണി കഴിച്ചവർക്കത് പുത്തൻ അനുഭൂതിയാവും. അതേ, ലോകത്തിന്റെ രുചിപ്പെരുമയിൽ കോഴിക്കോടിനൊപ്പം പാരഗണിലെ ബിരിയാണിയും ആവി പറപ്പിക്കുകയാണ്. ലോകത്തെ 150 ഭക്ഷണങ്ങളിലാണ് പാരഗണിലെ ബിരിയാണി ലോകത്തോളം കൊതിയടിപ്പിക്കുന്നത്. അങ്ങനെ, പാരഗണിന്റെ രുചിയും മണവും ലോകത്തോളം പറക്കുകയാണിപ്പോൾ.

 ക്രൊയേഷ്യ ആസ്ഥാനമായുള്ള ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തെ 150 ഐതിഹാസിക റസ്റ്റാറന്റുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനമാണ് ചരിത്രമുറങ്ങുന്ന കോഴിക്കോടൻ മണ്ണിലെ പാരഗണും അവിടുത്തെ ബിരിയാണിയും അടയാളപ്പെടുത്തിയത്. ഇന്ത്യയിലെ നമ്പർ വൺ ഹോട്ടലും. ടേസ്റ്റ് അറ്റ്‌ലസിന്റെ റാങ്കിങ്ങിൽ കഴിഞ്ഞ മൂന്നു വർഷമായി ഇന്ത്യയിൽ ഒന്നാംസ്ഥാനത്താണ് പാരഗൺ എന്നതും ശ്രദ്ധേയമാണ്. ലോകത്തെ വിവിധ ഫുഡ് വ്‌ളോഗർമാരുടെയും ടേസ്റ്റ് അറ്റ്‌ലസിന്റെ 30 പേരടങ്ങിയ ഗവേഷണ വിഭാഗവും ചേർന്ന് തയ്യാറാക്കിയ പട്ടിക പ്രകാരം ഇവിടുത്തെ ബിരിയാണിയാണ് രുചിപ്പട്ടികയിലെ 'ഐകോണിക് ഡിഷ്'. ജീവതത്തിൽ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങൾ നിങ്ങൾ രുചിക്കണമെന്ന് പറഞ്ഞാണ് ടേസ്റ്റ് അറ്റലസ് ഈ പട്ടിക പുറത്തുവിട്ടത്. 

  രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കും മുമ്പേ, ഒരു ബേക്കിങ്ങ് കമ്പനിയായാണ് സ്ഥാപനത്തിന്റെ തുടക്കം. സായിപ്പന്മാരുടെ യൂറോപ്യൻ ടേസ്റ്റുകളടക്കം തിത്തിക്കളിക്കുന്നതിനിടെ, കോഴിക്കോടൻ സ്‌നേഹത്തിൽ മലബാറിന്റെ രുചിവൈവിധ്യങ്ങളാവഹിച്ച് കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്ക് താമസം മാറിയെത്തിയ പി ഗോവിന്ദനും മകൻ പി.എം വൽസനും ചേർന്ന് 1939-ലാണ് കണ്ണൂർ റോഡിൽ സി.എച്ച് ഓവർ ബ്രിഡ്ജിന് താഴെയായി പാരഗൺ ബേക്കിംഗ് കമ്പനി ആരംഭിച്ചത്. 1977-ൽ വൽസന്റെ വിയോഗത്തെതുടർന്ന് ഭാര്യ സരസ്വതി ഹോട്ടൽ നടത്തിപ്പിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു. കടുത്ത സാമ്പത്തിക പ്രയാസത്തിനിടെ 1982-ൽ ഒരുവർഷം സ്ഥാപനം പ്രവർത്തിച്ചില്ലെങ്കിലും പിന്നീട് വീണ്ടും ഉറച്ച ചുവടുകളുമായി പ്രവർത്തിച്ചുതുടങ്ങി. 1985-ൽ ബി.കാം പഠനം പൂർത്തിയാക്കിയ മകൻ സുമേഷ് ഗോവിന്ദ് പിന്നീട് ഹോട്ടൽ നടത്തിപ്പിൽ സജീവമായി. സുമേഷിന്റെ മേൽനോട്ടത്തിൽ പടർന്നുപന്തലിച്ച പാരഗണിന് ഇന്ന് ഇന്ത്യയ്ക്ക് അകത്തും പുറത്തും നിരവധി സ്ഥാപനങ്ങളാണുള്ളത്. ഇന്ത്യയിലെ ഏറ്റവും നല്ല തീരദേശ വിഭവങ്ങൾക്കുള്ള ടൈംസ് നൗ അവാർഡ്, ലോകത്തെ അയ്യായിരത്തോളം മികച്ച ഹോട്ടലുകളെ പങ്കെടുപ്പിച്ച് അമേരിക്കൻ മാസികയായ ടൈം ഔട്ട് നടത്തിയ ബെസ്റ്റ് ബജറ്റ് റസ്റ്ററന്റ് ഇൻ ദുബൈ അവാർഡ് മൂന്നു തവണയടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ പാരഗണിന് ലഭിച്ചിട്ടുണ്ട്. പാരഗൺ, സൽക്കാര, എം ഗ്രിൽ, ബ്രൗൺടൗൺ കഫെ എന്നി നാലു ബ്രാൻഡുകളിലായി വികസിച്ച സ്ഥാപനം കേരളം, ബെംഗഌരു, ഗൾഫ് നാടുകളിലായി 26 ഔട്ട്‌ലെറ്റുകളിലായി പടർന്ന് പഴമയും പാരമ്പര്യവും ഉൾചേർന്ന പുത്തൻ രുചിവൈവിധ്യങ്ങളുടെ വേറിട്ട അനുഭവമാണ് ഭക്ഷണപ്രിയർക്കായി പാരഗൺ ഗ്രൂപ്പ് വിളമ്പുന്നത്.

  വയറ് മാത്രമല്ല, മനസ്സും നിറയ്ക്കുന്ന രുചിപ്പെരുമയാണ് സത്യത്തിന്റെ, പൈതൃക നഗരിക്ക് പാരഗൺ സമ്മാനിച്ചത്. മറ്റു ഭക്ഷണ വിഭവങ്ങൾക്കു പുറമെ, ദിവസവും 3500-ഓളം ചിക്കൻ ബിരിയാണിവിടെ ചെലവാകുന്നത്. ആഘോഷ സീസണുകളിലിത് അയ്യായിരത്തിനും മുകളിലാവും. തിരക്കുപിടിച്ച നഗരത്തിൽ, തിരക്കുള്ള മനുഷ്യർ സീറ്റില്ലാതെ എത്ര നേരവും വരിനിന്ന് പാരഗണിൽ സീറ്റ് പിടിക്കുന്നതിന് കാരണവും മറ്റൊന്നല്ല. രുചിയും വൃത്തിയും ഗുണനിലവാരവും വിലയും ആതിഥ്യവുമെല്ലാം ഒന്നിനൊന്ന് മിച്ചം. കോവിഡ് കാലത്തും ശേഷവുമെല്ലാം എല്ലാവർക്കും ആശ്രയിക്കാവുന്ന ഇടമാണ് പാരഗൺ ഹോട്ടലിലെ മെനു. 
 'വിശപ്പ് എല്ലാവർക്കും ഒരുപോലെയാണെന്നും അതിനാൽതന്നെ സമൂഹത്തിലെ ഏതുതരം വരുമാനക്കാർക്കും ഭക്ഷണത്തിന് ആശ്രയിക്കാവുന്ന ഹോട്ടലാണിതെന്നും സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ജനറൽ മാനേജർ രാജേഷ് വലിയവീട്ടിൽ മലയാളം ന്യൂസിനോട് പറഞ്ഞു. 13 വർഷമായി സാധാരണക്കാർക്കായി ഇവിടെ ഒരുക്കുന്ന ഉച്ച ഊണിന് 35 രൂപയാണ് വാങ്ങുന്നതെന്നും രണ്ടോ മൂന്നോ രൂപ ജി.എസ്.ടി കൂടിയതല്ലാതെ മറ്റൊരു വർധനവും ഇതുവരെയും വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിലക്കുറവിനിടയിലും സ്വാദിഷ്ടമായ വിഭവങ്ങളൊരുക്കി ഗുണനിലവാരത്തിൽ മുന്നിൽ നിൽക്കാൻ സ്ഥാപനത്തിന് ആവുന്നുവെന്നത് പാരഗൺ ഹോട്ടലിനെ വേറിട്ടുനിർത്തുന്നതായി അനുഭവസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.

 'സ്ഥാപനത്തിനുള്ള അംഗീകാരത്തിൽ വലിയ സന്തോഷമുണ്ട്. കൂട്ടായ്മയുടെ ഭാഗമാണ് ഇത്തരം നേട്ടങ്ങളെന്നും വിശ്വാസ്യതയാണ് എല്ലാറ്റിനേക്കാളും പ്രധാനമെന്നും പാരഗൺ ഗ്രൂപ്പിന്റെ എം.ഡി സുമേഷ് ഗോവിന്ദ് പ്രതികരിച്ചു. സൗഹൃദങ്ങളുടെയും സ്‌നേഹത്തിന്റെയും രുചിയിടത്തിൽ ഇതൊരു തപസെന്നോണം കൂടുതൽ ഉത്തരവാദിത്തങ്ങളാണ് ഞങ്ങളിലേൽപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുവ്വായിരത്തോളം ജീവനക്കാരുമായി കഠിനാധ്വാനം ചെയ്താണ് സുമേഷും കുടുംബവും കോഴിക്കോടിനും രാജ്യത്തിനു തന്നെയും പേരും പെരുമയും ജനഹൃദയങ്ങളുടെ രുചിമുകുളങ്ങളിൽ ഉറപ്പിച്ചത്.

Latest News