Sorry, you need to enable JavaScript to visit this website.

കടം, കാട്ടുപോത്ത്, വേട്ടയാടപ്പെടുന്ന കർഷകർ

ഈയിടെ ഒരൊറ്റ ദിവസം - 2023 മെയ് 19 - കോട്ടയം, കൊല്ലം ജില്ലകളിലായി കാട്ടുപോത്തുകളുടെ ആക്രമണത്തിൽ മൂന്നു പേരാണ് കൊല്ലപ്പെട്ടത്. അന്നു തന്നെ തൃശൂരിൽ രണ്ടു പേരെ കാട്ടുപന്നി ആക്രമിച്ചു. അതേ ദിവസം തന്നെ മലപ്പുറത്ത് യുവാവിനെ കരടിയും ആക്രമിച്ചു. ഒരേ ദിവസം നാലു ജില്ലകളിൽ വന്യജീവികളുടെ ആക്രമണം. വിലപ്പെട്ട മൂന്നു ജീവനുകൾ നഷ്ടമാവുകയും ചെയ്തു. സംഭവം എത്രമാത്രം ഗുരുതരമാണെന്ന് ഇവിടെ വിശദമാക്കേണ്ടതില്ല.
കോട്ടയം കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കണമല സ്വദേശി പുറത്തേൽ ചാക്കോ (65), പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം ആയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിന് ഇരയായത് പ്രവാസിയായ പെരിങ്ങള്ളൂർ കൊടിഞ്ഞാൽ കുന്നുവിള വീട്ടിൽ സാമുവൽ വർഗീസാ (64) ണ്. ദുബായിൽ നിന്ന് നാട്ടിലെത്തിയതിന്റെ തൊട്ടടുത്ത ദിവസം വീടിന് സമീപത്തെ റബർ തോട്ടത്തിൽ നിൽക്കുമ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. 
ഈ മാസം ഒൻപതിന് വയനാട് ജില്ലയിലെ കൂടല്ലൂരിലാണ് മറ്റൊരു ഞെട്ടിക്കുന്ന സംഭവം. കൂടല്ലൂർ കൂടല്ലൂർ മരോട്ടി പറമ്പിൽ കുട്ടപ്പന്റെ മകൻ പ്രജീഷിനെ സ്വന്തം കൃഷിയിടത്തിൽ പുല്ലു ചെത്തിക്കൊണ്ടിരിക്കേ നരഭോജി കടുവ ആക്രമിച്ചു കൊന്നു. ജീവനോടെ പാതി തിന്നു.
ഈ വർഷം ജനുവരിയിലും കടുവയുടെ ആക്രമണത്തിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. മാനന്തവടി പുതുശ്ശേരി സ്വദേശി തോമസാണ് ആക്രമിക്കപ്പെട്ടത്. ഇവരാരും കാടുകയറി ചെന്നവരല്ല. ജനവാസ കേന്ദ്രങ്ങളിലേക്കെത്തിയ കാട്ടുമൃഗങ്ങൾ മനുഷ്യന്റെ ജീവനെടുക്കുകയായിരുന്നു.
പത്തു വർഷത്തിനുള്ളിൽ 51 പേരാണ് സംസ്ഥാനത്ത് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏഴു പേരും കടുവയുടെ ആക്രമണത്തിൽ. 41 പേരെ കാട്ടാനകളും കൊലപ്പെടുത്തി. കൂടുതൽ പേരും വയനാട് സ്വദേശികൾ.
ഈ സംഭവങ്ങളിലൊന്നും ഇരകളാക്കപ്പെട്ടവരുടെ ഉറ്റവർക്ക് ഉചിതമായ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കാട്ടുമൃഗങ്ങളുടെ ശല്യം പ്രതിരോധിക്കാനുള്ള ശക്തമായ നടപടികളുമില്ല. നമ്മുടെ വന്യമൃഗ നിയമങ്ങളെല്ലാം വന്യമൃഗങ്ങളെ സംരക്ഷിക്കാനുള്ളതാണ്. വന്യമൃഗങ്ങളാൽ ആക്രമിക്കപ്പെടുന്ന മനുഷ്യർക്കു സ്വയരക്ഷയ്ക്കു പോലും തിരിച്ചടിക്കാൻ നിയമമില്ല.
കർഷകർക്കു കാട്ടുമൃഗങ്ങളേക്കാൾ ദ്രോഹം കടാശ്വാസ കമ്മീഷന്റേതാണ്. വെള്ളപ്പൊക്കത്തിലും വരൾച്ചയിലും കാട്ടുമൃഗ ശല്യത്തിലും ജീവിത സമ്പാദ്യം മുഴുവൻ തകർന്നടിഞ്ഞ കർഷകരാണ് കേരളത്തിൽ ബഹുഭൂരിഭാഗവും. ഇവർക്കു വേണ്ടി കേന്ദ്ര - സംസ്ഥാന കടാശ്വാസ കമ്മീഷൻ വിധിച്ച നഷ്ടപരിഹാരം പോലും വിതരണം ചെയ്യുന്നില്ല. ഈ വർഷം ആദ്യം കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞ മറുപടി പ്രകാരം സംസ്ഥാന കടാശ്വാസ കമ്മീഷൻ ശുപാർശ ചെയ്ത 158.53 കോടി രൂപ ഇനിയും കർഷകർക്കു കൊടുക്കാനുണ്ട്. വയനാട്ടിൽ പ്രഖ്യാപിക്കപ്പെട്ട 42 കോടി രൂപയിൽ ഒരു നയാപൈസ കൊടുത്തിട്ടില്ല. 
കേരളത്തിലെ കർഷകരുടെ കണ്ണീർത്തുള്ളിയാണ് കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത തകഴി കുന്നമ്മ സ്വദേശി കെ.ജി. പ്രസാദ്. നെല്ലിന്റെ പണമോ ആവർത്തന കൃഷിക്കുള്ള വായ്പയോ നൽകാതെ സർക്കാരും ധനകാര്യ സ്ഥാപനങ്ങളും ചേർന്ന് ഈ ചെറുപ്പക്കാരനെ കൊലപ്പെടുത്തിയെന്നു പറയുന്നതാണ് ശരി. 
ഇത്തരത്തിൽ ജീവിതത്തിനും മരണത്തിനും നടുവിലുള്ള എത്രയെത്ര കർഷകരാണ് കേരളത്തിലുള്ളത്? സംസ്ഥാനത്തെ ഒട്ടുമിക്ക കർഷകരും ആത്മഹത്യ മുനമ്പിലാണ്. കുട്ടനാട്ടിലെയും പാലക്കാട്ടെയും നെൽകർഷകരാണ് അതിൽ നല്ല പങ്കും. 
ഇടുക്കിയിൽ മാത്രം ഒന്നേകാൽ ലക്ഷം കർഷകരാണ് കടക്കെണിയിൽ കുടുങ്ങിക്കിടക്കുന്നത്. വയനാട്ടിലും കുട്ടനാട്ടിലും ആയിരക്കണക്കിന് കർഷകർക്ക് ജപ്തി നോട്ടീസ് കിട്ടിയിട്ടുണ്ട്. വായ്പ തിരിച്ചടവ് മുടങ്ങിയാൽ ഈട് ജപ്തി ചെയ്യാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് അധികാരം നൽകുന്ന സർഫാസി നിയമത്തിനു കൊലക്കയറിന്റെ സ്വഭാവമാണ്. ഇക്കാര്യത്തിൽ അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാര മാർഗങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഗണിക്കേണ്ടതുണ്ട്. 
ഉൽപന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കുക, കോൺഗ്രസ് സർക്കാരുകളുടെ കാലത്തുണ്ടായിരുന്ന വളം, വിത്ത് സബ്സിഡി പുനഃസ്ഥാപിക്കുക, കർഷകർക്ക് ഹ്രസ്വകാല പലിശരഹിത വായ്പ അനുവദിക്കുക എന്നീ കാര്യങ്ങളാണ് അവശ്യം വേണ്ടത്. വനം - വന്യജീവി നിയമങ്ങളിൽ മനുഷ്യന്റെ സുരക്ഷ ഉറപ്പാക്കുന്ന നിയമ നിർമാണവും വേണം. ആ വഴിക്കു പാർലമന്റിന്റെ നിയമ നിർമാണവും കാലം ആവശ്യപ്പെടുന്നു.
വാഴ, ഇഞ്ചി. കപ്പ തുടങ്ങിയ വിളകളുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. അവയ്ക്കൊന്നും താങ്ങുവിലയില്ല. ഉൽപാദനച്ചെലവിന്റെ ചെറിയൊരംശം മാത്രം ഈടാക്കി വിറ്റഴിക്കുകയാണ് കർഷകർ. 
കിലോഗ്രാമിന് 250 രൂപ ലഭിച്ചിരുന്ന റബറിന്റെ വില നൂറു രൂപയിലും താഴേക്കു വന്നപ്പോൾ അന്നത്തെ യു.ഡി.എഫ് സർക്കാർ റബറിന് കുറഞ്ഞത് 150 രൂപ വില ലഭിക്കത്തക്ക വിധത്തിൽ വില സ്ഥിരത ഉറപ്പാക്കി. എന്നാൽ വില സ്ഥിരത 250 രൂപയാക്കാമെന്നു പറഞ്ഞ് അധികാരത്തിൽ കയറിയ ഒന്നാം പിണറായി സർക്കാർ ഇക്കാര്യം മറന്നു. നവകേരള സദസ്സിൽ കേരള കോൺഗ്രസ് എം.പി തോമസ് ചാഴിക്കാടൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി അദ്ദേഹത്തെ ശാസിച്ചിരുത്തുന്നതാണ് കണ്ടത്. നാളികേരം, കുരുമുളക്, ഏലം തുടങ്ങിയ നാണ്യ വിളകളുടെ കാര്യവും ഇതു തന്നെ. 
കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾ നവകേരള സദസ്സ് പോലുള്ള പൊതുവേദികളിൽ ഭരണ കക്ഷി സാമാജികർക്ക്്് പോലും തുറന്നു പറയാൻ കഴിയാത്ത തരത്തിലുള്ള കർഷക ദ്രോഹമാണ് ഇപ്പോഴത്തെ സർക്കാരിന്റെ മുഖമുദ്ര. അതിനവർ വലിയ വില നൽകേണ്ടി വരും.

Latest News