ന്യൂദൽഹി- മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്‌പേയിയുടെ മരണാനന്തര ചടങ്ങ് തീരുന്നതിന് മുമ്പേ വിവാദം തുടങ്ങി. പ്രധാനമന്ത്രി മോഡിയെ കേന്ദ്രീകരിച്ചാണ് വിവാദം. വാജ്‌പേയ് ചികിത്സയിൽ കഴിയുന്നതിനിടെ അദ്ദേഹത്തെ സന്ദർശിച്ച മോഡി ഡോക്ടർമാർക്ക് സമീപത്തുനിന്ന് ചിരിക്കുന്ന ചിത്രമാണ് വിവാദത്തിന് കാരണമായത്. മുൻ പ്രധാനമന്ത്രി മരിക്കാൻ കിടക്കുമ്പോഴും ചിരിക്കുന്ന മോഡി എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടത്. വിവിധ ഗ്രൂപ്പുകളും വ്യക്തികളും ചിത്രം ഷെയർ ചെയ്തതോടെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി. വാജ്‌പേയിയോട് മോഡിക്ക് അനുതാപമില്ലെന്ന തരത്തിലായിരുന്നു പ്രചാരണം. ആം ആദ്മി സിന്ദാബാദ് എന്ന പേജിൽനിന്ന് 2200 വട്ടമാണ് ഈ ചിത്രം ഷെയർ ചെയ്തത്. കോൺഗ്രസ് നേതാവ് ബ്രിജേഷ് കലാപയും ചിത്രം ഷെയർ ചെയ്തു. എന്നാൽ, കേരളത്തിലെ പുറ്റിങ്ങലിലെ ക്ഷേത്രത്തിൽ വെടിക്കെട്ട് ദുരന്തമുണ്ടായപ്പോൾ എത്തിയ മോഡിയുടെ ചിത്രമാണ് വാജ്‌പേയിയെ കാണാനെത്തിയപ്പോൾ എന്ന തരത്തിൽ ഫോട്ടോഷോപ്പിൽ കൃത്രിമമായുണ്ടാക്കി പ്രചരിപ്പിച്ചത്. യാഥാർത്ഥ്യം പുറത്തുവന്നതോടെ ശക്തമായ പ്രതിഷേധവും പ്രതികരണവുമായി ബി.ജെ.പി രംഗത്തെത്തി. മോഡി എയിംസ് സന്ദർശിക്കുമ്പോൾ ഫുൾ കയ്യുള്ള ഷർട്ടാണ് ധരിച്ചിരുന്നത്. എന്നാൽ പ്രചരിക്കപ്പെട്ട ചിത്രത്തിൽ ഫുൾ സ്ലീവല്ല. വ്യാജപ്രചാരണത്തിനെതിരെ കേസ് നൽകുമെന്നാണ് ബി.ജെ.പി അറിയിച്ചിരിക്കുന്നത്. ഏതായാലും സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഇത് സംബന്ധിച്ച വാഗ്വാദം നിലച്ചിട്ടില്ല.