ആലപ്പുഴ - പകർച്ചപ്പനിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ജില്ലയിലെ ആരോഗ്യവിഭാഗം. കാലാവസ്ഥ വ്യതിയാനം മൂലമാണെന്ന വിലയിരുത്തലാണെങ്കിലും ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന പനിബാധിതരുടെ എണ്ണം ദിനംതോറും വർധിച്ചുവരുന്നു. ശക്തമായ ചുമയോടു കൂടിയ പനിയാണ് കൂടുതൽ പേരിലും കാണുന്നത്. പനി മാറിയാലും ആഴ്ചകളോളം നിൽക്കുന്ന ചുമയാണ് രോഗികളിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കൊതുകുകൾ വർദ്ധിച്ചതോടെ ഡെങ്കിപ്പനിയും വിവിധയിടങ്ങളിലായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പനി ബാധിച്ച് ആലപ്പുഴ, മാവേലിക്കര ജനറൽ ആശുപത്രികളിലും വിവിധ താലൂക്ക് ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പി.എച്ച്.സികളിലും ചികിത്സ തേടി എത്തുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിലും ഡിസ്‌പെൻസറികളിലും ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ കണക്ക് ഇതിന്റെ പതിന്മടങ്ങാണ്. കുട്ടികളിലും ചമയും പനിയും പടരുന്നതായാണ് വിവരം. പല സ്വകാര്യ ആശുപത്രികളിലും പനി ബാധിതരുടെ തിരക്കാണ്. നിത്യേന നൂറുകണക്കിന് പേരാണ് പനിക്കു ചകിത്സ തേടി എത്തുന്നതെന്നു ഡോക്ടർമാർ പറയുന്നു. ശരീര വേദനയും ചെറിയ പനിയുമാണ് പ്രധാന ലക്ഷണം. തൊണ്ടവേദനയും കഫക്കെട്ടും ഒപ്പം ഉണ്ടാകും. കഫക്കെട്ടും ശരീര വേദനയും ദിവസങ്ങളോളം നീണ്ടു നിൽക്കുന്നതായാണു രോഗബാധിതർ പറയുന്നു. സീസണൽ ഇൻഫ്‌ളുവൻസയാണു ഇപ്പോൾ പടർന്നു പിടിക്കുന്നതെന്നാണു ഡോക്ടർമാർ പറയുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളിൽ ചികിത്സക്കെത്തിയവരിൽ കോവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരും ഉണ്ടായിരുന്നതായി ഡോക്ടർമാർ പറയുന്നു. കോവിഡ് ലക്ഷണവുമായി എത്തുന്നവരോട് പരിശോധന നടത്താൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും പലരും തയാറാകാറില്ല. ഇതുമൂലം കോവിഡ് ബാധിതരുടെ കൃത്യമായ കണക്ക് എടുക്കാനാകില്ല. ഇങ്ങിനെയുള്ളവർക്ക് ആന്റി വൈറൽ ടാബ്‌ലെറ്റ് കൂടി നൽകുകയാണ് ചെയ്യുന്നത്. ആൾക്കൂട്ടത്തിൽ ഇറങ്ങുന്നവർ മാസ്‌ക് വയ്ക്കണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പു നൽകുന്നുണ്ട്. ഉത്സവ കാലമായതിനാൽ പനി ബാധ കൂടുതൽ വ്യാപകമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
മിക്ക ഗവ. ആശുപത്രികളിലും ഡോക്ടർമാരുടെ കുറവ് തിരിച്ചടിയായി മാറിയിട്ടുണ്ട്. നിലവിലുള്ളവർ ലീവെടുത്താൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ തന്നെ സമ്മതിക്കുന്നു. കോവിഡ് ഭീഷണി കൂടി നിലനിൽക്കുന്നതിനാൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തണമെന്നാണ് ആവശ്യം.