തിരുവനന്തപുരം- സ്നേഹത്തിന്റെയും ശാന്തിയുടേയും സന്ദേശം ഉള്‍ക്കൊണ്ട് ഇന്ന് ക്രിസ്മസ്. ലോകമെങ്ങുമുള്ള പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ തുടരുന്നു. ഇസ്രായില്‍ ബോംബ് വര്‍ഷം തുടരുന്നതിനാല്‍ യേശു ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ബെത്ലഹേമില്‍ ഇത്തവണ ആഘോഷമില്ല. ഗാസക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഘോഷം ഒഴിവാക്കുകയായിരുന്നു ചര്‍ച്ച് മേധാവികള്‍. ലോകത്തെ മറ്റിടങ്ങളില്‍ വിശ്വാസികള്‍ ആഘോഷമാക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട പള്ളികളിലടക്കം പാതിരാ കുര്‍ബാന അര്‍പ്പിച്ചു. ക്രിസ്മസിനോടനുബന്ധിച്ച് സംസ്ഥാനത്ത് പലയിടത്തും ബിജെപി നേതാക്കള്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ സന്ദര്‍ശനം നടത്തി. ബിജെപി നേതാവ് വി വി രാജേഷ് തിരുവനന്തപുരം പാളയം പള്ളയിലെത്തി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് നേതാവ് ശശി തരൂരും പാളയം പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കാളിയായി.
കേരളത്തിലെ വിശ്വാസികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. പ്രത്യാശയുടെ പ്രകാശം പ്രസരിപ്പിക്കുന്ന സന്ദര്‍ഭമാണ് ക്രിസ്മസ്. ലോകമാകെ കൊണ്ടാടപ്പെടുന്ന ക്രിസ്മസ് കേരളീയര്‍ സ്നേഹത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷിക്കുന്ന സന്ദര്‍ഭമാണ്. ഏത് വിഷമ കാലത്തിനുമപ്പുറം നന്മയുടെ ഒരു നല്ല കാലം ഉണ്ടാകുമെന്ന സങ്കല്പത്തിന്റെ സാക്ഷാത്കാരമാണ് ക്രിസ്മസ് സന്ദേശത്തില്‍ അടങ്ങിയിട്ടുള്ളത്. മുഴുവന്‍ കേരളീയര്‍ക്കും ക്രിസ്മസിന്റെ നന്മ നേരുന്നു- എന്ന് മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും വിശ്വാസികള്‍ക്ക് ആശംസ അര്‍പ്പിച്ചു.
പ്രധാനമന്ത്രിയുടെ വസതിയില്‍ ഇന്ന് ക്രിസ്തുമസ് ആഘോഷം നടക്കും. ഇന്ന് 12.30 -നാണ് മോഡി വിരുന്നൊരുക്കുന്നത്. മതമേലധ്യക്ഷന്മാരും ക്രൈസ്തവ സമുദായത്തിലെ പ്രമുഖരും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി ബിജെപി നേതാക്കളുടേയും പ്രവര്‍ത്തകരുടേയും ക്രൈസ്തവ ഭവന സന്ദര്‍ശനം 21ന് തുടങ്ങിയിരുന്നു.