ഹാപ്പി ക്രിസ്മസ് എന്ന് മുസ്‌ലിംകൾ ആശംസിക്കുന്നത് മതനിഷേധമാണെന്ന് മതപ്രഭാഷകനായ ഡോ. സാകിർ നായിക്. മുസ്‌ലിംകൾ ക്രിസ്മസ് ആശംസ നേരുന്നത് അള്ളാഹു കാണുന്നുണ്ടെന്നും ഇതു ശിർക്കാണെന്നും(ദൈവത്തിൽ പങ്കുചേർക്കൽ) ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ദൈവത്തിന് പുത്രൻ ജനിച്ചുവെന്നത് ഇസ്‌ലാമിക വിശ്വാസത്തിന് എതിരാണ്. അതിനാൽ ദൈവപുത്രൻ എന്നതിനെ അനുകൂലിക്കാൻ ഒരു മുസ്‌ലിമിനാവില്ല. ഹാപ്പി ക്രിസ്മസ് പറയുന്നതിലൂടെ മുസ്‌ലിം വിശ്വാസികൾ ഇസ്‌ലാമിനെതന്നെ അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഖുർആനിൽ ഇത്തരം കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ദൈവിഹിതത്തിന് നിരക്കാത്ത ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾ നരകത്തിലാണ് എത്തിപ്പെടുക. അതിനാൽ ഖുർആന്റെയും സുന്നത്തിന്റെയും മാർഗനിർദേശം നിങ്ങൾ പിന്തുടരണം. ഇസ്‌ലാം മതവിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുകയോ ആശംസകൾ നേരുകയോ ക്രിസ്മസ് ഗിഫ്റ്റ് കൈമാറുകയോ ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു. എന്നാൽ, ക്രിസ്മസ് ആശംസ നേരാതെ ഈ ദിവസം(ഡിസംബർ 25) എന്നല്ല, ഏത് ദിവസവും അവരുടെ ആരോഗ്യത്തിനോ മറ്റോ നന്മകൾ ആശംസിക്കുന്നത് തെറ്റല്ലെന്നും മനുഷ്യർ ഒരൊറ്റ സമുദായമാണെന്നും സഹോദരി സഹോദരന്മാരാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ക്രിസ്തുമതവിശ്വാസികൾ യേശുവെന്ന് വിളിക്കുന്ന ഈസാനബി ഇസ്‌ലാമിക വിശ്വാസപ്രകാരം ലോകത്തുള്ള സകല മനുഷ്യർക്കുമായി അവതരിച്ച ഒരു പ്രവാചകൻ മാത്രമാണെന്നും അദ്ദേഹം സ്വർഗത്തിൽ പോകാനും നരകത്തിൽ പോകാനും കാരണമാവുന്ന വിഷയങ്ങളെല്ലാം പ്രബോധനം ചെയ്‌തെങ്കിലും തന്നെ ആരാധിക്കാനോ പ്രാർത്ഥിക്കാനോ കൽപ്പിച്ചിട്ടില്ലെന്നും അദ്ദേഹം ഏകനായ യഹോവ(ദൈവത്തോട്)യോട് മാത്രം പ്രാർത്ഥിക്കാനാണ് കൽപ്പിച്ചതെന്നും ഇവർ ഓർമിപ്പിക്കുന്നു. ഈ വിശ്വാസം വച്ചു പുലർത്തുന്നത് ക്രിസ്തുമതത്തോടുള്ള അനാദരവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ദൈവത്തെ അതിന്റെ യഥാർത്ഥ അസ്തിത്വത്തിൽ കാണുക മാത്രമാണെന്നും ഇതോട് വിയോജിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോരുത്തർക്കുമുണ്ടെന്നും മതത്തിൽ യാതൊരു നിർബന്ധവുമില്ലെന്നും ഇവർ പറയുന്നു.
എന്നാൽ, ഒരു ബഹുമത സമൂഹത്തിൽ വിവിധ മതവിശ്വാസികളും വിശ്വാസമില്ലാത്തവരും അവരുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കട്ടെയെന്നും ആരും ആരെയും ഒന്നിലും നിർബന്ധിക്കാൻ പാടില്ലെന്നും ഒരാളുടെയും വിശ്വാസങ്ങളെ വ്രണപ്പെടുത്താനോ മൗലികാവകാശങ്ങൾക്ക് തടസ്സമുണ്ടാവാനോ പാടില്ലെന്നും മതസൗഹാർദ്ദം പുലരണമെന്നും വിവിധ മതപണ്ഡിതർ പറയുന്നു. സത്യത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുമ്പോൾ തന്നെ സത്യബോധ്യങ്ങളുടെ ബഹുസ്വരതയെ മാനിക്കണമെന്നതാണ് ഇസ്‌ലാമിക ദർശനത്തിന്റെ കാതലെന്നും മതപണ്ഡിതർ വ്യക്തമാക്കുന്നു.