Sorry, you need to enable JavaScript to visit this website.

ഗാസക്കായി പുഷ്പവതിയും പാടുകയാണ്

 മാധ്യമ ഭീകരതക്കെതിരെയുള്ള വളരെ ചെറിയതെങ്കിലും ഫലപ്രദമായ ചെറുത്തു നിൽപുകളാണ്  പുഷ്പവതിയുടെയും അമീന നൂറയുടെയുമെല്ലാം പാട്ടും വരികളും. കംപ്യൂട്ടർ രംഗത്തെ കുത്തക ഉപയോഗിച്ച് ഇതൊക്കെയൊന്ന് തടയാൻ യുദ്ധ വെറിയന്മാർ ആവുന്നതെല്ലാം ചെയ്തു നോക്കുന്നുണ്ട്. പക്ഷേ ഒന്നും പഴയ പോലെ ജയിക്കുന്നില്ല. 
   

ഗായികയും സംഗീത സംവിധായികയും  ഗാനരചയിതാവുമാണ് പുഷ്പവതി പൊയ്പാടത്ത് എന്ന ദളിത് പ്രതിഭ.   പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവൺമെന്റ് മ്യൂസിക് കോളേജിന്റെ അഭിമാനം. ആ സ്ഥാപനത്തിലെ പി.ജിക്കാരി. ലോകമെങ്ങുമുള്ള കലാപ്രതിഭകൾക്കൊപ്പം പുഷ്പവതിയും ഗാസക്കായി പാടുകയാണിപ്പോൾ. ഷമീന ബീഗം എഴുതി പുഷ്പവതി സംഗീതം നൽകി അവർ തന്നെ ഫെയിസ് ബുക്കിൽ പാടിയിട്ട ഫലസ്തീൻ ഗാനത്തിന് പ്രമോദ് പി. സെബാനാണ് ദൃശ്യത നൽകിയത്. ചോരയും കണ്ണീരും വീണുറഞ്ഞ ഗാസയിൽ നിന്നുള്ള ചോര പൊടിയുന്ന,  കരൾ പിളർക്കുന്ന ദൃശ്യം  പാട്ടിനും വരികൾക്കും ഒന്നിനൊന്ന് ഒത്തുപോകുന്നു.  പിഞ്ചുപൈതങ്ങൾ പിടഞ്ഞു വീണു മരിക്കുന്ന ഗാസയിൽ നടക്കുമ്പോൾ അവിടെ അമർത്തിച്ചവിട്ടാതെ നോക്കണെ എന്ന ഷമീനയുടെ കണ്ണീർ  വരികൾ പുഷ്പവതി പാടുന്നത് കേട്ടാൽ കരയാത്തവരായി ആരുമുണ്ടാകില്ല. തുലനം ചെയ്ത് തീരുമ്പോഴോർക്കണെ... എന്ന ഷമീനയുടെ കവിത വരികൾ കേരളത്തിലും ഗാസ യുദ്ധം രാഷ്ട്രീയ തുലാസിലിട്ട് തൂക്കിയവർക്കുമുള്ള മറുപടിയാണ്.  ഒക്ടോബർ ഏഴിന് ശേഷം ലോക മനഃസാക്ഷിയുടെ മുന്നിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ ഗാസക്കൊപ്പമോ, അതോ മനുഷ്യ വിരുദ്ധ പക്ഷത്തോ എന്ന്.  പുഷ്പവതിയെ പോലുള്ളവർക്ക്  ഇത്തരം ഘട്ടങ്ങളിൽ എവിടെ നിൽക്കണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. പൗരത്വ വിഷയത്തിലെ ജെ.എൻ.യു പ്രക്ഷോഭ കാലത്തുൾപ്പെടെ അവരത് തെളിയിച്ചിട്ടുണ്ട്. കനയ്യ കുമാറിന്റെ ആസാദി  മുദ്രാവാക്യത്തിന്റെ ആവേശത്തിലും പുഷ്പവതി നേരിന്റെ പക്ഷം നിന്ന്  ഇതുപോലെ ഉറക്കെ പാടിയിരുന്നു. 
പുഷ്പവതി   മാത്രമല്ല, ലോകത്തെങ്ങുമുള്ള കലാകാരന്മാരും ചിന്തകരുമെല്ലാം ഇപ്പോൾ ഗാസക്കൊപ്പമാണ്. ഇങ്ങനെയൊരു കാലം ഫലസ്തീൻ  പോരാട്ടത്തിന്റെ ദീർഘ വർഷങ്ങളിലെ ചരിത്രത്തിലുണ്ടായിട്ടില്ല. പുഷ്പവതിയെ  പോലെ എത്രയെത്ര പ്രതിഭകൾ ലോകമെങ്ങും ഗാസക്കായി എഴുതുന്നു, പാടുന്നു, പ്രസംഗിക്കുന്നു. അതെല്ലാം സാമൂഹ്യ മാധ്യമങ്ങളിലിടുന്നു. അതെല്ലാം  എത്രയോ ലക്ഷങ്ങൾ കേട്ടുകൊണ്ടേയിരിക്കുന്നു. ഇതൊക്കെ ഒന്നു തടയാൻ നെതന്യാഹുവിന്റെ ആളുകൾ അവരുടെ കഴിവുകൾ മുഴുവൻ ഉപയോഗിച്ചുകൊണ്ടിരിക്കവേയാണ്  ഗാസക്കായുള്ള വാക്കും സംഗീതവുമൊക്കെ ഇങ്ങനെ ഒന്നിനുമേൽ ഒന്നായി  പ്രചരിച്ചുകൊണ്ടിരിക്കുന്നത്.  മനുഷ്യ സ്‌നേഹത്താൽ പ്രചോദിതയായി പുഷ്പവതി  വേദന ഇറ്റിറ്റു വീഴുന്ന  അനുഗൃഹീത ശബ്ദത്തിൽ പാടിയ പാട്ട് സാമൂഹ്യ മാധ്യമത്തിലെത്തിയിട്ട് അധിക ദിവസമായിട്ടില്ല. ഗാസയിൽ പോരാടുന്ന മനുഷ്യരെ പിന്തുണക്കുന്നവരിലേക്കെല്ലാം ഈ കണ്ണീർ ഗാനം അതിവേഗം എത്താതിരിക്കില്ല. തൃശൂർക്കാരിയാണ് പുഷ്പവതി. മറ്റൊരു തൃശൂർകാരി കഴിഞ്ഞ മാസം ഗാസക്കായി പാടിയ അറബ് ഗാനം ഇതിനോടകം എത്രയോ ലക്ഷങ്ങളിലെത്തി-
ഷാർജ അൽ ഖ്വാസ്വിമി യൂനിവേഴ്‌സിറ്റിയിലെ വിദ്യാർഥി തൃശൂർ മാള സ്വദേശി അമീന നൂറ പാടിയ അറബി ഭാഷയിലുള്ള ഫലസ്തീൻ പോരാട്ട പാട്ടിന്റെ വഴിയിലിപ്പോൾ അതേ ജില്ലക്കാരിയായ പുഷ്പവതിയും. താൻ ജീവിക്കുന്ന കാലത്ത് നടക്കുന്ന ധർമ സമരത്തിൽ പങ്കാളിയാകാൻ തനിക്കാവുന്ന വഴിയിൽ ശ്രമിച്ചു എന്നാണ് ഈ പാട്ടിനെക്കുറിച്ച് അന്ന് അമീന പറഞ്ഞത്. അതു തന്നെയാണ് പുഷ്പവതിയും തെളിയിച്ചത്.  
 പുഷ്പവതിയുടെ ഗാനവുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമം നോക്കിക്കൊണ്ടിരിക്കേ കണ്ട മറ്റൊരു സംഗീത രംഗം ആരെയും അതിശയിപ്പിക്കും. ഒരു മനുഷ്യൻ ഗാസയിലെ തെരുവിൽ നിന്ന് ഒറ്റക്കങ്ങനെ പാടുകയാണ്. ഞങ്ങളുടെ പ്രഭാതവും അസ്തമയവുമെല്ലാം ഗാസയാണ് എന്നാണ് ആ അറബി ഗാനത്തിന്റെ അർഥം. ഈ പാട്ടു കേട്ട് നെതന്യാഹുവിന്റെ ബോംബ് വീണ് തകർന്ന ഫഌറ്റുകളുടെ ബാൽക്കണികളിൽ നിന്ന് തെരുവിലെ ഏകാന്ത ഗായകന്റെ  പാട്ട് ഗാസയിലെ ആബാലവൃദ്ധം മനുഷ്യർ ഈണത്തിൽ പാടുകയാണ്. ലോകത്ത്  ഗാസക്കാർക്ക് മാത്രം കഴിയുന്ന കാര്യം. കൂടപ്പിറപ്പുകൾ മരിച്ചു, മരിച്ചു വീഴുമ്പോഴും ഇങ്ങനെ പാടാനും ദൈവ വിധിയിൽ സംതൃപ്തിയടയാനും ഇവർക്കേ കഴിയൂ.  അതെ, പ്രപഞ്ചനാഥനെ എല്ലാം  ഭരമേൽപിച്ച  മനുഷ്യർക്ക് മാത്രം  എത്തിച്ചേരാനാകുന്ന ഔന്നത്യം. 
രണ്ടര മാസത്തിലേറെയായി ഇസ്രായിൽ ഗാസ യുദ്ധം തുടരുകയാണ്. ഇസ്രായിലും അറബ് സമൂഹവും തമ്മിലുണ്ടായ മറ്റേതൊരു യുദ്ധത്തിലും മരിച്ചതിൽ കൂടുതൽ മനുഷ്യർ ഗാസയിൽ മരിച്ചു കഴിഞ്ഞു. ഇതുവരെ (ഡിസംബർ 23) ഇരുപതിനായിരം പേർ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്.  മരിച്ചവരുടെ കണക്കെടുക്കുന്നത് പോലും വലിയ വെല്ലുവിളിയാണവിടെ- മരിച്ചവരുടെ കണക്ക് പോലും ആവശ്യമില്ലാത്ത വല്ലാത്തൊരു ജനത. വിശ്വാസ ദാർഢ്യമുള്ള ആ ജനതക്ക് ഇഹലോക ജീവിതം ഒന്നുമല്ല. മറ്റൊരു ലോകത്തെ ജീവിതത്തിനായി കൊതിയോടെ പൊരുതിക്കൊണ്ടിരിക്കുന്നവർക്കെന്ത് മരണക്കണക്ക്.  
 ജൂത മൂലധന ശക്തികൾ നിയന്ത്രിക്കുന്ന മാധ്യമ ഭീകരതയായിരുന്നു ഇത്രയും കാലം ഇസ്രായിലിന്റെ  ശക്തികളിലൊന്ന്. ഇസ്രായിലിന്റെ നിരന്തര ഭീകര പ്രവർത്തനങ്ങളെ അവർ എത്രയോ കാലം മഹത്വവൽക്കരിച്ചു.  ഇപ്പറഞ്ഞ മാധ്യമ ഭീകരതക്കെതിരെയുള്ള വളരെ ചെറിയതെങ്കിലും ഫലപ്രദമായ ചെറുത്തു നിൽപുകളാണ്  പുഷ്പവതിയുടെയും അമീന നൂറയുടെയുമെല്ലാം പാട്ടും വരികളും. കംപ്യൂട്ടർ രംഗത്തെ കുത്തക ഉപയോഗിച്ച് ഇതൊക്കെയൊന്ന് തടയാൻ യുദ്ധ വെറിയന്മാർ ആവുന്നതെല്ലാം ചെയ്തു നോക്കുന്നുണ്ട്. പക്ഷേ ഒന്നും പഴയ പോലെ ജയിക്കുന്നില്ല. 

Latest News