കയ്‌റോ- ഗാസ മുനമ്പിലെ അധികാരം പൂർണ്ണമായും വിട്ടൊഴിഞ്ഞാൽ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിക്കാമെന്ന് ഇസ്രായിൽ വാഗ്ദാനം ഹമാസ് നിരസിച്ചു. ഈജിപ്താണ് ചർച്ചയുടെ ഭാഗമായി ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഇത് അംഗീകരിക്കാനാകില്ലെന്ന് ഹമാസ് വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ബന്ദികളെ വിട്ടയക്കാമെന്ന് ഹമാസ് അറിയിച്ചു. ഇതിന് അപ്പുറത്തേക്കുള്ള ഒരു ധാരണക്കുമില്ലെന്നും ഹമാസ് ആവർത്തിച്ചു. കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി വെടിനിർത്തൽ പ്രഖ്യാപനവും ഗാസയിലെ ഭരണം പുതിയ നേതൃത്വത്തെ ഏൽപ്പിക്കലുമാണ് ഈജിപ്ത് മുന്നോട്ടുവെച്ച ധാരണയുടെ കാതൽ. ഹമാസിന്റെ അംഗങ്ങളെ അറസ്റ്റ് ചെയ്യുകയോ നിയമനടപടി സ്വീകരിക്കുകയോ ചെയ്യില്ലെന്നും ഈജിപത് വഴിയുള്ള ധാരണയിൽ പറയുന്നു. എന്നാൽ, ബന്ദികളുടെ കൈമാറ്റം ഒഴികെയുള്ള മറ്റൊരു കരാറിനും ഇല്ലെന്ന് ഹമാസ് വ്യക്തമാക്കി.
നമ്മുടെ ജനങ്ങൾക്കെതിരായ ഇസ്രായിലി ആക്രമണവും കൂട്ടക്കൊലകളും വംശഹത്യയും അവസാനിപ്പിക്കാൻ ഹമാസ് ശ്രമിക്കുന്നു, അതിനുള്ള വഴികൾ ഞങ്ങൾ ഞങ്ങളുടെ ഈജിപ്ഷ്യൻ സഹോദരങ്ങളുമായി ചർച്ച ചെയ്തുവെന്ന് ഹമാസിന്റെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ആക്രമണം അവസാനിപ്പിച്ച് മേഖലയിലേക്കുള്ള സഹായം വർദ്ധിപ്പിച്ചതിന് ശേഷം തടവുകാരുടെ കൈമാറ്റം ചർച്ച ചെയ്യാൻ ഞങ്ങൾ തയ്യാറാണെന്നും ഹമാസ് അറിയിച്ചു.