Sorry, you need to enable JavaScript to visit this website.

കാമുകിയെ വിവാഹം ചെയ്യാന്‍ മുസ്ലിം യുവാവ് മതംമാറി; യുവതിയെ മാതാപിതാക്കള്‍ കൊണ്ടു പോയി

ന്യൂദല്‍ഹി- കാമുകിയെ വിവാഹം ചെയ്യാന്‍ മതം മാറിയ യുവാവ് ഭാര്യയെ വീട്ടുകാരില്‍ നിന്നും വിട്ടു കിട്ടാന്‍ സുപ്രീം കോടതിയെ സമീപിച്ചു. ഛത്തീസ്ഗഢ് സ്വദേശിയായ 33കാരന്‍ മുഹമ്മദ് ഇബ്രാഹിം സിദ്ദീഖിയാണ് കാമുകിയെ വിവാഹം ചെയ്യാനായി ഹിന്ദു മതം സ്വീകരിച്ച് ആര്യന്‍ ആര്യയായി മാറിയത്. എന്നാല്‍ യുവതിയുടെ മതാപിതാക്കള്‍ ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിച്ച് പ്രായപൂര്‍ത്തിയായ യുവതിയെ കൂടെ കൊണ്ടു പോകുകയായിരുന്നു. തന്റെ ഭാര്യയെ ഹൈക്കോടതി മാതാപിതാക്കള്‍ക്കൊപ്പം വിട്ടത് തെറ്റാണെന്നും തന്നോടൊപ്പം കഴിയാന്‍ ഭാര്യയെ അനുവദിക്കാന്‍ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് ആര്യ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബെഞ്ച് ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ മറുപടി തേടി.

തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഭാര്യയുടെ സ്വാതന്ത്ര്യത്തെ അവരുടെ ബന്ധുക്കള്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ഹര്‍ജിയില്‍ യുവാവ് ചൂണ്ടിക്കാട്ടി. ഭാര്യയുടെ ബന്ധുക്കളുടെ വധഭീഷണിയുണ്ട്. തനിക്ക് 23 വയസ്സുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം ഭര്‍ത്താവിനൊപ്പം പോകണമെന്നും ഭാര്യ ഹൈക്കോടതിയില്‍ പറഞ്ഞിരുന്നെങ്കിലും കോടതി ഇതു ചെവികൊണ്ടില്ല. ഒന്നുകില്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയുകയോ അല്ലെങ്കില്‍ ഹോസ്റ്റലില്‍ തങ്ങുകയോ ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതു തെറ്റാണെന്നും യുവാവ് സുപ്രീം കോടതിയില്‍ പറഞ്ഞു. 

ഇരുവരുടെ മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. യുവതിയെ വിവാഹം ചെയ്യാനായി 2018 ഫെബ്രുവരി 23നാണ് ്‌സിദ്ദീഖ് ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ച് ആര്യയായി മാറിയത്. ശേഷം റായ്പൂരിലെ ആര്യസമാജ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ശേഷം തന്റെ ഭാര്യ അജ്ഞലി ജയ്ന്‍ എന്ന തന്റെ ഭാര്യ സ്വന്തം വീട്ടിലേക്കു മടങ്ങിയെങ്കിലും വിവാഹ കാര്യം മാതാപിതാക്കളെ അറിയിച്ചിരുന്നില്ല. പിന്നീട് വിവാഹം നടന്നത് അറിഞ്ഞതോടെ മറ്റൊരു വീട്ടിലേക്ക് മാറാനായിരുന്നു ദമ്പതികളുടെ പദ്ധതി. ജൂണ്‍ 30ന് രഹസ്യമായി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് പിടികൂടി വനിതാ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. ശേഷം ഹൈക്കോടതി ഇടപെട്ട് മാതാപിതാക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. മാതാപിതാക്കള്‍ക്കൊപ്പം കഴിയണമെന്ന യുവതിയുടെ മൊഴി പോലീസ് തെറ്റായി രേഖപ്പെടുത്തിയതാണെന്നും യുവാവ് ഹര്‍ജിയില്‍ പറയുന്നു.
 

Latest News