Sorry, you need to enable JavaScript to visit this website.

മോഡിയുടെ വിരുന്ന് തെറ്റല്ല; മണിപ്പൂർ ചർച്ച ചെയ്യേണ്ടിയിരുന്നുവെന്ന് പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം - പ്രധാനമന്ത്രി നരേന്ദ്ര മോഡി സഭാ പ്രതിനിധികൾക്കായി ക്രിസ്മസ് വിരുന്നൊരുക്കിയതിൽ തെറ്റില്ലെങ്കിലും മണിപ്പൂർ വംശഹത്യ അടക്കമുള്ള വിഷയങ്ങൾ ചർച്ചയാക്കേണ്ടതായിരുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. 
 ന്യൂനപക്ഷങ്ങൾക്ക് അതൃപ്തിയുണ്ടെന്ന് പ്രധാനമന്ത്രിക്ക് ബോധ്യപ്പെട്ടെങ്കിൽ നല്ല കാര്യം. ആ അസംതൃപ്തി നീക്കാൻ ശ്രമിക്കുന്നതും നല്ലത്. എന്നാൽ, ഇതും കാപട്യത്തോടെയാകരുത്. ക്രിസ്ത്യൻ വിഭാഗത്തിന് മാത്രമല്ല മുസ്‌ലിം സമുദായത്തിനും മോഡി ഭരണത്തിൽ ആശങ്കയുണ്ടെന്നും സാദിഖലി തങ്ങൾ പ്രതികരിച്ചു.
 പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ മണിപ്പൂർ അടക്കമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ടതായിരുന്നു. വിശ്വാസത്തെ തെറ്റിദ്ധരിപ്പിച്ച് വോട്ടാക്കി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമം ശരിയല്ലെന്നും അത് ഭരണകൂടത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ആരുടെ വിശ്വാസത്തെയും ഇകഴ്ത്തരുത്. സർക്കാർ ചർച്ചയ്ക്ക് വരുന്നത് നല്ലതാണ്. അതുവഴി തെറ്റ് തിരുത്താൻ സാധിക്കണമെന്നും സാദിഖലി തങ്ങൾ ഓർമിപ്പിച്ചു.
 മോഡിയുടെ ക്രിസ്മസ് വിരുന്നിൽ സഭാ പ്രതിനിധികൾ പങ്കെടുത്തതിൽ വിമർശവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം രംഗത്തെത്തിയിരുന്നു. ബിഷപ്പുമാർ വിചാരധാര വായിക്കണമെന്നും മണിപ്പൂരിനെക്കുറിച്ച് മൗനമെന്തെന്ന് മോഡിയോട് ചോദിക്കണമെന്നും വിരുന്നിന് പിന്നിലെ രാഷ്ട്രീയ അജണ്ട തിരിച്ചറിയണമെന്നും ബിനോയ് വിശ്വം ഓർമിപ്പിച്ചിരുന്നു. ഇത് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് സാദിഖലി തങ്ങളുടെ പ്രതികരണം.
 യേശു ഉയർത്തിയ മൂല്യങ്ങളും ജീവത്യാഗങ്ങളും ഓർക്കേണ്ട ദിവസമാണ് ക്രിസ്മസ് ദിനമെന്ന് പ്രധാനമന്ത്രി വിരുന്നിൽ പറഞ്ഞു. ക്രൈസ്തവ സമൂഹം രാജ്യത്തിന് നൽകുന്ന സംഭവനകൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി രാജ്യത്തെ തുടർന്നുള്ള വികസനങ്ങൾക്ക് ക്രിസ്ത്യൻ സഭകളുടെ പിന്തുണയും തേടുകയുണ്ടായി. യേശു കരുണയുടെയും സ്‌നേഹത്തിന്റെയും പാത കാണിച്ചു തന്നുവെന്നും ഈ മൂല്യങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് വെളിച്ചമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഫ്രാൻസിസ് മാർപാപ്പ രണ്ടുവർഷത്തിനകം ഇന്ത്യ സന്ദർശിക്കുമെന്നും മോഡി പറഞ്ഞു. ക്രൈസ്തവ സമൂഹത്തിന്റെ എതിർപ്പ് കുറച്ച്, കൂടെ നിർത്താനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമത്തിന്റെ ഭാഗമായി മതന്യൂനപക്ഷങ്ങളെ ആകർഷിക്കാനുള്ള തന്ത്രപരമായ നീക്കങ്ങളാണ് മോഡിയും സംഘവും ആസൂത്രണം ചെയ്തുകൊണ്ടിരിക്കുന്നത്.

Latest News