കാളികാവ്-വിവിധ ജില്ലകളിൽ വിവാഹ തട്ടിപ്പ് നടത്തിയ വിവാഹ വീരനെ കാളികാവ് പോലീസ് പിടികൂടി. കുറ്റിപ്പുറം സ്വദേശിയായ പാപ്പിനിശേരി അബ്ദുൾ നാസർ എന്ന കിങ്ങിണി നാസറി (44) നെ എസ്.ഐ വി. ശശിധരന്റെ നേതൃത്വത്തിലുള്ള പോലീസ് ആണ് പിടികൂടിയത്. കാളികാവ് മാളിയേക്കൽ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി നിരവധി യുവതികളെ വഞ്ചിച്ച് സ്വർണാഭരണങ്ങൾ തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. ഇയാൾ നിരവധി കേസിൽ പ്രതിയാണെന്നു പോലീസ് പറഞ്ഞു. ബ്രോക്കർമാർ മുഖനേ വിവാഹപ്രായം കഴിഞ്ഞു നിൽക്കുന്ന സ്ത്രീകളുടെ വീടുകളിലെത്തി അവരെ പരിചയപ്പെട്ട് ഫോൺ നമ്പർ വാങ്ങിയ ശേഷം നിരന്തരം ഫോൺ വഴി ബന്ധം സ്ഥാപിക്കും. തുടർന്നു സ്ത്രീകളുടെ വിശ്വാസം നേടിയ ശേഷം സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയാണ് ചെയ്യുന്നത്. പരിചയപ്പെടുന്ന സ്ത്രീകളുടെ പേരിൽ പുതിയ സിം കാർഡും മൊബൈൽ ഫോണും വാങ്ങും. തുടർന്ന് പുതിയ നമ്പറിൽ മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് തട്ടിപ്പ് തുടരുകയും പിന്നീട് സിം കാർഡും ഫോണും ഉപേക്ഷിക്കുകയുമാണ് പ്രതി ചെയ്യുന്നത്. തെളിവ് നശിപ്പിക്കുന്നതിനാണ് ഈ രീതി തുടരുന്നത്. ഇങ്ങനെ ചെയ്യുന്നതുമൂലം അന്വേഷണം പ്രതിയിലേക്കെത്തുന്നതിനു പോലീസിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. ഇതിനു പുറമെ പണയ സ്വർണം തിരിച്ചെടുക്കാൻ സഹായിക്കുന്ന സ്ഥാപനങ്ങളെയും ആളുകളെയും തേടിപ്പിടിച്ച് ഇരകളിൽ നിന്നു വാങ്ങിയ സ്വർണം പണയം വച്ച രശീതി കാണിച്ച് പണം വാങ്ങി കബളിപ്പിക്കുന്ന രീതിയും പ്രതിക്കുണ്ട്. അബ്ദുൾനാസറിനെതിരേ മലപ്പുറം, പാലക്കാട് ജില്ലകളിലായി നിരവധി സ്റ്റേഷനുകളിൽ
കേസുകളുണ്ട്. ഇയാൾ പല തവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിലവിൽ പയ്യന്നൂർ, പട്ടാമ്പി, കരുവാരക്കുണ്ട് എന്നിവിടങ്ങളിലായി മൂന്നു ഭാര്യമാരും ഒമ്പത് മക്കളുമുണ്ട്. കരുവാരക്കുണ്ടിലുള്ള മൂന്നാം ഭാര്യയുടെ വീട്ടിൽ വച്ചാണ് പ്രതി പിടിയിലായത്. പലരും മാനഹാനി ഭയന്ന് പരാതി നൽകാൻ മടിക്കുന്നതാണ് തട്ടിപ്പുകൾ തുടരാൻ കാരണം. മലപ്പുറം പോലീസ് മേധാവി എസ്.ശശിധരന്റെ നിർദേശപ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി സാജു.കെ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ പോലീസുകാരായ വ്യതീഷ്, ടി. വിനു, പി. രാഹുൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.