മുംബൈ- സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ ബിസിനസുകാരന്‍ ആനന്ദ് മഹീന്ദ്ര വിചിത്രമായ പോസ്റ്റുകള്‍ ഭംഗിയായി കൈകാര്യം ചെയ്യാറുണ്ട്. അത്തരത്തില്‍ അദ്ദേഹം കൈകാര്യം ചെയ്ത രസകരമായ ഒരു പോസ്റ്റിനെ കുറിച്ച് അറിയണോ. കൗതുകകരവും അതിലേറെ നിഷ്‌കളങ്കവുമാണ് ആ പോസ്റ്റ്.
തങ്ങളുടെ ഥാര്‍ നോയിഡയില്‍ നിന്നുള്ള ചീക്കു യാദവ് എന്ന കുട്ടി 700 രൂപയ്ക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന വീഡിയോയുമായാണ് ആനന്ദ് മഹീന്ദ്ര ഇത്തവണ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട് വൈറലായിരിക്കുന്നത്.
ഒരുമിനുട്ടും ഇരുപത്തിയൊന്‍പത് സെക്കന്റും ദൈര്‍ഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്രയുടെ പുതിയ ഇനം. ഇങ്ങനെയെങ്കില്‍ തങ്ങള്‍ താമസിയാതെ പാപ്പരാകുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വീഡിയോ പങ്കിട്ടിരിക്കുന്നത്. നോയിഡയില്‍ നിന്നുള്ള ചീക്കു യാദവ് എന്ന ആണ്‍കുട്ടി ഒരു മഹീന്ദ്ര ഥാര്‍ വാങ്ങാനുള്ള ആഗ്രഹം പിതാവിനോട് പ്രകടിപ്പിക്കുകയാണ്. മഹീന്ദ്രയുടെ ഥാറും എക്‌സ്. യു. വിയും ഒന്നുതന്നെയാണഎന്നും രണ്ടും 700 രൂപയ്ക്ക് വാങ്ങാമെന്നുമാണ് കുട്ടി പറയുന്നത്.
ചീക്കു യാദവിന്റെ തെറ്റിദ്ധാരണ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ രസിപ്പിച്ചതിനോടൊപ്പമാണ് ആനന്ദ് മഹീന്ദ്രയുടെ ശ്രദ്ധയിലേക്കുമെത്തിയത്. തന്റെ കമ്പനി ഥാര്‍ 700 രൂപയ്ക്ക് വില്‍ക്കുകയാണെങ്കില്‍ ഉടന്‍ പാപ്പരാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
തനിക്ക് ചീക്കുവിനെ ഇഷ്ടമാണെന്നു പറഞ്ഞാണ് തന്റെ സുഹൃത്ത് സൂനി താരാപോരേവാല അയച്ചു നല്‍കിയ വീഡിയോ പങ്കിട്ടിരിക്കുന്നത്. ചീക്കുവിന്റെ ചില പോസ്റ്റുകള്‍ കണ്ടെന്നും ഇപ്പോള്‍ താനും അവനെ സ്‌നേഹിക്കുന്നുവെന്നും പറഞ്ഞ ആനന്ദ് മഹീന്ദ്ര തന്റെ ഒരേയൊരു പ്രശ്‌നം ചീക്കുവിന്റെ അവകാശവാദത്തെ സാധൂകരിച്ച് 700 രൂപയ്ക്ക് ഥാര്‍ വിറ്റാല്‍ തങ്ങള്‍ വളരെ വേഗം പാപ്പരാകുമെന്നതാണെന്നും വീഡിയോയില്‍ അടിക്കുറിപ്പെഴുതി.
ആനന്ദ് മഹീന്ദ്ര പങ്കുവെച്ച വീഡിയോയോട് ഹൃദയവും സ്‌നേഹവും നിറഞ്ഞ ഇമോജികള്‍ പങ്കുവെച്ച നിരവധി പേര്‍ തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ചിലര്‍ കുട്ടിയുടെ ആഗ്രഹം നിറവേറ്റാന്‍ അഭ്യര്‍ഥിച്ചപ്പോള്‍ മറ്റുള്ളവര്‍ സാധ്യതയുള്ള ബിസിനസ് ആശയങ്ങളെക്കുറിച്ചാണ് പറഞ്ഞത്.
ഒരാളെഴുതിയത് ആനന്ദ് സര്‍, നിങ്ങള്‍ അസാധാരണക്കാരനാണെന്നും മഹാനായ ഇന്ത്യക്കാരനും വിജയിയായ വ്യവസായിയും വലിയ ബഹുമാനവും അവിശ്വസനീയമായ പ്രശംസയും അര്‍ഹിക്കുന്നുവെന്നുമാണ്.
700 രൂപ ഉണ്ടാക്കുന്നത് നല്ല ആശയമാണെന്നും ഥാറും എക്‌സ്. യു. വി 700 കളിപ്പാട്ട കാറുകളുണ്ടാക്കുന്നത് കുട്ടികള്‍ക്കിടയില്‍ ആരാധകസംഘത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് മറ്റൊരാള്‍ പ്രതികരിച്ചത്.
700 രൂപ നല്‍കി എക്‌സ്. യു. വി ബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് ഭാഗ്യ നറുക്കെടുപ്പ് നടത്തി വിജയിക്ക് സമ്മാനം നല്‍കാമെന്നും അതുവഴി കമ്പനിക്ക് കാറിന്റെ മൂല്യം ലഭിക്കുമെന്നുമാണ് മൂന്നാമന്‍ പ്രതികരിച്ചത്. കൂടുതല്‍ തുക ലഭിക്കുകയാണെങ്കില്‍ അത് സംഭാവന ചെയ്യണമെന്നും അഭ്യര്‍ഥിച്ചു.
കുട്ടിയുടെ ആഗ്രഹം സഫലമാക്കുന്ന തരത്തില്‍ അവനൊരു വാഹനം സമ്മാനിക്കണമെന്നും അവന്റെ സാന്തായാകണമെന്നുമായിരുന്നു നാലാമന്റെ അഭിപ്രായം.
അറിയാതെയാണെങ്കിലും കുട്ടി നിങ്ങളുടെ ബ്രാന്‍ഡിനെ വളരെ ആവേശത്തോടെയും നിഷ്‌കളങ്കതയോടെയും സത്യസന്ധതയോടെയും ഒരുപക്ഷേ പ്രതീക്ഷകളില്ലാതെയും പ്രമോട്ട് ചെയ്തുവെന്നും അവനൊരു സമ്മാനം കൊടുക്കണമെന്നുമായിരുന്നു മറ്റൊരാളുടെ പ്രതികരണം.