ന്യൂഡല്‍ഹി- ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടത്തിപ്പിന് താത്കാലിക പാനല്‍ രൂപീകരിക്കാന്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന് കായിക മന്ത്രാലയത്തിന്റെ നിര്‍ദേശം. കായിക താരങ്ങളുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഉള്‍പ്പെടെ പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയാണ് നിര്‍വഹിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗുസ്തി ഫെഡറേഷന്‍ ഭരണസമിതിയെ സസ്‌പെന്റ് ചെയ്ത പശ്ചാതലത്തിലാണ് തീരുമാനം. കൃത്യമായ ഭരണം ഉറപ്പുവരുത്താന്‍ കര്‍ശനമായ തിരുത്തല്‍ നടപടികള്‍ ആവശ്യമാണെന്നും അച്ചടക്കമുള്ള ഗുസ്തി താരങ്ങള്‍ക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളുണ്ടാകരുതെന്നും കത്തില്‍ പറയുന്നു.
ഡിസംബര്‍ 21നാണ് ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റായി ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തത്. പിന്നാലെ ഒളിംപിക്‌സ് മെഡല്‍ ജോതാവ് സാക്ഷി മാലിക് പ്രതിഷേധിക്കുകയും ഗുസ്തി അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. പദ്മശ്രീ പുരസ്‌കാരം ബജ്രംഗ് പൂനിയ പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ഉപേക്ഷിച്ചു മടങ്ങി. മുന്‍ ഗുസ്തി താരം വീരേന്ദര്‍ സിങ്ങും സാക്ഷി മാലിക്കിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് തന്റെ പദ്മശ്രീ പുരസ്‌കാരം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടുതല്‍ താരങ്ങള്‍ ഇത്തരത്തിലുള്ള പ്രതിഷേധത്തിനൊരുങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെയാണ് കായിക മന്ത്രാലയം നിര്‍ണായകമായ തീരുമാനമെടുത്തത്.