ന്യൂദൽഹി- ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകളും ഉപയോഗിച്ച് കാലിഫോർണിയയിലെ ഒരു പ്രമുഖ ഹിന്ദു ക്ഷേത്രം വികൃതമാക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യ. ഹിന്ദു-അമേരിക്കൻ ഫൗണ്ടേഷൻ എക്‌സിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നെവാർക്കിലെ സ്വാമിനാരായൺ മന്ദിർ വാസന സൻസ്തയുടെ ചുവരുകളിലാണ് ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങൾ എഴുതിവെച്ചത്. ഇത്തരം തീവ്രവാദികൾക്ക് ഇടം നൽകരുതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. സാൻ ഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഇതിനകം തന്നെ യുഎസ് അധികാരികളുമായി വിഷയം സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ വാർത്ത കണ്ടു. നിങ്ങൾക്കറിയാവുന്നതുപോലെ ഞങ്ങൾ ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്. ഇന്ത്യയ്ക്ക് പുറത്ത് തീവ്രവാദികൾക്കും വിഘടനവാദ ശക്തികൾക്കും ഇടം നൽകരുത്. അമേരിക്കൻ സർക്കാരിനും പോലീസിനും ഇന്ത്യൻ കോൺസുലേറ്റ് പരാതി നൽകിയിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ജയശങ്കർ പറഞ്ഞു. സംഭവം ഇന്ത്യൻ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് സാൻഫ്രാൻസിസ്‌കോയിലെ ഇന്ത്യൻ എംബസി അഭിപ്രായപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ക്ഷേത്ര ഭരണസമിതിയുടെ വിശദീകരണം. ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഭക്തരിലൊരാൾ, കെട്ടിടത്തിന്റെ പുറം ഭിത്തിയിൽ കറുത്ത മഷിയിൽ ഹിന്ദു വിരുദ്ധവും ഇന്ത്യാവിരുദ്ധവുമായ ചുവരെഴുത്തുകൾ കണ്ടെത്തുകയായിരുന്നു. ഉടൻ പ്രാദേശിക ഭരണകൂടത്തെ വിവരമറിയിച്ചുവെന്ന് ക്ഷേത്രത്തിന്റെ വക്താവ് ഭാർഗവ് റാവൽ പറഞ്ഞു.