വത്തിക്കാൻ- ഗാസയിൽ ഉൾപ്പെടെ യുദ്ധങ്ങളിൽ കൊല്ലപ്പെടുന്ന കുട്ടികൾ 'ഇന്നത്തെ ചെറിയ യേശു'ക്കളാണെന്നും നിരപരാധികളായ സാധാരണക്കാരുടെ ഭയങ്കരമായ വിളവെടുപ്പാണ് ഗാസയിൽ ഇസ്രായിൽ നടത്തുന്നതെന്നും ഫ്രാൻസിസ് മാർപാപ്പ. ക്രിസ്മസ് സന്ദേശത്തിലാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. അതേസമയം, ഒക്ടോബർ 7ന് ഹമാസ് പോരാളികൾ ഇസ്രായിലിന് എതിരെ നടത്തിയത് മ്ലേച്ചമായ ആക്രമണമാണെന്നും ഫ്രാൻസിസ് മാർപാപ്പ അഭിപ്രായപ്പെട്ടു. ഗാസയിൽ ഇപ്പോഴും തടവിൽ കഴിയുന്ന 100 ഓളം ബന്ദികളെ മോചിപ്പിക്കണമെന്നും മാർപാപ്പ അഭ്യർത്ഥിച്ചു.
സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സെൻട്രൽ ബാൽക്കണിയിൽ നിന്ന് മാർപാപ്പ ക്രിസ്മസ് സന്ദേശം നൽകുമ്പോൾ, താഴെയുള്ള സ്‌ക്വയറിൽ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി. ആയുധക്കച്ചവടക്കാരാണ് യുദ്ധം നിയന്ത്രിക്കുന്നതെന്നും മാർപാപ്പ പറഞ്ഞു. നമ്മുടെ ലോകത്ത് എത്ര നിരപരാധികളാണ് കൊല്ലപ്പെടുന്നത്. യുദ്ധം മൂലം ബാല്യം തകർന്ന എല്ലാ കൊച്ചുകുട്ടികളും ചെറിയ യേശുവാണ്. ഇസ്രായിലിലും ഫലസ്തീനിലും സമാധാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. യുദ്ധം ആ ജനതകളുടെ ജീവിതത്തെ നശിപ്പിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ട അവരെയെല്ലാം ആശ്ലേഷിക്കുന്നു.
നിരപരാധികളായ സിവിലിയൻ ഇരകളുടെ ഭയാനകമായ വിളവെടുപ്പാണ് ഇസ്രായിൽ നടത്തുന്നത്. അത് അവസാനിപ്പിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഗാസയിലെ 2.3 ദശലക്ഷം ജനങ്ങളും പട്ടിണിയുടെ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. പട്ടിണി ഓരോ ദിവസവും കൂടിക്കൊണ്ടുവരികയാണ്. ആയുധ ഉത്പാദനവും വിൽപ്പനയും വ്യാപാരവും വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ നമുക്ക് എങ്ങനെ സമാധാനത്തെക്കുറിച്ച് സംസാരിക്കാനാകും. യുദ്ധത്തിന്റെ കളിപ്പാവകളെ ചലിപ്പിക്കുന്ന താൽപ്പര്യങ്ങളും ലാഭവും വെളിച്ചത്തുകൊണ്ടുവരാൻ അതിനെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും വേണം-മാർപ്പാപ്പ പറഞ്ഞു.