സറേ (കാനഡ) - ഖലിസ്ഥാന്‍വാദിയായ സിഖ് നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിന് ശേഷം ഇവിടെയുള്ള സിക്ക് സമൂഹം ഭീതിയില്‍. സ്വയം പ്രതിരോധത്തിനായി അവര്‍ തയ്യാറെടുക്കുകയാണ്. അതിനായി വാളുകളും വടികളും ഉപയോഗിച്ചുള്ള പുരാതന ആയോധനകലയായ ഗട്ക പരിശീലിക്കുകയാണവര്‍. ഏത് നിമിഷവും ആക്രമത്തിന് ഇരയാകുകയോ വധിക്കപ്പെടുകയോ ചെയ്‌തേക്കാമെന്ന് അവരില്‍ പലരും ധരിക്കുന്നു.
നിജ്ജാറിന്റെ കൊലയാളികള്‍ ഇന്ത്യന്‍ ഭരണകൂടം നിയമിച്ച പ്രാദേശിക ഗുണ്ടാസംഘങ്ങളാണെന്ന് കാനഡയിലേക്ക് കുടിയേറിയ സുഖ് സമൂഹം വിശ്വസിക്കുന്നു. നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സെപ്റ്റംബറില്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചതോടെ അവരുടെ വിശാസം ശരിയാണെന്ന് അവര്‍ക്ക് ബോധ്യപ്പെട്ടു. ഇന്ത്യയില്‍ നിന്ന് ഇപ്പോഴും ഭീഷണി നേരിടുന്നുണ്ടെന്നും ഏത് നിമിഷവും അക്രമിക്കപ്പെട്ടേക്കാമെന്നും അവര്‍ പറയുന്നു. വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ പഞ്ചാബില്‍ നിന്ന് 1997-ല്‍ അഭയാര്‍ത്ഥിയായി കാനഡയിലെത്തിയ ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റ് നിജ്ജാര്‍, ജൂണ്‍ 18 ന് രണ്ട് മുഖംമൂടി അക്രമികളുടെ വെടിയേറ്റ് മരണമടയുകയായിരുന്നു. നിജ്ജാറിന്റെ കൊലപാതകം ഇന്ത്യ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് ഇവിടെയുള്ള സിക്ക് സമൂഹം വിശ്വസിക്കുന്നത്. കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെ സിഖ് ജനസംഖ്യയുള്ള നഗരമായ സറേയിലെ സിഖ് സമൂഹമാണ് ഭീഷണിയുടെ നിഴലില്‍ ജീവിക്കുന്നത്. നിജ്ജാറിനെയും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗുര്‍പത്വന്ത് സിംഗ് പന്നൂനെപ്പോലുള്ള സിഖ് പ്രവാസികളെയും ഖാലിസ്ഥാന്‍ അനുകൂല നേതാക്കളെയും 'ഭീകരവാദികള്‍' എന്ന് നാമകരണം ചെയ്തുകൊണ്ടാണ് അവരെയും അവരെ പിന്തുണക്കുന്നവരെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ നടത്തുന്നത്. അതേ സമയം ഇത്തരം പ്രവര്‍ത്തികള്‍ തങ്ങളുടെ നയത്തിന്റെ ഭാഗമല്ലെന്നാണ് ഇന്ത്യന്‍ ഭരണകൂടം പറയുന്നത്.
എന്ത് സംഭവിച്ചാലും നിശബ്ദരാക്കുകയോ തോല്‍ക്കുകയോ ചെയ്യില്ലെന്നാണ് ഇവിടുത്തെ സിഖ് സമൂഹത്തില്‍ നിന്നുള്ള പലരും പറയുന്നത്. ചെറുപ്പം മുതലേ ഞങ്ങള്‍ കുട്ടികളെ ആയുധങ്ങള്‍കൊണ്ട് സ്വയം പ്രതിരോധിക്കാന്‍ പഠിപ്പിക്കുന്നുണ്ടെന്ന് ഗുരു നാനാക്ക് സിഖ് ഗുരുദ്വാര ക്ഷേത്രത്തിന്റെ വക്താവായ ഗുര്‍കീരത് സിംഗ് 'അല്‍ജസീറ' യുടെ പ്രതിനിധിയോട് പറയുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് ശേഷം സമൂഹത്തിന് സ്വയം പ്രതിരോധിക്കാനുള്ള ആ ആവശ്യം ഇനി ഒരു സാങ്കല്‍പ്പിക സാഹചര്യമായി തോന്നുന്നില്ലെന്നും അദ്ദേഹം പറയുന്നു. 1
1980-കളില്‍ ഖാലിസ്ഥാന്‍ പ്രസ്ഥാനത്തെ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ പഞ്ചാബില്‍ നടത്തിയ കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കിടയില്‍ നിരവധി കുടുംബങ്ങള്‍ കാനഡയിലേക്ക് താമസം മാറ്റി, അക്കാലത്ത് അന്താരാഷ്ട്ര അവകാശ സംഘടനകള്‍ അതിനെ അപലപിച്ചു. പഞ്ചാബ് പോലീസിനെതിരെ ആക്ടിവിസ്റ്റുകളും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പോലും നിയമവിരുദ്ധമായ കൊലപാതകങ്ങള്‍ നടത്തിയെന്ന് ആരോപിച്ചിരുന്നു. 1984 ജൂണില്‍, സായുധരായ വിഘടനവാദികളെ തുരത്താന്‍ ഇന്ത്യന്‍ സൈന്യം പഞ്ചാബ് നഗരമായ അമൃത്സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ടാങ്കുകളുമായി റെയ്ഡ് നടത്തി, തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളെ കൊലപ്പെടുത്തി. നാല് മാസങ്ങള്‍ക്ക് ശേഷം അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ അവരുടെ രണ്ട് അംഗരക്ഷകര്‍ കൊലപ്പെടുത്തി. ന്യൂദല്‍ഹിയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും തെരുവുകളില്‍ സിഖ് വിരുദ്ധ കൂട്ടക്കൊല നടന്നു. ആയിരക്കണക്കിന് സിഖുകാര്‍ കൊല്ലപ്പെട്ടു. സിഖുകാര്‍ക്കെതിരെ അന്ന് ഇന്ത്യന്‍ ഭരണകൂടം നടത്തിയ ആക്രമണങ്ങളുടെ ആവര്‍ത്തനത്തിന്റെ നിഴലുകള്‍ ഇപ്പോള്‍ കാനഡയിലുള്ള സിഖ് സമൂഹത്തിലെ പലരും കാണുന്നുണ്ട്.
' അവര്‍ ഞങ്ങളെ കൊല്ലാന്‍ തയ്യാറാണ്,. പഞ്ചാബില്‍ അവര്‍ പ്രയോഗിച്ച അതേ തന്ത്രമാണ് ഇവിടെയും പ്രയോഗിക്കുക. അവര്‍ കൊല്ലുകയും ഗ്രാമങ്ങളിലും കുടുംബങ്ങളിലും ഭീതി പരത്തുകയും ചെയ്യും' .മാതാപിതാക്കള്‍ ഇന്ത്യയില്‍ ജനിച്ച മോനീന്ദര്‍ പറയുന്നു.
' ഞങ്ങളെ ഭീഷണിപ്പെടുത്തുന്നവരെ പിടികൂടാന്‍ കഴിയുമെങ്കില്‍ അത് ചെയ്യണമെന്ന് ഞാന്‍ കനേഡിയന്‍ പോലീസിനോട് അപേക്ഷിക്കുന്നു, അല്ലെങ്കില്‍ അവര്‍ക്ക് ഞങ്ങളെ കൊല്ലാനാകും നിജ്ജാറുമായി അടുപ്പമുണ്ടായിരുന്ന ഗുരുനാനാക്ക് സിഖ് ഗുരുദ്വാരയിലെ മുതിര്‍ന്ന അംഗം ഗുര്‍മീത് സിംഗ് പറയുന്നു. സമൂഹത്തിലെ മറ്റ് സിഖ് നേതാക്കളായ ഗുരുദ്വാരയിലെ ഗുര്‍കീരത് സിംഗ്, ഗ്ലോബല്‍ സിഖ് പ്രസ് അസോസിയേഷന്റെ മുതിര്‍ന്ന പ്രസ് ഓഫീസര്‍ ജസ്വീര്‍ സിംഗ് എന്നിവര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പതിവായി ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്ന് അവര്‍ പറയുന്നു.
ലോറന്‍സ് ബിഷ്ണോയിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ഇന്ത്യന്‍ ഗുണ്ടാസംഘം സറേയിലും സമീപത്തെ അബോട്ട്സ്ഫോര്‍ഡിലും ബിസിനസ്സ് ഉടമകളെ ഭീഷണിപ്പെടുത്തുകയും അവരില്‍ നിന്ന് മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്നതും സിഖ് സമൂഹത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. കാനഡയില്‍ ഖലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതില്‍ ബിഷ്ണോയിയുടെ സംഘത്തിന് പങ്കുണ്ടെന്ന് ആരോപണമുണ്ടായിരുന്നു.