ന്യൂദല്‍ഹി- അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ച ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ മുംബൈ ഭീകരാക്രമണ കേസില്‍ ശിക്ഷിക്കപ്പെട്ട പാക്കിസ്ഥാനി-അമേരിക്കന്‍ തീവ്രവാദി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അര്‍ധ സഹോദരന്‍ ഉള്‍പ്പെട്ടതിനെ ചൊല്ലി വിവാദം. വാജ്‌പേയിക്ക് അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നും ഇടക്കാല നിയമ മന്ത്രി സയ്ദ് അലി സഫറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘമാണ് എത്തിയിരുന്നത്. ഇവരില്‍ ഒരാളായ ദാനിയാല്‍ ഗിലാനിയാണ് ഹെഡ്‌ലിയുടെ അര്‍ധ സഹോദരന്‍. പാക് സര്‍ക്കാരില്‍ ഉന്നത ഉദ്യോഗസ്ഥനായ ദാനിയാല്‍ അവിടുത്തെ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനാണ്.
ഇന്ത്യയിലെത്തിയ പാക് സംഘം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയുടെ വിഡിയോ ദാനിയാല്‍ ഗിലാനി ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. മന്ത്രിയെ സുഷമയെ സന്ദര്‍ശിച്ച സംഘത്തില്‍ ദാനിയാല്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇദ്ദേഹം വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. അതേസമയം ദാനിയാലിന് ഹെഡ്‌ലിയുമായി നേരിട്ട് ബന്ധമില്ലെന്നും നേരത്തെ പരസ്യമായി ഹെഡ്‌ലിയെ തള്ളിപറഞ്ഞതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യയുടെ കരിമ്പട്ടികയിലും ദാനിയാല്‍ ഇല്ല. ഇതു പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷമാണ് വീസ അനുവദിക്കുന്നത്. ദാനിയാലിനെ തീവ്രവാദവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ളതായി റിപോര്‍ട്ടുകളൊന്നുമില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
നേരത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ഒരു ഔദ്യോഗിക പരിപാടിയില്‍ ശിക്ഷിക്കപ്പെട്ട് ഖലിസ്ഥാന്‍ അനുകൂലിയായ തീവ്രവാദി ജസ്പാല്‍ അതവാല്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. വിഘടനവാദി നേതാവായ ജസ്പാലിന് എങ്ങനെ ഇന്ത്യയിലേക്ക് വീസ ലഭിച്ചു എന്നതിനെ ചൊല്ലി വലിയ വിവാദം ഉടലെടുക്കുകയും ചെയ്തിരുന്നു.