ന്യൂദൽഹി- നിരോധിത ഗ്രൂപ്പായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) ഗൾഫ് രാജ്യങ്ങളിലും മറ്റിടങ്ങളിലുമുള്ള ആയിരക്കണക്കിന് സജീവ പ്രവർത്തകർ വഴി സുസംഘടിതവും ഘടനാപരവുമായ രീതിയിൽ വൻതോതിൽ ഫണ്ട് സ്വരൂപിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് നിലവിൽ തിഹാർ ജയിലിൽ കഴിയുന്ന അഞ്ചു പി.എഫ്.ഐ പ്രവർത്തകരെ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരായ കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കൈകാര്യം ചെയ്യുന്ന മറ്റൊരു ഭീകരാക്രമണക്കേസിൽ ജയിലിൽ കഴിയുന്ന എ. എസ് ഇസ്മായിൽ, മുഹമ്മദ് ഷാക്കിഫ്, അനിസ് അഹമ്മദ്, അഫ്‌സർ പാഷ, ഇ.എം അബ്ദുൾ റഹിമാൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരെ സംബന്ധിച്ച് ഇ.ഡി നൽകിയ കുറ്റപത്രത്തിലുള്ള കാര്യങ്ങൾ ഇവയാണ്.
ഇ എം അബ്ദുൾ റഹിമാൻ: തുടക്കം മുതൽ പിഎഫ്‌ഐയിൽ ഉണ്ടായിരുന്ന അബ്ദുൽ റഹിമാൻ സംഘടനയിൽ വ്യത്യസ്ത സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്, പി.എഫ്.ഐ എടുക്കുന്ന എല്ലാ പ്രധാന പ്രവർത്തനങ്ങളിലും തീരുമാനങ്ങളിലും പ്രധാന പങ്കു വഹിക്കുന്നു. 1979 മുതൽ 1984 വരെ നിരോധിത സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധപ്പെട്ടിരുന്നു.
അനിസ് അഹമ്മദ്: പി.എഫ്.ഐയുടെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അനിസ് അഹമ്മദ് നിർണായക പങ്ക് വഹിച്ചു. പിഎഫ്‌ഐ വക്താവായും പ്രവർത്തിച്ചു. ഓരോ ജില്ലയിൽ നിന്നും പിഎഫ്‌ഐ ശേഖരിക്കുന്ന പണം അതിന്റെ ദേശീയ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ദൽഹിയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് ഫണ്ട് കൂടുതലായി ശേഖരിച്ചത്.
അഫ്‌സർ പാഷ: പി.എഫ്.ഐയിൽ ദേശീയ തലത്തിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പിഎഫ്‌ഐയുടെ സോണൽ മേധാവിയായിരുന്നു. പിഎഫ്‌ഐയുടെ എല്ലാ സാമ്പത്തിക കാര്യങ്ങളിലും അദ്ദേഹത്തിന്റെ അഭിപ്രായം പ്രധാനമാണ്. 2009 മുതൽ 2010 വരെ പിഎഫ്‌ഐ കർണാടക ഘടകത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 2009-ലെ മൈസൂരിലെ വർഗീയ കലാപത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ബെംഗളൂരുവിലെ ഫ്രേസർ ടൗണിലെ കോർപ്പറേഷൻ ബാങ്കിലെ - (ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ) പിഎഫ്‌ഐയുടെ അക്കൗണ്ടിന്റെ നടത്തിപ്പുകാരൻ.
എ എസ് ഇസ്മായിൽ: പിഎഫ്‌ഐയുടെ സ്ഥാപക-അംഗങ്ങളിൽ ഒരാൾ. 2018 മുതൽ 2020 വരെ പിഎഫ്‌ഐയുടെ നോർത്ത് സോണിന്റെ പ്രസിഡന്റായിരുന്നു. പിഎഫ്‌ഐയുടെ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നതിൽ അദ്ദേഹവും പ്രധാന പങ്കുവഹിച്ചു.
മുഹമ്മദ് ഷാക്കിഫ്: കർണാടകയിൽ പിഎഫ്‌ഐയുടെ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2016 മുതൽ 2020 വരെ കർണാടക പിഎഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗവുമായിരുന്നു.