ഹൈദരാബാദ്- കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍. നിലവില്‍ വ്യാപിക്കുന്ന ജെഎന്‍.1 വകഭേദം അപകടകരമല്ലെന്നാണ് സൂചന. ലോകാരോഗ്യ സംഘടനയും ഈ വകഭേദത്തെ കുറിച്ച് സമാനമായ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്.
ഒമിക്രോണ്‍ വകഭേദമായി ബി.എ.2.86 ആണ് ജ.എന്‍.1 വകഭേദത്തിന്റെ ഉറവിടമെന്ന് ലോകാരോഗ്യ സംഘടന നവംബര്‍ 21 ന് വ്യക്തമാക്കിയിരുന്നു. ഈ വകഭേദത്തിന്റെ വ്യാപനം മിതമായതാണെന്നും നമ്മുടെ ശരീരത്തിലെ ആന്റിബോഡികളെ തകര്‍ത്ത് കഠിനമായ രോഗം ഉണ്ടാക്കാന്‍ ഇത് ശക്തമല്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
അവയവം മാറ്റിവെക്കല്‍ രോഗികളും ഗുരുതരമായ സ്വയം രോഗപ്രതിരോധ രോഗമുള്ളവരും മാത്രമാണ് ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പിലുള്ളത്. ഇവരില്‍ ആറു ശതമാനം പേര്‍ക്ക് മാത്രമേ കൊറോണയില്‍ നിന്ന് ഗുരുതരമായ രോഗം പിടിപെടാന്‍ സാധ്യതയുള്ളൂ എന്നും പറയുന്നു.
കൊറോണ വൈറസിന്റെ ആഘാതം എങ്ങനെയായിരിക്കുമെന്ന് മുന്‍കാലങ്ങളില്‍ അറിയില്ലായിരുന്നു. ഇതുമൂലം ചികിത്സയില്‍ ഉപയോഗിക്കേണ്ട മരുന്നുകളെ സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍, കൊറോണ വൈറസിന്റെ സ്വഭാവം, ശരീരത്തെ ആക്രമിക്കുന്ന രീതി, ചികിത്സാ രീതി, ഉപയോഗിക്കേണ്ട മരുന്ന് എന്നിവയെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. വൈറസിന്റെ ലക്ഷണങ്ങള്‍, ഉപയോഗിക്കേണ്ട മരുന്ന് തുടങ്ങിയ വിവരങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമായിട്ടുമുണ്ട്. ഓക്‌സിജന്‍ സംഭരണം, മരുന്നുകള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ആരോഗ്യ കേന്ദ്രങ്ങളില്‍ സര്‍ക്കാരുകള്‍ മുന്‍കൂട്ടി ഒരുക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ അനാവശ്യ ആശങ്കയുടെ ആവശ്യമില്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. മുന്‍കരുതല്‍ എന്ന നിലയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പല സംസ്ഥാനങങ്ങളിലും ആയിരം പേരില്‍ പോലും നടത്താതിരുന്ന കോവിഡ് പരിശോധന ഇപ്പോള്‍ പതിനായിരങ്ങളില്‍ നടക്കുന്നുണ്ട്. പരിശോധിക്കുന്ന നൂറില്‍ ഒരാള്‍ പോലും പോസിറ്റീവ് അല്ല.
കൊറോണയെക്കുറിച്ചുള്ള സോഷ്യല്‍ മീഡിയ പ്രചാരണത്തില്‍ ആളുകള്‍ കൂടുതല്‍ കൂടുതല്‍ ആശങ്കാകുലരാണ്. നിലവില്‍ കാര്യമായി ഭയപ്പെടാനൊന്നുമില്ലെന്ന് ഐ.എം.എ സയന്റിഫിക് കമ്മിറ്റിയിലെ ഡോ കിരണ്‍ മദാല പറഞ്ഞു. പുതുതായി പ്രചരിക്കുന്ന ജെഎന്‍.1 വകഭേദം അപകടകരമല്ലെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ വ്യക്തമാക്കിയ കാര്യം ഓര്‍ക്കണം. ഈ വകഭേദം ഇന്നലെയോ മിനിയാന്നോ ഉണ്ടായതല്ല. രണ്ടോ മൂന്നോ മാസമായി ഇത് രാജ്യത്ത് പടര്‍ന്നു തുടങ്ങിയിട്ട്. നിലവിലെ തണുത്ത കാലാവസ്ഥ വൈറസുകള്‍ക്ക് അനുകൂലമായതിനാലാണ് ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന ഉദ്ദേശത്തോടെ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നത്. ജോലി ഒഴിവാക്കി വീട്ടില്‍ ഇരിക്കേണ്ട ആവശ്യമില്ലെന്നും കൂടുതല്‍ ശ്രദ്ധിക്കണമെന്ന് തോന്നുന്നവര്‍ മാസ്‌ക് ധരിച്ചാല്‍ മതിയെന്നും ഡോ. കിരണ്‍ മദാല പറഞ്ഞു.