ന്യൂദല്‍ഹി- ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് കരസേന ഉത്തരവിട്ടു. സൈന്യം നടത്തുന്ന ആഭ്യന്തര അന്വേഷണത്തിന് പുറമേയാണിത്. ബ്രിഗേഡ് കമാന്‍ഡര്‍ തല അന്വേഷണമാണ് നടക്കുക. പൂഞ്ച് ജില്ലയിലെ ബാഫിയാസ് മേഖലയില്‍നിന്ന് കഴിഞ്ഞ 22 ന് സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് യുവാക്കളെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സൈന്യം കസ്റ്റഡിയില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കുടുംബം ആരോപിക്കുന്നത്. യുവാക്കളെ ചില സൈനികര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. കശ്മീരിലെ പൂഞ്ചില്‍ നാലു ജവാന്മാരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരാക്രമണത്തിന് പിന്നാലെയാണ് യുവാക്കളെ ചോദ്യം ചെയ്യാനായി സൈന്യം കസ്റ്റഡിയിലെടുത്തത്.
27 നും 43 നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. തോപ പീര്‍ ഗ്രാമവാസികളായ സഫീര്‍ ഹുസൈന്‍, മുഹമ്മദ് ഷൗക്കത്ത്, ഷാബിര്‍ അഹമ്മദ് എന്നിവരാണ് മരിച്ചത്. സൈന്യം ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്ത അഞ്ചുപേര്‍ ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണെന്നാണ് റിപ്പോര്‍ട്ട്.
യുവാക്കളുടെ മരണത്തില്‍ ജമ്മു കശ്മീര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തില്‍ സൈന്യം പൂര്‍ണ സഹകരണം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. യുവാക്കളെ കസ്റ്റഡിയില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതിന് പിന്നാലെ ആഭ്യന്തര അന്വേഷണത്തിന് സേന ഉത്തരവിട്ടിരുന്നു.
ആരോപണവിധേയരായ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും സൈന്യം ആലോചിക്കുന്നുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ധനസഹായവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കാമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
യുവാക്കളുടെ ദുരൂഹ മരണത്തില്‍ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. യുവാക്കളുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു. യുവാക്കളുടെ മരണത്തെത്തുടര്‍ന്ന് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്നത് തടയുക ലക്ഷ്യമിട്ട് മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
സൗദിയിലെ പ്രവാസികള്‍: ഇന്ത്യക്കാരെ പിന്തള്ളി ബംഗാളികള്‍ ഒന്നാമത്
VIDEO ഈത്തപ്പഴക്കുരു കൊണ്ട് തൊഴിലും ചാരിറ്റിയും പിന്നെ ലോക റെക്കോര്‍ഡും; വേറിട്ടൊരു പ്രവാസി മലയാളി
ഗാസയില്‍ അരലക്ഷം ഗര്‍ഭിണികള്‍ പട്ടിണിയില്‍, ഇസ്രായില്‍ സേനക്കും കനത്ത ആള്‍നാശം
ഹിജാബ് പ്രശ്‌നം; കര്‍ണാടക സര്‍ക്കാര്‍ വീണ്ടും ഉരുളുന്നു, ആഴത്തില്‍ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി