ഭോപ്പാൽ-സഹോദരന്റെ ഭാര്യയെ യുവാവ് തീകൊളുത്തി കൊന്നു. സഹോദരിയെ തീ കൊളുത്തി കൊല്ലുകയാണാണെന്ന് യുവതിയുടെ സഹോദരനെ ഫോൺ ചെയ്ത് അറിയിച്ച ശേഷമായിരുന്നു ക്രൂരത. മധ്യപ്രദേശിലെ രത്ലം ജില്ലയിലാണ് സംഭവം. നിർമല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് പ്രകാശ് ആറ് മാസം മുമ്പാണ് ആത്മഹത്യ ചെയ്തു. പ്രകാശിന്റെ ജ്യേഷ്ഠൻ സുരേഷാണ് നിർമലയെ തീ കൊളുത്തി കൊന്നത്. തന്റെ അനുജന്റെ ആത്മഹത്യക്ക് കാരണം നിർമലയാണെന്ന് ഇയാൾ കുറ്റപ്പെടുത്താറുണ്ടായിരുന്നു. നിർമലക്ക് രണ്ടു മക്കളാണുള്ളത്. സുരേഷ് യുവതിയെ മർദിക്കുകയും വീടിന് പുറത്തേക്ക് വലിച്ചിറക്കി പെട്രോളൊഴിച്ച് തീകൊളുത്തുകയുമായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചുവെന്ന് പോലീസ് പറഞ്ഞു.
'നിന്റെ സഹോദരിയെ ഞങ്ങൾ തീകൊളുത്തി' എന്ന് പറഞ്ഞ് ഞങ്ങൾക്ക് സുരേഷിൽ നിന്ന് ഫോൺ വന്നു. ഭർത്താവിന്റെ മരണത്തിന് അവർ എന്റെ സഹോദരിയെ കുറ്റപ്പെടുത്താറുണ്ടായിരുന്നു. അവർ അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും നിർമ്മലയുടെ സഹോദരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരേഷിനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.